കളിക്കാരുടെ പേര് മറന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍. രാജസ്ഥാനെതിരായ മത്സരത്തിനിടെയാണ് ടീമിൽ വരുത്തിയ മാറ്റങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അശ്വിന്‍ ബുദ്ധിമുട്ടിയത്.
മൊഹാലി: ഐപിഎല്ലില്‍ ടീമിലുള്‍പ്പെടുത്തിയ കളിക്കാരുടെ പേര് മറന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍. രാജസ്ഥാനെതിരായ മത്സരത്തിനിടെയാണ് ടീമിൽ വരുത്തിയ മാറ്റങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അശ്വിന്‍ ബുദ്ധിമുട്ടിയത്. നായകന്‍മാര്‍ക്ക് താരങ്ങളുടെ പേര് മറന്നുപോകുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്.
മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയൽസിനെ 12 റൺസിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് ഗെയ്‌ലും അഗര്‍വാളും അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത് തുടക്കത്തിൽ നേട്ടമായി. ലോകകപ്പ് ടീമിലെത്തിയ കെ എൽ രാഹുല്‍ തുടക്കത്തിൽ ഇഴഞ്ഞെങ്കിലും 50 കടന്നു. ഹെന്‍റിക്കസിന് പരിക്കേറ്റതുകാരണം ടീമിലെത്തിയ ഡേവിഡ് മില്ലര്‍ 27 പന്തില്‍ 40 റൺസ്. അവസാന ഓവറില്‍ അഞ്ഞടിച്ച് 4 പന്തില്‍ 17 റൺസെടത്ത നായകന്‍ അശ്വിന്‍ പഞ്ചാബിനെ 182ലെത്തിച്ചു
ജോസ് ബട്‍ലറും രഹാനെക്ക് പകരം ഓപ്പണറായിറങ്ങിയ രാഹുല്‍ ത്രിപാഠിയും രാജസ്ഥാന് നൽകിയത് മികച്ച തുടക്കം. എന്നാൽ അശ്വിന്‍റെ മങ്കാഡിംഗിന് മറുപടി നൽകാതെ ബട്‌ലര്‍ വീണു. അര്‍ധസെഞ്ച്വറിയിലെത്തിയ ത്രിപാഠിക്കൊപ്പം പൊരുതിയ സഞ്ജു സാംസൺ 27ൽ പുറത്തായത് രാജസ്ഥാനെ ബാക്ക് ഫുട്ടിലാക്കി. മധ്യനിരയിൽ എത്തിയ നായകന്‍ രഹാനെ ഇഴഞ്ഞുനീങ്ങിയതോടെ സമ്മര്‍ദ്ദം ഉയര്‍ന്നു. ബിന്നി ആഞ്ഞടിച്ചെങ്കിലും രാജസ്ഥാന്‍റെ ആറാം തോൽവി തടയാനായില്ല. നാല് ഓവറില്‍ ഒരു ബൗണ്ടറി പോലും വഴങ്ങാതെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് കളിയിലെ താരം.