ഐപിഎല്‍ പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്തില്ലെങ്കില്‍ അത് ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ തിരിച്ചടിയായിരിക്കുമെന്ന് പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അഹമ്മദ് ചൗധരി.
ലാഹോര്‍: ഐപിഎല്‍ 12-ാം എഡിഷന് നാളെയാണ് തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. എന്നാല്‍ ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യില്ല. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം ഇന്ത്യയില്‍ നിരോധിച്ചതാണ് പാക്കിസ്ഥാന്‍റെ പുതിയ നീക്കത്തിന് കാരണം.
'പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്ന സമയത്ത് ഇന്ത്യന്‍ കമ്പനികളും സര്‍ക്കാരും പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ മോശമായാണ് ചിത്രീകരിച്ചത്. അതിനാല്‍ ഐപിഎല്‍ പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ല. ക്രിക്കറ്റും രാഷ്ട്രീയവും രണ്ടായി കൊണ്ടുപോകാനാണ് തങ്ങളുടെ ശ്രമം. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ പട്ടാളത്തൊപ്പിയണിഞ്ഞ് കളിച്ചു. അതിനെതിരെ നടപടിയുണ്ടായില്ല. പാക്കിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്തില്ലെങ്കില്‍ അത് ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ തിരിച്ചടിയായിരിക്കുമെന്നും വാര്‍ത്താവിനിമയ മന്ത്രി ഫവാദ് അഹമ്മദ് ചൗധരി പാക് മാധ്യമങ്ങളോട് വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പി എസ് എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ ചാനലുകള്‍ പിന്‍മാറിയിരുന്നു. സ്‌പോണ്‍സര്‍മാരായ കമ്പനികളും പിന്‍മാറിയത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് കനത്ത തിരിച്ചടിയായിരുന്നു.