പോരിനിറങ്ങും മുമ്പെ മുംബൈക്ക് ആദ്യ തിരിച്ചടി

By Web Team  |  First Published Mar 22, 2019, 11:16 PM IST

രാജ്യത്തിനായി കളിക്കാന്‍ ഐപിഎല്ലില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവെയ്ക്കാന്‍ തയാറാണെന്നും മലിംഗ


മുംബൈ: ഐപിഎല്ലില്‍ ആദ്യ മത്സരത്തിനിറങ്ങും മുമ്പെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. മുംബൈയുടെ ബൗളിംഗ് കുന്തമുനയായ ലസിത് മലിംഗ ഐപിഎല്ലില്‍ മുംബൈയുടെ ആദ്യ  മത്സരങ്ങള്‍ക്കുണ്ടാവില്ല. ശ്രീലങ്കയിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റായ സൂപ്പര്‍ പ്രൊവിന്‍ഷ്യല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാലാണ് മലിംഗയ്ക്ക് മുംബൈയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുന്നത്. മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമില്‍ ഇടം നേടുന്നതിനായാണ് മലിംഗ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

ഏപ്രില്‍ നാലു മുതല്‍ 11 വരെയാണ് ടൂര്‍ണമെന്റ്. ഐപിഎല്ലില്‍ കളിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ മാത്രമെ  ലോകകപ്പ് ടീമിലേക്ക് പരിഗണിക്കൂ എന്ന് അറിയിച്ചതിനാലാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതെന്നും മലിംഗ പറഞ്ഞു. ഏകദിന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തയാറാണെന്നും എന്നാല്‍ ഇക്കാര്യം മുംബൈ ഇന്ത്യന്‍സിനെ അറിയിക്കണമെന്ന് ശ്രീലങ്കന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലിംഗ വ്യക്തമാക്കി.

Latest Videos

രാജ്യത്തിനായി കളിക്കാന്‍ ഐപിഎല്ലില്‍ നിന്നുള്ള വരുമാനം വേണ്ടെന്നുവെയ്ക്കാന്‍ തയാറാണെന്നും മലിംഗ പറഞ്ഞു. ഐപിഎല്ലില്‍ തിരിച്ചെത്തുമ്പോഴേക്കും മുംബൈയുടെ ഏഴോ എട്ടോ മത്സരങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകുമെന്നതിനാല്‍ മുംബൈയോട് തനിക്ക് പകരം മറ്റൊരു കളിക്കാരനെ ടീമിലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മലിംഗ വ്യക്തമാക്കി. ശ്രീലങ്കയുടെ ഏകദിന ടീം നായകനാണിപ്പോള്‍ മലിംഗ. കഴിഞ്ഞ സീസണില്‍ മുംബൈയുടെ ബൗളിംഗ് മെന്ററായിരുന്ന മലിംഗയെ ഇത്തവണ താരലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

click me!