ഐപിഎല്‍ പ്ലേ ഓഫ് വേദികളായി; കലാശപ്പോര് ചെന്നൈയ്ക്ക് നഷ്ടം

By Web Team  |  First Published Apr 22, 2019, 6:41 PM IST

ചെപ്പോക്ക് സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ക്ക് ചെന്നൈ കോര്‍പ്പറേഷന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് മൂലമാണ് ഫൈനലിനുള്ള വേദി നഷ്ടമായത്. 


മുംബൈ: ഐപിഎല്‍ 12-ാം എഡിഷന്‍ ഫൈനല്‍ മെയ് 12ന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന് പകരമാണ് കലാശപ്പോരിനുള്ള വേദിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടിന് നറുക്കുവീണത്. എന്നാല്‍ ആദ്യ ക്വാളിഫയറിന് ചെന്നൈ വേദിയാകും. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും വിശാഖപട്ടണത്താണ് നടക്കുകയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എലിമിനേറ്ററിനും രണ്ടാം ക്വാളിഫയറിനും ഹൈദരാബാദ് വേദിയാകും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മത്സരത്തിന് സുരക്ഷയൊരുക്കാനാവില്ല എന്ന ഹൈദരാബാദ് പൊലീസിന്‍റെ അറിയിപ്പിനെ തുടര്‍ന്നാണ് വിശാഖപട്ടണത്തെ വേദിയായി പരിഗണിച്ചത്. സാധാരണയായി നിലവിലെ ചാമ്പ്യന്‍മാരുടെയും റണ്ണേഴ്‌സ് അപ്പിന്‍റെയും വേദികളെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ക്കുള്ള വേദിയായി പരിഗണിക്കാറ്. 

Latest Videos

undefined

ചെപ്പോക്ക് സ്റ്റേഡിയത്തിലെ മൂന്ന് സ്റ്റാന്‍ഡുകള്‍ക്ക് ചെന്നൈ കോര്‍പ്പറേഷന്‍റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തത് മൂലമാണ് ചെന്നൈക്ക് ഫൈനലിനുള്ള വേദി നഷ്ടമായത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാന്‍ ഒരാഴ്‌ചത്തെ സമയം തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ നല്‍കിയിരുന്നു. എന്നാല്‍ നിശ്ചയിച്ച സമയക്രമത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് കഴിഞ്ഞില്ല എന്നാണ് സൂചന. 

ചെപ്പോക്കിലെ ഒഴിഞ്ഞ സ്റ്റാന്‍ഡുകള്‍ 2012 മുതലുള്ള പ്രശ്‌നമാണ്. 2012 ഡിസംബറില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മാത്രമാണ് ഈ സ്റ്റാന്‍ഡുകളില്‍ കാണികളെ അനുവദിച്ചത്. മൂന്ന് സ്റ്റാന്‍ഡുകളിലുമായി 12,000 കാണികള്‍ക്കുള്ള സൗകര്യമാണുള്ളത്. കാണികളില്ലാത്ത സ്റ്റാന്‍ഡുകള്‍ക്ക് മുന്നില്‍ മത്സരം നടത്തുന്നത് ഫൈനലിന്‍റെ മാറ്റ് കുറയ്‌ക്കും എന്നാണ് ബിസിസിഐ കണക്കുകൂട്ടല്‍. 
 

click me!