ആരും പതറിപ്പോകുന്ന ഘട്ടത്തില്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു പൊള്ളാര്‍ഡ്. മത്സരശേഷം പൊള്ളാര്‍ഡിന്‍റെ പ്രതികരണമിങ്ങനെ...
മുംബൈ: അവിശ്വസനീയമായ ബാറ്റിംഗ് വെടിക്കെട്ടിലൂടെ ടീമിന് വിജയം സമ്മാനിക്കുക, അതും സമ്മര്‍ദം നിറഞ്ഞുനില്‍ക്കുന്ന ഘട്ടത്തില്‍. ഐതിസാഹിക ഇന്നിംഗ്‌സുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് പ്രവചനങ്ങള്‍ മാറ്റിയെഴുതുകയായിരുന്നു. ആരും പതറിപ്പോകുന്ന ഘട്ടത്തില്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി വീരനായി പൊള്ളാര്‍ഡ്.
'മത്സരം ജയിച്ചു എന്നതാണ് പ്രധാനം. സമ്മര്‍ദഘട്ടത്തില്‍ കൂളായി ബാറ്റ് ചെയ്യുകയായിരുന്നു താന്‍. മാച്ച് ഫിനിഷ് ചെയ്യുകയായിരുന്നു ലക്ഷ്യം. അവസാന പന്തുവരെ ശാന്തനായി നില്‍ക്കാനായിരുന്നു ശ്രമിച്ചത്. ടീമംഗങ്ങള്‍ എല്ലാവരും മികച്ചുനിന്നു. അതിനാലാണ് ക്രിക്കറ്റ് ടീം ഗെയിമാകുന്നത്'. മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് പൊള്ളാര്‍ഡ് പറഞ്ഞു.
എട്ടാം ഓവറില്‍ മുംബൈ സ്‌കോര്‍ ബോര്‍ഡില്‍ 56 റണ്‍സ് ഉള്ളപ്പോഴാണ് പൊള്ളാര്‍ഡ് ക്രീസില്‍ വരുന്നത്. എന്നാല്‍ 31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍് മുംബൈയ്ക്ക് മൂന്ന് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം സമ്മാനിച്ചു. സ്കോര്‍- കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ കെ എല്‍ രാഹുലും(100) ക്രിസ് ഗെയ്‌ലുമാണ്(63) മികച്ച സ്കോറിലെത്തിച്ചത്.