. നെറ്റ്സില്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാനായി പരിശീലനം നടത്താറുണ്ടെന്ന് ഡല്‍ഹിക്കെതിരായ മത്സരശേഷം പാണ്ഡ്യ പറഞ്ഞു.
മുംബൈ: ഡല്‍ഹി ക്യാപിറ്റില്‍സിനെതിരെ മുംബൈയെ വിജയത്തിലെത്തിച്ചത് പാണ്ഡ്യ സഹോദരന്‍മാരുടെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. ചേട്ടന്‍ ക്രുനാല്‍ പാണ്ഡ്യ നങ്കൂരമിട്ട് കളിച്ചപ്പോല്‍ അനുജന്‍ ഹര്‍ദ്ദിക് പാണ്ഡ്യ അടിച്ചുതകര്‍ത്തു. 15 പന്തില്‍ 32 റണ്‍സെടുത്ത ഹര്‍ദ്ദിക് മൂന്ന് സിക്സറും രണ്ട് ബൗണ്ടറിയും പറത്തി. ഇതില്‍ ഒരു സിക്സര്‍ ധോണിയുടെ ട്രേഡ് മാര്‍ക്ക് ഷോട്ടായ ഹെലികോപ്റ്റര്‍ ഷോട്ടായിരുന്നു.
മുമ്പ് ചെന്നൈക്കെതിരായ മത്സരത്തിലും ധോണിയുടെ മുന്നില്‍ പാണ്ഡ്യ ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചിട്ടുണ്ട്. നെറ്റ്സില്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കാനായി പരിശീലനം നടത്താറുണ്ടെന്ന് ഡല്‍ഹിക്കെതിരായ മത്സരശേഷം പാണ്ഡ്യ പറഞ്ഞു. ഏതെങ്കിലും ഒരു മത്സരത്തില്‍ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുമെന്നോ അതേക്കുറിച്ച് ധോണിയോട് അഭിപ്രായം ആരായുമെന്നോ ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല.
ഒരിക്കല്‍ ഞാന്‍ കളിച്ച ഹെലികോപ്റ്റര്‍ ഷോട്ടിനെക്കുറിച്ച് ധോണിയുടെ മുറിയില്‍ ചെന്ന് ഞാന്‍ അഭിപ്രായം ചോദിച്ചിരുന്നു. നന്നായിരിക്കുന്നു എന്നായിരുന്നു ധോണിയുടെ മറുപടിയെന്ന് പാണ്ഡ്യ പറഞ്ഞു. ഈ സീസണില്‍ മികച്ച രീതിയില്‍ കളിക്കാനാകുന്നുണ്ടെന്നും ഇതേരീതിയില്‍ സീസണ്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും പാണ്ഡ്യ പറഞ്ഞു.