ഐപിഎല്‍ നോക്കി കോലിയെ വിലയിരുത്തരുത്; വിമര്‍ശകരെ തള്ളി മുന്‍ നായകന്‍

By Web Team  |  First Published Apr 9, 2019, 11:08 AM IST

'ഒരു താരത്തിന്‍റെ പ്രകടനം വിലയിരുത്താന്‍ ഐപിഎല്‍ മാനദണ്ഡമല്ല. വിരാട് എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ്'.


മുംബൈ: ആകാശ് ചോപ്രയ്ക്ക് പിന്നാലെ വിരാട് കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ഐപിഎല്‍ നോക്കി വിരാട് കോലിയെ വിലയിരുത്തരുത്. ഒരു താരത്തിന്‍റെ പ്രകടനത്തെ വിലയിരുത്താന്‍ ഐപിഎല്‍ മാനദണ്ഡമല്ല. വിരാട് എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളാണ്. നായകനെന്ന നിലയില്‍ കോലി വളരുകയാണ്. ഒരിക്കല്‍ അയാളില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ എക്കാലത്തും പിന്തുണയ്ക്കണമെന്നു വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. 

കോലി ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടുന്നു. ലോകകപ്പില്‍ ഇന്ത്യ അവസാന നാലില്‍ എത്താനുള്ള സാധ്യതകളുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് ലൈനപ്പാണ് ഇപ്പോഴത്തേത്. ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യുക അത്ര എളുപ്പമല്ല. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍മാരായ ഓസ‌ട്രേലിയയുമാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍. കോലിയും രോഹിതും ഒഴികെയുള്ള ബാറ്റിംഗ് നിര ഇന്ത്യ ശക്തമാക്കണമെന്നും വെങ്‌സര്‍ക്കാര്‍ പറഞ്ഞു. 

Latest Videos

കോലി മികച്ച ഫോമിലണ്. രോഹിത് ക്ലാസ് പ്രകടനം കാട്ടുന്നു. എന്നാല്‍ ഈ രണ്ട് ബാറ്റ്സ്‌മാന്‍മാര്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാവില്ല. ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് തിളങ്ങാനാകും. അഗര്‍വാള്‍ ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചിരുന്നു. മൂന്ന് പേരും മികച്ചവരാണ്. എന്നാല്‍ ഐപിഎല്‍ പ്രകടനം നോക്കി ആരെയും വിലയിരുത്താന്‍ കഴിയില്ലെന്നും വെങ്‌സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

click me!