കാര്‍ത്തിക് നായകനായും ബാറ്റ്സ്മാനായും നിരാശപ്പെടുത്തി; ശകാരിച്ച് മുന്‍ താരം

By Web Team  |  First Published Apr 23, 2019, 9:46 AM IST

ഫോമിലുള്ള സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറക്കുന്നത് അടക്കം കാര്‍ത്തിക്കിന് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 


കൊല്‍ക്കത്ത: ഐപിഎല്ലില്‍ മോശം പ്രകടനമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക് തുടരുന്നത്. നായകനായും ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന് തിളങ്ങാനായില്ല. നിരാശപ്പെടുത്തുന്ന കാര്‍ത്തിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നു മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ഉയര്‍ച്ചയില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രകടനം നിര്‍ണായകമായി. എന്നാല്‍ ഈ സീസണില്‍ കാര്‍ത്തിക്കിന് അത് തുടരാനായില്ല. വേണ്ടത്ര റണ്‍സ് കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ തന്ത്രങ്ങളിലും വീഴ്‌ചപറ്റിയെന്നും ചോപ്ര ട്വീറ്റ് ചെയ്തു. ഫോമിലുള്ള സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറക്കുന്നത് അടക്കം കാര്‍ത്തിക്കിന് നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

Last season, DK was instrumental in ’s rise. Unfortunately, he isn’t pulling his weight in the side this season. Not enough runs. In the last few games, tactically a little off the mark too...

— Aakash Chopra (@cricketaakash)

Latest Videos

ഈ സീസണില്‍ 10 മത്സരങ്ങളില്‍ 117 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാനായത്. 17ല്‍ താഴെ മാത്രം ശരാശരിയുള്ളപ്പോള്‍ 119 ആണ് സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ 498 റണ്‍സ് കാര്‍ത്തിക് നേടിയിരുന്നു. കാര്‍ത്തിക് കൊല്‍ക്കത്തയെ മൂന്നാം സ്ഥാനത്ത് കഴിഞ്ഞ സീസണില്‍ എത്തിച്ചു. എന്നാല്‍ 12-ാം സീസണില്‍ കാര്‍ത്തിക്കിന് കീഴില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വി കൊല്‍ക്കത്ത ഏറ്റുവാങ്ങി. കാര്‍ത്തിക്കിന്‍റെ മോശം ഫോം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്.  
 

click me!