കുട്ടിക്കാലം മുതൽ കൂടെയുള്ള പാവയെ വിദേശ യാത്രയിൽ കാണാതായി; 44,000 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവാവ്

By Web TeamFirst Published Jul 2, 2024, 2:56 PM IST
Highlights

അധികം വലിപ്പമില്ലാത്ത പാവയെ ആരെങ്കിലും പേഴ്സാണെന്ന് കരുതി എടുത്തുകൊണ്ടു പോയതാവുമെന്നായിരുന്നു യുവാവിന്റെ ധാരണ. പാവയെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു.

ബെയ്ജിങ്: ഏറ്റവും പ്രിയങ്കരമായ വസ്തുക്കൾക്കു വേണ്ടി എത്ര പണവും സമയവും ചെലവഴിക്കാൻ മടിയില്ലാത്തവരാണ് പലരും. സാധനങ്ങളുടെ കേവല മൂല്യത്തെക്കാൾ ഉപരി അവയോടുള്ള വൈകാരിക അടുപ്പമായിരിക്കും പലപ്പോഴും അതിന് കാരണം. ഇത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്. ചൈനീസ് പൗരനായ യുവാവാണ് തന്റെ കാണാതായ പാവക്കുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയത്. ഒടുവിൽ അതുകൊണ്ട് കാര്യമുണ്ടാവുകയും ചെയ്തു.

ഇക്കഴിഞ്ഞ മാസമാണ് സംഭവം. 30ൽ താഴെ പ്രായമുള്ള ചൈനീസ് യുവാവ് ബാഴ്സലോണയിലെ മെട്രോ ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് താൻ കുട്ടിക്കാലം മുതൽ കൊണ്ടുനടക്കുന്ന പാവക്കുട്ടിയെ നഷ്ടമായതായി മനസിലാക്കിയത്. അധികം വലിപ്പമില്ലാത്ത പാവയെ ആരെങ്കിലും പേഴ്സാണെന്ന് കരുതി എടുത്തുകൊണ്ടു പോയതാവുമെന്നായിരുന്നു യുവാവിന്റെ ധാരണ. പാവയെ കണ്ടെത്താനുള്ള തെരച്ചിൽ ആരംഭിച്ചു. പൊതുജനങ്ങളുടെ സഹായം തേടി. 500 യൂറോ (44,637 ഇന്ത്യൻ രൂപ) ആണ് പാവയെ കണ്ടെത്തിക്കൊടുക്കുന്നവ‍ർക്ക് സമ്മാനം പ്രഖ്യാപിച്ചത്. 

തന്റെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന തന്റെ തുടർ യാത്രാ പദ്ധതികളൊക്കെ മാറ്റിവെച്ച് പാവക്കായി രംഗത്തിറങ്ങി. ബാഴ്സലോണയിൽ തന്നെ താമസിച്ച് വ്യാപകമായ അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു ദിവസത്തെ തെരച്ചിലിനൊടുവിൽ മെട്രോ സ്റ്റേഷനിലെ ഒരു ശുചീകരണ തൊഴിലാളിക്ക് പാവയെ കിട്ടി. ഇയാൾ തിരിച്ച് ഏൽപിക്കുകയും ചെയ്തു. 

കണ്ണൂരോടെയാണ് യുവാവ് പാവയെ ഏറ്റുവാങ്ങാനെത്തിയത്. തൊഴിലാളിയോട് നന്ദി പറഞ്ഞു. പലർക്കും പാവയുടെ വില മനസിലാവില്ലെന്നും തനിക്ക് അത് ജോലിയെക്കാളും നേടിയ ബിരുദങ്ങളെക്കാളും തനിക്കുള്ള എല്ലാ സ്വത്തുക്കളെക്കാളും പ്രധാന്യമുള്ളതാണെന്നും യുവാവ് പറഞ്ഞു. തന്റെ ജീവിതത്തിൽ ഈ പാവയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും പോകുന്നിടത്തെല്ലാം അതിനെ കൊണ്ടുപോകാറുണ്ടെന്നും യുവാവ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!