
വാഷിങ്ടൺ: പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് കാരണക്കാരായവരെ വേട്ടയാടാൻ ഒപ്പമെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച എക്സ് കുറിപ്പിലാണ് യുഎസ് ഇന്റലിജൻസ് മേധാവ് തുൾസി ഗബ്ബാര്‍ഡ് ഇക്കാര്യം വ്യക്താക്കിയത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ഇന്ത്യയുടെ നീക്കത്തിൽ അമേരിക്കയുടെ പിന്തുണയുണ്ടാകും. പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദികൾ നിയമത്തിന് മുന്നിൽ വരണമെന്നും തുൾസി പറഞ്ഞു. ഇന്ത്യക്ക് പൂര്‍ണ പിന്തുണ അറിയിച്ചായിരുന്നു അമേരിക്കൻ ഇന്റലിജൻസ് മേധാവിയുടെ പോസ്റ്റ്.
മതം ചോദിച്ചുറുപ്പിച്ച് വേര്‍തിരിച്ച് നടത്തിയ കൂട്ടക്കൊലയിൽ ഒരു വിദേശ പൗരൻ അടക്കം 26 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. തീര്‍ത്തും ഹീനമായ ആക്രമണത്തെ ലോകം മുഴുവൻ അപലപിക്കുകയാണ്. കശ്മീരിൽ പാക്കിസ്ഥാനെതിരായ വ്യാപകമായ പ്രതിഷേധത്തിനും പുതിയ സംഭവം വഴിയൊരുക്കി. ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികളുമായുള്ള പാക് ബന്ധം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പാക് അധിനിവേശ കശ്മീര്‍ പ്രദേശങ്ങളിൽ നിന്നാണ് തീവ്രവാദികൾ ആക്രമണത്തിന് എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടന ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള സംഘടനയാണിത്.
ആക്രമണത്തിൽ പങ്കില്ലെന്നാണ് പാക്കിസ്ഥാൻ പറഞ്ഞെങ്കിലും, ആക്രമണത്തിന് ശേഷം 1960ലെ സിന്ധു നദീജല കരാർ ഉടനടി നിർത്തിവച്ചുകൊണ്ടാണ് ഇന്ത്യ ശക്തമായ നടപടി ആരംഭിച്ചത്. പാക് പൗരന്മാരുടെ വിസ താൽക്കാലികമായി നിർത്തിവയ്ക്കുക, നയതന്ത്ര ദൗത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, അട്ടാരി അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. നയതന്ത്ര സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഇന്ത്യയുടെ പ്രത്യാക്രമണ ഭയത്തിലാണ് പാക്കിസ്ഥാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam