Year Ender 2024: അസ്ഥിരതകൾ അവസാനിക്കാത്ത വര്‍ഷം; 2024-ൽ ലോകം ശ്രദ്ധിച്ച അഞ്ച് ആഭ്യന്തര കലഹങ്ങൾ

By Web Team  |  First Published Dec 23, 2024, 10:46 PM IST

വര്‍ഷങ്ങളായി തുടങ്ങിയ സുഡാനിലെ ആഭ്യന്തര കലാപവും സിറിയൻ യുദ്ധവും ഒപ്പം പാക്കിസ്ഥാൻ, ജോര്‍ജിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഈ വര്‍ഷം നടന്ന സംഘര്‍ഷങ്ങളും പരിശോധിക്കാം.
 


ലോക രാജ്യങ്ങളിൽ യുദ്ധഭീതിക്കൊപ്പം വലിയ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിക്കുന്ന ഒന്നാണ് ആഭ്യന്തര കലഹങ്ങൾ. ചില രാജ്യങ്ങൾ വര്‍ഷങ്ങളായി തുടരുന്ന യുദ്ധ ദുരിതങ്ങളേക്കാൾ വലുതാണ് രാജ്യത്തിനകത്ത് പ്രതിഷേധങ്ങളിൽ തുടങ്ങി കൂട്ടക്കുരുതികളിലേക്ക് നയിക്കുന്ന ആഭ്യന്തര കലഹവും യുദ്ധങ്ങളും. വര്‍ഷങ്ങളായി തുടങ്ങിയ സുഡാനിലെ ആഭ്യന്തര കലാപവും സിറിയൻ യുദ്ധവും ഒപ്പം പാക്കിസ്ഥാൻ, ജോര്‍ജിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഈ വര്‍ഷം നടന്ന സംഘര്‍ഷങ്ങളും പരിശോധിക്കാം.

സുഡാൻ

Latest Videos

undefined

ലോകത്ത് വലിയ പ്രതിഫലനം ഉണ്ടാക്കിയ ആഭ്യന്തര കലഹമാണ് സുഡാനിലേത്. 2023 ഏപ്രിൽ 15ന് തുടങ്ങിയ ആഭ്യന്തര സംഘര്‍ഷം രണ്ടാം വര്‍ഷത്തിൽ എത്തി നിൽക്കുകയാണ്. ഇതുവരെ കലാപ ഫലമായി 15000 ആളുകൾ കൊല്ലപ്പെടുകയും 8.2 ദശലക്ഷത്തിലധികം ആളുകൾ പാലായനം ചെയ്യുകയുമുണ്ടായെന്നാണ് കണക്കുകൾ. ഛാഡ്, എത്യോപ്യ, ദക്ഷിണ സുഡാൻ എന്നീ തീര്‍ത്തും സുരക്ഷിതമല്ലാത്ത ഇടങ്ങളിലേക്ക് പോലും ഏകദേശം രണ്ട് ദശലക്ഷം കുടിയിറക്കപ്പെട്ടുവെന്നാണ് കണക്ക്. 25 ദശലക്ഷത്തിലധികം ആളുകൾ അഭയാര്‍ത്ഥികളാകുമെന്നും ഇവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാൻ തയ്യാറാകണമെന്നും യുഎൻ അഭ്യര്‍ത്ഥിക്കുന്നു. ലോകത്തെ ഏറ്റവും വലിയ പട്ടിണിയുടെ പ്രതിസന്ധിയാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നാണ് യുഎൻ റിപ്പോര്‍ട്ട്.

2023 ഏപ്രിലിൽ  സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിൽ രണ്ട് സായുധ വിഭാഗങ്ങൾ തമ്മിൽ അധികാര പോരാട്ടം തുടങ്ങിയതോടെയാണ് സുഡാനിലെ അവസ്ഥ മോശമായത്. ഈ സംഘര്‍ഷം പതിയെ ആഭ്യന്തരയുദ്ധത്തിലേക്ക് എത്തുകയായിരുന്നു. സുഡാനീസ് ആംഡ് ഫോഴ്‌സിന്റെ (എസ്എഎഫ്) നേതാക്കളും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എന്നറിയപ്പെടുന്ന ശക്തമായ അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടമാണ് സംഘർഷത്തിന് കാരണം. ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാനും മുഹമ്മദ് ഹംദാൻ 'ഹെമെഡി' ദഗാലോ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ഗ്രൂപ്പുകളും ഭരണത്തിൽ അധികാരത്തിനായി പോരടിക്കുകയാണ്. ദീര്‍ഘ കാല ആവശ്യമായ ജനാധിപത്യ സ്ഥാപനത്തിന് വിദൂര സാധ്യതകൾ പോലും നിലവിൽ ഇവിടെ കാണാൻ കാഴിയുന്നില്ലെന്നതാണ് ദുഖകരമായ വസ്തുത.

ബംഗ്ലാദേശ്

170 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നാലാമത്തെ വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ 76 കാരി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് വരെ എത്തിയ ആഭ്യന്തര സംഘര്‍ഷത്തിന്റെ തുടക്കം ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിൽ നിന്നായിരുന്നു. ആഴ്ചകളോളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ഓഗസ്റ്റ് 5 ന് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 2024 ജൂണിൽ പരമോന്നത കോടതി 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിലെ വിമുക്തഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത ക്വാട്ട പുനഃസ്ഥാപിച്ചതാണ് ബംഗ്ലാദേശിലെ കലഹങ്ങളുടെ തുടക്കം. 1971 പാകിസ്താനെതിരെ നടന്ന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം പുനഃസ്‌ഥാപിച്ചതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2018ൽ ഷെയ്ഖ് ഹസീന സർക്കാർ ഈ സംവരണം റദ്ദാക്കിയിരുന്നു എന്നാൽ വിമുക്ത ഭടന്മാർ കോടതിയെ സമീപിക്കുകയായിരുന്നു. 

നീണ്ട നാളത്തെ വാദങ്ങൾക്കൊടുവിൽ ഹർജിക്കാരുടെ ആവശ്യം പരമോന്നത കോടതി അംഗീകരിച്ചു. ഈ ക്വാട്ട ഏർപ്പെടുത്തിയിരിക്കുന്നത് വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ, നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് ഈ സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്നും  പ്രതിഷേധക്കാർ ആരോപിച്ചു. സർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകർ  പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. 1996 മുതല്‍ 2001 വരെയുള്ള കാലയളവിനുശേഷം, 2009 ലാണ് ഷെയ്ഖ് ഹസീന വീണ്ടും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. പിന്നീട് ഒരു ഘട്ടത്തിലും അവർക്ക് അടിതെറ്റിയിട്ടില്ല. ലോകത്തിൽ തന്നെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വനിതാ രാഷ്ട്ര മേധാവിയെന്ന റെക്കോര്‍ഡും ഷെയ്ഖ് ഹസീനയ്ക്കുണ്ടായിട്ടും,രാജ്യത്ത് കത്തിപ്പടരുന്ന യുവജന പ്രക്ഷോഭത്തിൽ കാലിടറുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ പ്രശ്നം നിലനിൽക്കുമ്പോൾ സ്ഥാപിക്കപ്പെട്ട സംവരണം വിദ്യാര്‍ത്ഥികളെ കൈവിട്ട പ്രതിഷേധത്തിലേക്ക് തള്ളിവിട്ടു. ഒടുവിൽ ജൂലൈ അവസാനത്തോടെ സുപ്രീം കോടതി സംവരണ ക്വാട്ട 5 ശതമാനം ആയി കുറച്ചു. എന്നാൽ ഒരു തിരിച്ചുവരവ് സാധ്യമാകുന്നതിനപ്പുറത്തേക്ക് ഏറെ വൈകിപ്പോയിരുന്നു ഈ തീരുമാനത്തിലെത്താൻ. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള അക്രമം വർധിച്ചു വന്നു. തടവിലാക്കിയ വിദ്യാർത്ഥി നേതാക്കളെ മോചിപ്പിക്കാൻ ഹസീന വിസമ്മതിച്ചു. ഇതും പ്രകോപനത്തിന് കാരണമായി. പ്രതിഷേധക്കാരെ 'റസാക്കാർ' (1971-ൽ ബംഗ്ലാദേശ് സ്വാതന്ത്ര്യത്തെ എതിർക്കുകയും പാക് സൈന്യത്തിന്റെ പക്ഷം ചേരുകയും ചെയ്തവര്‍ക്കുള്ള വിശേഷണം) എന്ന് വിശേഷിപ്പിച്ച ഹസീന പ്രതിഷേധത്തിന് കൂടുതൽ ആക്കം കൂട്ടി. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 600 ഓളം പേരുടെ മരണത്തിന് ഉത്തരവാദിയായി പ്രതിഷേധക്കാർ  ഹസീനയെ കണ്ടു. വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ ലക്ഷ്യത്തിനപ്പുറത്തേക്ക് പ്രക്ഷോഭം ഹസീനയെ ലക്ഷ്യമിട്ടുള്ളതായി പരിണമിച്ചു. പ്രതിഷേധം നിയന്ത്രിക്കാൻ ഹസീന കർഫ്യൂ പ്രഖ്യാപിക്കുകയും രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം ആവർത്തിച്ച് നിര്‍ത്തലാക്കുകയും ചെയ്തു. 11,000-ത്തിലധികം പ്രതിഷേധക്കാരെ ജയിലിലടച്ചു. ഇതിന് പുറമെ കർഫ്യൂ നടപ്പാക്കാൻ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കാനുള്ള ഹസീനയുടെ ഉത്തരവ് സൈന്യം നിരസിച്ചു. പിന്നാലെ സൈന്യം ഹസീനയ്ക്കുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ ഓഗസ്റ്റ് അഞ്ചിന്, രോഷാകുലരായ നിരവധി പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൈയ്യേറിയതോടെ ഹസീന ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

പാക്കിസ്ഥാൻ

സാമൂഹിക സാമ്പത്തിക അസ്ഥിരതകളിൽ പൊറുതിമുട്ടുന്നതിനിടെ ആയിരുന്നു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ ഇസ്ലാമാബാദിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.  പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മോചനമാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഇസ്ലാമാബാദിൽ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. അവസാന ശ്വാസം വരെ പോരാടാൻ  ഇമ്രാൻ ഖാൻ അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് ആയിരുന്നു പ്രക്ഷോഭത്തിന് പിന്നിൽ. പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്ലാമാബാദിൽ ലോക്ക്ഡൌണ്‍ ഏർപ്പെടുത്തിയിരുന്നു. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് പൊലീസ് അടച്ചു.

മൊബൈൽ ഫോൺ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. എന്നിട്ടും ഇസ്ലാമാബാദിനെ സ്തംഭിപ്പിച്ച് പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധക്കാർ സുരക്ഷാസേനയുമായി ഏറ്റുമുട്ടി. പൊലീസ് അടച്ച റോഡുകൾ ബലം പ്രയോഗിച്ച് തുറന്നായിരുന്നു ഇമ്രാൻ അനുകൂലികൾ മാർച്ച് നടത്തിയത്.  ഇമ്രാന്‍റെ ഭാര്യ ബുഷ്റയും റാലിയിൽ അണിചേർന്നു. ഇതിനിടെ ആയുധം കയ്യിലുള്ള പ്രക്ഷോഭകരെ കണ്ടാൽ വെടിവയ്ക്കാൻ സർക്കാർ ഉത്തരവിടുകയായിരുന്നു. പ്രതിഷേധക്കാർ സഞ്ചരിച്ച വാഹനം ഇടിച്ചു കയറി സുരക്ഷാ സേനയിലെ നാല് പേർ കൊല്ലപ്പെട്ടത്. വിവിധ ആക്രമണങ്ങളിലായി മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും കൊല്ലപ്പെട്ടുവെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ ആയിരുന്നു പാകിസ്ഥാനെ സ്തംഭിപ്പിച്ച് ഇമ്രാൻ ഖാൻ അനുകൂലികൾ പ്രക്ഷോഭം നടത്തിയത്. മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തലസ്‌ഥാനമായ ഇസ്ലാമാബാദിലേക്ക് മാർച്ച് ചെയ്തത്.  അഴിമതി കേസിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് 72കാരനായ ഇമ്രാൻ ഖാൻ. പ്രക്ഷോഭം അടിച്ചമര്‍ത്താൻ കടുത്ത നടപടികളാണ് സുരക്ഷാ സേനയും സര്‍ക്കാരും കൈകൊണ്ടത്.

ജോര്‍ജിയ

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ചർച്ചകൾ 2028 വരെ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് ജോർജിയയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടിയുടെ തീരുമാനത്തിനെതിരായി പതിനായിരങ്ങൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഒക്ടോബർ 26-ന് ജോർജിയയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം യൂറോപ്യൻ പാർലമെന്റ് അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ചകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് പോപ്പുലിസ്റ്റ് ഡ്രീം പാർട്ടിയുടെ ചെയർമാനുമായ പ്രധാനമന്ത്രി ഇറാക്ലി കൊബാഖിഡ്സെ പറഞ്ഞിരുന്നു. യൂറോപ്യൻ പാർലമെൻ്റും ചില യൂറോപ്യൻ നേതാക്കളും ബ്ലാക്ക് മെയിൽ ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.  തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ചാണ് ഫലം യൂറോപ്യൻ യൂണിയൻ തള്ളിയത്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ഇറാക്ലി കൊബാഖിഡ്സെ നിരസിച്ചു. പിന്നാലെ ജനം തെരുവിലിറങ്ങുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ വരെ പ്രതിഷേധത്തിൽ അണി ചേർന്നു. 2022 മാർച്ചിലാണ് ജോർജിയ യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷിച്ചത്. 2017 മുതൽ ഇയുവിൽ അംഗമാകുക എന്ന ലക്ഷ്യം ജോർജിയയുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. 2024 അവാനിക്കുമോപോഴും ജോര്‍ജിയയിൽ പ്രതിഷേദം തുടരുകയാണ്. നിരവധി പേര്‍ തടവുകാരായി.ഒപ്പം പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ പ്രതിഷേധത്തെ ആളിക്കത്തിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇറാക്ലി പ്രഖ്യാപിച്ചെങ്കിലും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം അദ്ദേഹം തള്ളിയതോടെ ജോര്‍ജയിയിൽ അനിശ്ചിതത്വം തുടരുകയാണ്.

സിറിയ

2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് സിറിയ സാക്ഷ്യം വഹിച്ചത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. സിറിയയുടെ ഭരണം ഒടുവിൽ വിമത സായുധ സംഘം സിറിയൻ ഭരണം പിടിച്ചെടുത്തത് ഡിസംബര്‍ എട്ടോടെ ആയിരുന്നു. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടോടി റഷ്യയിൽ അഭയം പ്രാപിച്ചു. ഇറാന്റെ പിന്തുണയുള്ള സിറിയൻ ഭരണകൂടം നിലംപതിച്ചതിനെ പാശ്ചാത്യ രാജ്യങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. ഇറാനെതിരായ തങ്ങളുടെ ശക്തമായ നിലപാടാണ് സിറിയൻ സർക്കാരിനെ വീഴ്ത്തിയതെന്ന് ഇസ്രയേലും അവകാശപ്പെടുന്നു. അസദ് കുടുംബത്തിന്റെ 54 വർഷത്തെ ഭരണത്തിന്റെ അടിത്തറയിളക്കിയ വിമതരുടെ മിന്നൽ നീക്കം ഫലം കണ്ടത് വെറും പതിനൊന്ന് നാളുകൾ കൊണ്ടാണ്. നവംബർ 27ന് തുടങ്ങി ഡിസംബർ എട്ടിന് അവസാനിപ്പിച്ചു. കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ ജനം കണ്ണിൽ കണ്ടതെല്ലാം കൊള്ളയടിച്ചു. അസദ് സർക്കാരിന്  ഉറച്ച പിന്തുണ നൽകിയിരുന്ന ഇറാന്റെ എംബസിയും വിമതർ കയ്യേറുകയും ചെയ്തു. ദീർഘ കാലം അൽഖായിദയുടെ ഉപവിഭാഗമായി പ്രവർത്തിച്ച സായുധ സംഘമാണ് ഭരണം പിടിച്ചത് എന്നത് സിറിയയുടെ ഭാവി എന്തെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

1970-ലാണ് ഇന്ന് സ്ഥാനം തെറിച്ച പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പിതാവും പ്രതിരോധമന്ത്രിയുമായിരുന്ന ഹാഫിസ് അൽ അസദ് അധികാരം പിടിച്ചെടുത്ത് പ്രധാനമന്ത്രിയാകുന്നത്. 1971 മാർച്ചിൽ പ്രസിഡണ്ടായി സ്വയം പ്രഖ്യാപിച്ചു. മരണം വരെ പ്രസിഡന്റായി തുടരുകുയം ചെയ്തു. 2000 ജൂൺ 10-ന് ഹാഫിസിന്റെ മരണത്തിന് ശേഷമാണ് മകനും ബാഷർ അൽ അസദ് പിൻഗാമിയായി അധികാരത്തിലേറി.  54 വർഷം സിറിയ അടക്കിഭരിച്ച അസദ് കുടുംബം എതിർ ശബ്ദങ്ങളെ ക്രൂരമായി അടിച്ചമർത്തിയായിരുന്നു അധികാരം നിലനിർത്തിയത്. ഭരണത്തിനെതിരെ വിരൽചൂണ്ടുന്നവരെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക ജയിലുകളിൽ അടക്കുകയായിരുന്നു പതിവ്. അത്തരം 27 ജയിലുകളാണ് സിറിയയിൽ ആകെയുണ്ടായിരുന്നത്.. അതിൽ തന്നെ എറ്റവും കുപ്രസിദ്ധമായ തടവറയായിരുന്നു സെദനായ. മനുഷ്യ അറവുശാല എന്നായിരുന്നു സിറിയൻ മനുഷ്യാവകാശ സംഘടനകൾ സെദനായയെ വിശേഷിപ്പിച്ചത്. മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ 2011ൽ തുടങ്ങിയ പ്രതിഷേധത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, ജനസംഖ്യയുടെ പകുതിയോളം പേര്‍ അഭയാര്‍ത്ഥികളായി. പ്രതിഷേധം അടിച്ചമര്‍ത്തപ്പെട്ടതോടെ, കലാപമായി, പിന്നീട് ആഭ്യന്തരയുദ്ധമായി പരിണമിക്കുകയായിരുന്നു. മരണങ്ങൾക്ക് പുറമെ ദശലക്ഷക്കണക്കിന് സിറിയക്കാരാണ് അതിർത്തികൾ കടന്ന് ജോർദാൻ, തുർക്കി, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തത്. നവംബർ അവസാനത്തോടെ പ്രതിപക്ഷ ഗ്രൂപ്പുകൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് സിറിയയിൽ കാറ്റ് മാറി വീശാൻ തുടങ്ങിയത്. ഒടുവിൽ വെറും 11 ദിവസത്തെ നീക്കം 54 വര്‍ഷത്തെ കുടുംബാധിപത്യം അവസാനിപ്പിച്ചെങ്കിലും, സിറിയയുടെ ഭാവിയിൽ ആശങ്കകൾ ഒഴിയുന്നില്ലെന്നതാണ് വാസ്തവം.

2024 സമ്പന്നരുടെ വര്‍ഷമോ? സമ്പത്ത് മൂന്നിരട്ടിയായി; കാരണങ്ങൾ പരിശോധിക്കാം
   
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!