റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും തമ്മിലായിരുന്നു ഇത്തവണത്തെ പോരാട്ടം. പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം, ട്രംപിന് നേരെയുള്ള വെടിവെപ്പ് തുടങ്ങി നാടകീയമായിരുന്നു തെരഞ്ഞെടുപ്പ് കാലം
അമേരിക്ക
ലോകത്ത് ഏറ്റവുമധികം ജനശ്രദ്ധ ലഭിക്കുന്ന തെരഞ്ഞെടുപ്പാണ് യുഎസ് പ്രസിഡന്റ് ഇലക്ഷൻ. ലോകരാഷ്ട്രീയത്തെ അടിമുടി നിയന്ത്രിക്കുന്ന ശക്തിയെന്ന നിലയിലാണ് യുഎസ് തെരഞ്ഞെടുപ്പിന് ഇത്രയധികം ശ്രദ്ധ ലഭിക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും തമ്മിലായിരുന്നു ഇത്തവണത്തെ പോരാട്ടം. പ്രസിഡന്റ് ജോ ബൈഡന്റെ പിന്മാറ്റം, ട്രംപിന് നേരെയുള്ള വെടിവെപ്പ് തുടങ്ങി നാടകീയമായിരുന്നു തെരഞ്ഞെടുപ്പ് കാലം. ഒടുവിൽ, കടുത്ത മത്സരമെന്ന പ്രവചനം കാറ്റിൽ പറത്തി ട്രംപ് തൂത്തുവാരി. വനിതാ പ്രസിഡന്റെന്ന അമേരിക്കയുടെ സ്വപ്നം ബാക്കിയാക്കിയായിരുന്നു കമലയുടെ പരാജയം. വിജയിക്കാനാവശ്യമായ 270 ഇലക്ട്രൽ വോട്ടുകളെന്ന ഭൂരിപക്ഷവും മറികടന്ന് ട്രംപ് 312 വോട്ടുകൾ നേടി. 226 വോട്ടുകളാണ് കമലാ ഹാരിസിന് ലഭിച്ചത്.
ശ്രീലങ്ക
സാമ്പത്തിക പ്രതിസന്ധിയുടെയും രാഷ്ട്രീയ അസ്ഥിരതയുടെയും അട്ടിമറികളുടെയും കാലത്തിന് ശേഷം ശ്രീലങ്കയിൽ നടന്ന തെരഞ്ഞെടുപ്പ് ഏഷ്യ ഉറ്റുനോക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചും ശ്രീലങ്കൻ തെരഞ്ഞെടുപ്പ് പ്രധാനമായിരുന്നു. ഏഷ്യൻ മേഖലയിൽ സ്വാധീനമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലവും ശ്രീലങ്കൻ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കി. രാജപക്സെ കുടുംബത്തിന്റെ അപ്രമാദിത്തം തൂത്തെറിഞ്ഞ് ഇടതുമുന്നേറ്റത്തിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയുടെ എൻപിപി തൂത്തുവാരി. മുൻ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റ് നേടിയ എൻപിപി ഇത്തവണ 159 സീറ്റിലേക്കെത്തി. പൊതുതെരഞ്ഞെടുപ്പിലും എൻപിപി മിന്നും പ്രകടനം നടത്തി. ഹരിണി അമരസൂര്യ പ്രധാനമന്ത്രിയായും അനുര കുമാര പ്രസിഡന്റായും ചുമതലയേറ്റു.
ബ്രിട്ടൻ
ബ്രക്സിറ്റ് സൃഷ്ടിച്ച പ്രതിസന്ധികൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പെന്ന നിലയിൽ ശ്രദ്ധേ നേടിയ തെരഞ്ഞെടുപ്പായിരുന്നു ബ്രിട്ടനിലേത്. കൺസർവേറ്റീവ് പാർട്ടിയിലെ പടലപിണക്കങ്ങളും പരസ്യ വിഴുപ്പലക്കലുകളും തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കി. എക്സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ റിഷി സുനക് നേതൃത്വം നൽകിയ കൺസർവേറ്റീവ് പാർട്ടി തകർന്ന് തരിപ്പണമാകുകയും കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഇടതുചായ്വുള്ള ലേബർ പാർട്ടി മിന്നും ജയം നേടി. 411 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചപ്പോൾ വെറും 121 സീറ്റാണ് കൺസർവേറ്റീവ് പാർട്ടി നേടിയത്. എതിർപ്പുകളില്ലാതെ സ്റ്റാർമർ പ്രധാനമന്ത്രിയായി.
ഫ്രാൻസ്
യൂറോപ്പ് ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇക്കൊലം ഫ്രാൻസിൽ നടന്നത്. തീവ്ര വലതുകക്ഷിയായ നാഷണൽ റാലിയുടെ മുന്നേറ്റമായിരുന്നു തെരഞ്ഞെടുപ്പ് ലോകശ്രദ്ധയാകർഷിക്കാൻ കാരണം. ഫ്രാൻസിന്റെയും യൂറോപ്പിന്റെയും ലിബറൽ നയങ്ങളുടെ കടക്കൽ കത്തിവെക്കുന്ന നയമായിരുന്നു മാരീൻ ലാ പെന്നിന്റെ നേതൃത്വത്തിൽ നാഷണൽ റാലി രാജ്യത്തുടനീളം പ്രചരിപ്പിച്ചത്. പ്രചരണത്തിൽ വലിയ രീതിയിൽ മുന്നേറുകയും ചെയ്തു. എന്നാൽ, രണ്ടാം ഘട്ടത്തിൽ നാഷണൽ റാലിക്ക് അടിപതറി. അപ്രതീക്ഷിതമായി ഇടതു പാർട്ടികൾ കൂടുതൽ സീറ്റ് നേടി. ആർക്കും ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇടതുപക്ഷവും സെന്ററിസ്റ്റുകളും കൈകോർത്തപ്പോൾ മക്രോൺ വീണ്ടും പ്രസിഡന്റായി. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെ പ്രധാനമന്ത്രിയായിരുന്ന മൈക്കൽ ബാർനിയർ പുറത്തായി. പുതിയ പ്രധാനമന്ത്രിയായി ഡെമോക്രാറ്റിക് മൂവ്മെന്‍റിന്‍റെ (മോഡെം) അധ്യക്ഷൻ ഫ്രാൻസ്വാ ബായ്റുവിനെ തെരഞ്ഞെടുക്കുകയും ചെയ്തു.
പാകിസ്ഥാൻ
കടുത്ത സാമ്പത്തിക, ഭരണപര പ്രതിസന്ധിക്കിടെയാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്. വർഷങ്ങൾ നീണ്ട ലണ്ടൻ വാസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയ നവാസ് ശരീഫിന്റെ പാർട്ടിയായ പിഎംഎൽ (എൻ) ആശ്വാസമേകുന്നതായിരുന്നു തെരഞ്ഞെടുപ്പ്. അയോഗ്യത കൽപ്പിച്ച് മാറ്റി നിർത്തിയ ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ ഇക്കുറി സ്വതന്ത്രർ ആയാണ് മത്സരിച്ചത്. പിഎംഎൽ (എൻ) 98 സീറ്റും പിടിഐ പിന്തുണച്ച 93 സ്ഥാനാർഥികളും വിജയിച്ചു. ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന പിപിപി 68 സീറ്റും നേടി. പിപിപിയുടെ ആസിഫ് അലി സർദാരിയാണ് 14ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പിഎംഎൽ നേതാവ് ഷഹബാസ് ഷെരീഫാണ് പ്രധാനമന്ത്രി.
ബംഗ്ലാദേശ്
ഈ വർഷം ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രതിസന്ധിക്കും നാടകീയതക്കും സാക്ഷ്യം വഹിച്ച രാജ്യമാണ് ബംഗ്ലാദേശ്. പ്രതിപക്ഷം പൂർണമായി ബഹിഷ്കരിച്ച പൊതു തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തൂത്തുവാരി. 224 സീറ്റ് നേടി ഹസീനയുടെ പാർട്ടി അധികാരത്തിലേറി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷം അംഗീകരിച്ചില്ല. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം അനുവദിക്കാനുള്ള തീരുമാനം ബംഗ്ലാദേശിൽ പ്രതിഷേധക്കൊടുങ്കാറ്റുയർത്തി. ലക്ഷങ്ങൾ തെരുവിലിറങ്ങി. പ്രധാനമന്ത്രിയുടെ വസതിയിടക്കം പ്രതിഷേധക്കാർ കൈയേറിയതോടെ ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രാജ്യംവിട്ടു. തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലേറി.
റഷ്യ, ജപ്പാൻ, ഇറാൻ എന്നീ പ്രധാന രാജ്യങ്ങളിലും ഈ വർഷം തെരഞ്ഞെടുപ്പ് നടന്നു. റഷ്യയിൽ വ്ലാദിമിർ പുട്ടിൻ 88.48 ശതമാനം വോട്ട് തേടി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുക്രൈനുമായുള്ള യുദ്ധം, അമേരിക്കയും യൂറോപ്പുമായുള്ള സംഘർഷം തുടങ്ങിയ അതിപ്രാധാന്യമുള്ള രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു റഷ്യൻ തെരഞ്ഞെടുപ്പ്. ജപ്പാനിലാകട്ടെ ഭരണകക്ഷിയായ എൽഡിപി കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും ഭരണം നിലനിർത്തി. ഷിഗേരു ഇഷിബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇറാനിൽ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പരിഷ്കരണവാദിയായ മസൂദ് പെസഷ്കിയാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.