പാർട്ടി, രാജ്യം, സൈന്യം, എല്ലാത്തിനും പരമാധികാരിയായി ഷി; മാവോക്ക് മാത്രം ചൈന നൽകിയ പദവിയും കൈപ്പിടിയിലാക്കുമോ?

By Anoop Balachandran  |  First Published Oct 23, 2022, 5:34 PM IST

പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വരെ വെട്ടിനിരത്തിയപ്പോൾ 69 കാരൻ ഷീക്ക് മാത്രം ഇതൊന്നും ബാധകമായില്ല. സി പി എം പൊളിറ്റ് ബ്യൂറോയിൽ പിണറായിക്ക് കിട്ടിയ ഇളവാണ് ലോക കമ്യൂണിസത്തിൽ തന്നെ ഒരു താരതമ്യം


ബീജിങ്ങിലെ ടിയാനമെന്നിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ 2012 ൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സർവശക്തനായിരുന്ന പ്രസിഡന്‍റ് ഹു ജിന്‍റാവോയാണ് ഇന്നലെ അതെ ഗ്രേറ് ഹാളിൽ നിന്ന് അശക്തനായി പടിയിറക്കപ്പെട്ടത്. 20 ാം പാർട്ടി കോൺഗ്രസിലെ അവസാന വോട്ടിംഗിന് മുമ്പ് പ്രസിഡന്‍റ്  ഷീ യോട് എന്തോ പറയാൻ മുൻഗാമി ശ്രമിക്കുന്നു. മുന്നിലുളള പേപ്പർ എടുക്കാൻ ശ്രമിക്കുന്നു രണ്ട് പേർ വന്ന് ഹു ജിന്‍റാവോയെ തോളിൽ പിടിച്ച് ഉയർത്തുന്നു. ഹു തടയാൻ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. ഹു പറഞ്ഞ എന്തോ കാര്യം മുഖം കൊടുക്കാതെ ഷീ തലയാട്ടുന്നു. തൊട്ടപ്പുറത്തിരുന്ന ശിഷ്യൻ ലീ കെക്വാങ്ങിന്‍റെ പുറത്ത് ഒന്ന് തട്ടി ഹു പുറത്തു പോകുന്നു. മാധ്യമങ്ങൾക്ക് ക്ഷണം അനുവദിച്ച സെഷനിൽ 100 കണക്കിന് ക്യാമറാ കണ്ണുകൾക്ക് മുന്നിലായിരുന്നു ഈ അത്യസാധാരണ സംഭവം. ഇത് ഷീ സംഘത്തിന്‍റെ തിരക്കഥക്ക് അനുസരിച്ചായിരുന്നു എന്ന ചർച്ചകളും ചൂടുപിടിക്കുന്നു. ഇറക്കിവിടലിന്‍റെ കാരണം 24 മണിക്കൂർ കഴിഞ്ഞിട്ടും ചൈന വിശദീകരിച്ചിട്ടില്ല. ഇതേ ദിവസം ഇതേ പാർട്ടി കോൺഗ്രസ് വേദിയിൽ ഹു അനുയായിയും പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഷീ വെട്ടിനിരത്തി. ഇതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഷി ഗ്യാങ്ങിന്‍റെ ആധിപത്യം പൂർണമാകുകയാണ്. 

Latest Videos

undefined

ലീയുടെ തകർച്ച

എങ്ങനെയും ചൈനയെ സീറോ കൊവിഡ് രാഷ്ട്രമാക്കാനുള്ള പ്രസിഡന്‍റിന്‍റെ കർക്കശ നിലപാടുകളിൽ നിർമ്മാണ - വ്യവസായ രംഗങ്ങൾ തകരുകയാണ്  സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം. തുറന്ന വിപണിയുടെ വക്താവായിരുന്ന ലീ കെക്വാങ്ങിന് ഈ സമീപനങ്ങളോടുള്ള വിയോജിപ്പും ശക്തമായിരുന്നു. ഈ പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ ചൈനീസ് ഭരണത്തിൽ ലിക്കണോമിക്സും (LICONOMICS) ഷിക്കണോമിക്സും (XICONOMICS) തമ്മിലുള്ള ആശയ സംഘർഷത്തിന് കൂടിയാണ് അവസാനമാകുന്നത്.

നേതാക്കളുടെ മക്കളായി ഉയർന്ന് വരുന്നവരാണ് പ്രിൻസ്ലിങ്ങ്സ് ചേരി. യുവജന രംഗത്ത് നിന്ന്  പടിപടിയായി ഉയർന്ന് വന്നവരാണ് ടുവാൻപി വിഭാഗം. ഇങ്ങനെ രണ്ട് വിഭാഗങ്ങളാണ് പുതിയ പാർട്ടിയിൽ. ചൈനീസ് വിപ്ലവം കണ്ട നേതാവാണ് ഹു ജിന്‍റാവോ. പീപ്പിൾസ് റിപ്പബ്ളിക്ക് ഓഫ് ചൈനയുടെ രൂപീക്കരണത്തിന് ശേഷം ജനിച്ച നേതാക്കളിൽ ആദ്യം പാർട്ടി സെക്രട്ടറിയായ നേതാവാണ് ഷീ. മുൻ പ്രൊപ്പഗാണ്ട സെക്രട്ടറി ഷീ ഷോംഗ്ഷു വിന്‍റെ മകൻ. ടുവാൻപി വിഭാഗത്തിന്‍റെ നേതാവായിരുന്ന ഹു ശിഷ്യനായ ലി കെക്വാങ്ങ് നിൽക്കെയാണ് പ്രിൻസ് ല്ലിംഗ് നേതാവായ ഷീയെ 2012 ൽ പിൻഗാമിയാക്കാൻ നിർബന്ധിതനായത്. ലീയെക്കാൾ പ്രായകൂടുതലും ശക്തരായിരുന്ന ഷാങ്ങ് ഹായ് ഗ്യാങ്ങിന്‍റെ സമ്മർദവുമാണ് ഷീക്ക് അനുകൂലമായത്. ശക്തരായിരിക്കുമ്പോൾ എടുക്കുന്ന ഓരോ തീരുമാനങ്ങളും ആ നേതാവിന്‍റെ മാത്രമല്ല രാഷ്ട്രത്തിന്‍റെയും ഭാവിയെ എങ്ങനെ ബാധിക്കും എന്നതിന്‍റെ ഉദാഹരണമാണ് ഗ്രേറ്റ് ഹാളിൽ ഹു ജിന്‍റാവോയുടെ പുറത്താക്കൽ ലോകത്തോട് പറയുന്നത്. 57കാരനായ പ്രിയ ശിഷ്യൻ ലീയെ അന്ന് പാർട്ടി സെക്രട്ടറിയാക്കിയിരുന്നെങ്കിൽ 2022 ൽ ഈ അപമാനം ഹു ജിന്‍റാവോക്ക് ഉണ്ടാകുമായിരുന്നില്ല.

ഒരെയൊരു ഷീ

രാജ്യത്തിന് മീതെ ഒരു പാർട്ടി. ആ പാർട്ടിക്ക് മീതെ ഒരു നേതാവ്. അതെ ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20 ാം പാർട്ടി കോണ്‍ഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്‍റെ കീഴ്വഴക്കം അവസാനിപ്പിച്ച് മൂന്നാം തവണയും പാർട്ടി തലവനാകുന്നു. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങിനും ജിയാങ്ങ് സെമിനും മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപത്തെത്താൻ അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങ്ങ് പിടിച്ചെടുക്കുന്നത്.

ഏറ്റവും വലിയ അധികാര സമിതിയായ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി ഷി ഗ്യാങ്ങാണ്. പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വരെ വെട്ടിനിരത്തിയപ്പോൾ 69 കാരൻ ഷീക്ക് മാത്രം ഇതൊന്നും ബാധകമായില്ല. സി പി എം പൊളിറ്റ് ബ്യൂറോയിൽ പിണറായിക്ക് കിട്ടിയ ഇളവാണ് ലോക കമ്യൂണിസത്തിൽ തന്നെ ഒരു താരതമ്യം. ഷീയുടെ ഉറ്റ വിശ്വസ്തരാണ് ഇടവും വലവും. ഒന്ന് ചൈനീസ് പ്രസിഡന്‍റിന്‍റെ ധൈഷണിക കേന്ദ്രമായ വാൻ ഹ്യൂങ്ങിങ്ങ്. രണ്ടാമൻ ഷീയുടെ അമിത് ഷാ എന്ന് വിശേഷിപ്പിക്കാവുന്ന അച്ചടക്ക സമിതി ചെയർമാൻ ഷാവോ ലെജി. ചൈനയിലെ ഒൻപതര കോടി പാർട്ടി അംഗങ്ങളിൽ നിന്നും അരിച്ച് അരിച്ച് അരിച്ച് തെരഞ്ഞെടുത്ത 2296 പാർട്ടി കോണ്‍ഗ്രസ് പ്രതിനിധികളാണ് ഷീയെ സർവാധികാരിയാക്കുന്നത്. ഷീക്ക് വേണ്ടി കയ്യടിക്കാനുള്ള സദസായി ഇവർ ചുരുങ്ങി. 

പാർട്ടി ജനറൽ സെക്രട്ടറി, ചൈനീസ് പ്രസിഡന്‍റ്, സെന്‍ട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ. പാർട്ടിയും, രാജ്യവും, സൈന്യവും എല്ലാം കൈപിടിയിൽ. പുതിയ ഒരു സ്ഥാനം കൂടി ഷീയെ തേടിയെത്തുമോ എന്നതും ബീജിങ്ങിലെ കൗതുകം. അത് മാവോക്ക് മാത്രം പാർട്ടി ചാർത്തിക്കൊടുത്ത ചെയർമാൻ പദവിയാണ്. ഇത് കൂടി വന്നാൽ മൂന്ന് ടേമല്ല ആഗ്രഹിക്കുന്ന നാൾ വരെയും ഷീയാകും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലപ്പത്ത്. കർശന നിയന്ത്രണങ്ങൾ നടപ്പാക്കി ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക , തായ്വാൻ അധിനിവേശം ഇത് രണ്ടുമാണ് ഷീയുടെ ഹൃസ്വകാല ലക്ഷ്യങ്ങൾ. ഇന്ത്യ - ചൈന ബന്ധത്തിലും പ്രശ്നങ്ങൾ  കൂടുന്നു. ജനാധിപത്യമില്ലാത്ത രാജ്യത്ത് പാർട്ടിക്കും മേലെ ഒരു ഏകാധിപതിയുടെ വളർച്ച ചൈനയെ, ലോകത്തെ എങ്ങനെ മാറ്റി മറിക്കും. ഷീ യുഗം കഴിഞ്ഞു എന്ന് വിലയിരുത്തപ്പെട്ടിടത്ത് നിന്നും ഷീ ജിങ്ങ് പിങ്ങ് തുടങ്ങിയിട്ടെയുള്ളു...

കരുത്തോടെ മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും
 

 

click me!