പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് സൈന്യം, തെറ്റുപറ്റിയെന്ന് ഇസ്രയേൽ

By Web Team  |  First Published Jun 23, 2024, 9:17 AM IST

വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടത്തിയ റെയ്ഡിനിടെ പരിക്കേറ്റ മുജാഹദ് ആസ്മി എന്ന് സാധാരണക്കാരനോടാണ് ക്രൂരത കാട്ടിയത്


വെസ്റ്റ് ബാങ്ക്: സൈനിക ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻകാരനെ വാഹനത്തിന്റെ ബോണറ്റിൽ കെട്ടിവച്ച് ഇസ്രയേലിന്റെ ക്രൂരത. വെസ്റ്റ് ബാങ്കിലെ ജെനിനിൽ നടത്തിയ റെയ്ഡിനിടെ പരിക്കേറ്റ മുജാഹദ് ആസ്മി എന്ന് സാധാരണക്കാരനോടാണ് ക്രൂരത കാട്ടിയത്. പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാൻ കുടുംബം ആംബുലൻസ് ആവശ്യപ്പെട്ടതോടെയാണ് സൈന്യം യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ച് പോയത്. ഇയാളെ പിന്നീട് റെഡ് ക്രെസന്റിന്റെ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചതായാണ് ബിബിസി അടക്കമുള്ള അന്തർ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 

ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സൈനികർക്ക് തെറ്റു പറ്റിയെന്ന് സമ്മതിച്ച് ഇസ്രയേൽ. സൈനികർ പ്രോട്ടോക്കോൾ ലംഘിച്ചതായും ഇസ്രയേൽ വിശദമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുമെന്നും ഇസ്രയേൽ സൈന്യം വിശദമാക്കി. എന്നാൽ തീവ്രവാദി ആക്രമണം ചെറുക്കാനായി വെടിവച്ചപ്പോഴാണ് ഇയാൾക്ക് പരിക്കേറ്റതെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് വിശദമാക്കുന്നത്. വെസ്റ്റ് ബാങ്കിൽ നടക്കുന്ന ആക്രമണത്തിൽ ഇതിനോടകം 480 പാലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്. 
 
ഇതിനിടെ ഗാസയിൽ തകർന്ന കാറിൽ നിന്ന് ഇസ്രയേൽ സൈനികർ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. റെയ്ഡിനിടെ വെടിയുതിർത്ത ഇസ്ലാമിക് ജിഹാദ് തീവവാദികളാണ് കൊല്ലപ്പെട്ടവരെന്നാണ് ദൃക്സാക്ഷികൾ പകർത്തിയ വീഡിയോയിൽ  ഇസ്രയേൽ വിശദീകരണം. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!