ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക: ഇന്ത്യ 159-ാം സ്ഥാനത്ത്

By Web Team  |  First Published May 3, 2024, 6:30 PM IST

റിപ്പോർട്ട് അനുസരിച്ച്, ഈ വര്‍ഷം ഇന്ത്യയിൽ ഇന്നു വരെ ഒമ്പത് മാധ്യമപ്രവർത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം 2024 ജനുവരിക്ക് ശേഷം രാജ്യത്ത് ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല.


പാരീസ്: ലോക മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ 159-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് എല്ലാ വര്‍ഷവും സൂചിക പുറത്തിറക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 159-ാം സ്ഥാനത്താണ്. 2023ലെ പട്ടികയിൽ ഇന്ത്യ 161-ാം സ്ഥാനത്തായിരുന്നു. ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ കയറി. നോർവേയാണ് സൂചിതയില്‍ മുന്നില്‍. ഡെന്മാർക്ക് രണ്ടാം സ്ഥാനത്തും സ്വീഡൻ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, പാകിസ്ഥാൻ ഏഴ് സ്ഥാനങ്ങൾ മുകളിൽ 152-ൽ എത്തി.

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, ഈ വര്‍ഷം ഇന്ത്യയിൽ ഇന്നു വരെ ഒമ്പത് മാധ്യമപ്രവർത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം 2024 ജനുവരിക്ക് ശേഷം രാജ്യത്ത് ഒരു മാധ്യമ പ്രവർത്തകനും കൊല്ലപ്പെട്ടിട്ടില്ല.  2023ലെ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബിൽ, 2023ലെ ഡിജിറ്റൽ പേഴ്‌സണൽ എന്നിവയുൾപ്പെടെ മാധ്യമങ്ങളെ നിയന്ത്രിക്കാനും വാർത്തകൾ സെൻസർ ചെയ്യാനും വിമർശകരെ നിശബ്ദരാക്കാനും സർക്കാരിന് അസാധാരണമായ അധികാരം നൽകുന്ന നിരവധി  നിയമങ്ങൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ന് ശേഷം  ഇന്ത്യയിലെ മാധ്യമങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിടുന്നുവെന്നും പറയുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും വന്‍കിട മാധ്യമ ഉടമകളും തമ്മിൽ അടുപ്പം രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 

Latest Videos

സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർ സ്ഥിരമായി സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികൾക്കും ശാരീരിക ആക്രമണങ്ങൾക്കും ക്രിമിനൽ പ്രോസിക്യൂഷനുകൾക്കും അറസ്റ്റുകൾക്കും വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീരിലും സ്ഥിതി വളരെ ആശങ്കാജനകമാണെന്നും പറയുന്നു. ഇന്ത്യ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിൽ മാധ്യമസ്വാതന്ത്ര്യം മോശമായിരിക്കുന്നുവെന്നും മേഖലയിലെ 26 രാജ്യങ്ങളുടെയും സ്കോര്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

click me!