3ലക്ഷം രൂപയുടെ ലോണായിരുന്നു 68കാരന് ബാങ്ക് പാസാക്കി നൽകിയത്. പണം വാങ്ങാനായി 68കാരനെ ബന്ധുവായ യുവതി വീൽചെയറിലാണ് ബാങ്കിലെത്തിച്ചത്
റിയോ: പാസായ ലോണിലെ തുക കൈപ്പറ്റാനായി എത്തിയ ആളെ കണ്ട് ബാങ്ക് ജീവനക്കാർക്ക് സംശയം. തുടർന്ന് നടന്ന വിശദമായ പരിശോധനയിൽ തെളിഞ്ഞത് വൻ തട്ടിപ്പ്. ബ്രസീലിലെ റിയോയിലാണ് സംഭവം. മരണപ്പെട്ട ബന്ധുവിനെ വീൽ ചെയറിലിരുത്തിയാണ് യുവതി ബാങ്കിലെത്തിയത്. ചെക്കിൽ ബന്ധുവിന്റെ കൈ പിടിച്ച് ഒപ്പിടീക്കാനുള്ള ശ്രമമാണ് ബാങ്ക് ജീവനക്കാർക്ക് സംശയം ജനിപ്പിച്ചത്. ഇതോടെ ചെക്ക് വാങ്ങി വച്ച ശേഷമാണ് ജീവനക്കാർ വീൽ ചെയറിലിരുന്ന 68കാരനെ പരിശോധിച്ചത്.
അപ്പോഴാണ് വീൽ ചെയറിലുള്ളത് 68കാരന്റെ മൃതദേഹമാണെന്ന് മനസിലാവുന്നത്. സംഭവത്തിൽ 68കാരന്റെ ബന്ധുവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 3ലക്ഷം രൂപയാണ് 68കാരനായ പോളോ റൂബെർട്ടോ ബ്രാഗയ്ക്ക് ബാങ്ക് വായ്പ അനുവദിച്ചത്. വിരേര എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
undefined
മോഷണവും വഞ്ചനയുമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. 68കാരൻ മരിച്ചെന്ന് അറിഞ്ഞ ശേഷവും വായ്പ തട്ടിയെടുക്കാൻ യുവതി ശ്രമിച്ചുവെന്നാണ് ബാങ്ക് ആരോപിക്കുന്നത്. യുവതി വീൽ ചെയറിൽ മരിച്ച ബന്ധുവുമായി എത്തുന്നതിന്റെ ബാങ്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ ബാങ്കിലെത്തും വരെ 68കാരന് ജീവനുണ്ടായിരുന്നുവെന്നാണ് യുവതിയുടെ അഭിഭാഷകൻ അവകാശപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം