അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്ന അപൂർവ പ്രസവാനന്തര സങ്കീർണതയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് യുവതി
ടെക്സാസ്: മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനിടെ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവതി 45 മിനിട്ടിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. മരിസ ക്രിസ്റ്റി എന്ന യുവതിയാണ് അസാധാരണ സംഭവം വെളിപ്പെടുത്തിയത്. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (എഎഫ്ഇ) എന്ന അപൂർവ പ്രസവാനന്തര സങ്കീർണതയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് യുവതി വിശദീകരിച്ചു.
സിസേറിയൻ ചെയ്താണ് ഡോക്ടർമാർ മൂന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അമ്നിയോട്ടിക് ഫ്ലൂയിഡ് (ഗർഭാവസ്ഥയിൽ കുഞ്ഞിനെ പൊതിയുന്ന ദ്രാവകം) കുഞ്ഞ് ജനിച്ചയുടനെ സാധാരണ അമ്മയുടെ രക്തത്തിൽ പ്രവേശിക്കും. എന്നാൽ അമ്മയ്ക്ക് അലർജി ഉണ്ടാക്കുന്ന അപൂർവ അവസ്ഥയായ അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം യുവതിയെ ബാധിച്ചു. ഓരോ 1,00,000 ജനനങ്ങളിലും 2.5 പേർക്ക്, അമേരിക്കയിലെ കണക്കെടുത്താൽ 40,000ൽ ഒരാൾക്ക് മാത്രമേ ഈ അവസ്ഥ വരാറുള്ളൂ.
undefined
ടെക്സാസ് സ്വദേശിനിയായ മാരിസ ക്രിസ്റ്റി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും എഎഫ്ഇ എന്ന അവസ്ഥ യുവതിക്ക് പിടിപെടുന്നത് അനസ്‌തേഷ്യോളജിസ്‌റ്റ് ശ്രദ്ധിച്ചു. എഎഫ്ഇ സംഭവിച്ചാൽ 80-85 ശതമാനം വരെ ജീവൻ അപകടത്തിലാകും. മരിസയുടെ ശ്വാസം നിലച്ച പോലെ കാണപ്പെട്ടു. ഡോക്ടർമാർ സിപിആർ നടത്താൻ തുടങ്ങി. ഇസിഎംഒ ഉപയോഗിച്ചിട്ടും ഫലമുണ്ടായില്ല. അതിനിടെ ഏറെ രക്തം നഷ്ടപ്പെട്ടിരുന്നതിനാൽ യുവതിയുടെ ശരീരത്തിലേക്ക് രക്തം കയറ്റി. എന്നിട്ടും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായില്ല. ക്ലിനിക്കൽ ഡെത്ത് സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. എന്നാൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തി യുവതി 45 മിനിറ്റിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഒരാഴ്ചയിലേറെ അബോധാവസ്ഥയിൽ ആയിരുന്നു മരിസ. മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതൊന്നും ഓർമയുണ്ടായിരുന്നില്ല. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു. മരിസ ക്രിസ്റ്റിയും ഭർത്താവും കുഞ്ഞുങ്ങൾക്ക് കെൻഡൽ, കോളിൻസ്, ഷാർലറ്റ് എന്ന് പേരിട്ടു. ഇപ്പോൾ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം