പലസ്തീൻ-ഇസ്രായേൽ പ്രശ്നം, ജറുസലേമിൽ ആരാണ് അഭയാർത്ഥി, ആരാണ് നുഴഞ്ഞുകയറ്റക്കാരൻ?
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തർക്കത്തിന്റെ തുടർച്ചയാണ് ഇന്ന് ഇസ്രായേലിൽ നിന്ന് പുറത്തുവന്ന ആക്രമണവും തിരിച്ചടിയും അടക്കമുള്ള വാർത്തകൾ. പലസ്തീനും ഇസ്രായേലും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങളുടെ സമകാലീന വാർത്തകൾക്കപ്പുറം കഴിഞ്ഞ കാലത്തെ വലിയ ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങൾ ഇതിന് പിന്നിലുണ്ട്. എന്താണ് ഇസ്രായേൽ-പലസ്തീൻ പ്രശ്നം? എവിടെയാണ്, ഇന്ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും തുടക്കം? ആരാണ് 'ഹമാസ്'? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാം...
നൂറുവർഷം പഴക്കമുള്ള തർക്കം
ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേൽ. ഇന്ന് ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ഇസ്രായേൽ എന്ന പേരുകേട്ടാൽ തന്നെ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവർത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം.
എന്നാൽ, അവിടെ സ്ഥിതിഗതികൾ എന്നും ഇങ്ങനെ സംഘർഷഭരിതമായിരുന്നില്ല. യഹൂദരും മുസ്ലീങ്ങളും ജന്മനാൽ ശത്രുക്കളൊന്നും അല്ലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ ഒരിക്കലും മതത്തിന്റെ പേരിലുള്ളതും ആയിരുന്നില്ല. ഈ സംഘർഷത്തിൽ വെടിയുണ്ടകളേക്കാൾ അധികം ആകാശത്ത് പറന്നുനടന്നത് അഭ്യൂഹങ്ങളാണ്, കെട്ടുകഥകളാണ്. ഉയരുന്ന ചോദ്യങ്ങൾ ഇവയാണ്. ആരാണ് ജെറുസലേം എന്ന ഈ കുഞ്ഞു ഭൂഭാഗത്തിന്റെ യഥാർത്ഥ അവകാശികൾ? ആരാണ് ഇവിടേക്ക് നുഴഞ്ഞു കയറിയത്? ആരാണ് ഇവിടെനിന്ന് ആട്ടിയോടിക്കപ്പെട്ടത് ?
ആരുടേതാണ് ഈ തർക്കഭൂമി?
1920 വരെ ജറുസലേം ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തെ തോൽപിച്ച ബ്രിട്ടൻ ജെറുസലേം തങ്ങളുടെ അധീനതയിലാക്കി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. അവർക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം വേണം. ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമി. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം 'സയണിസം' എന്ന് വിളിച്ചു.
രാഷ്ട്രസ്ഥാപനം എന്ന ഈ വികാരത്തോട് മതപരമായ ഭാവം പിൽക്കാലത്താണ് കൂട്ടിച്ചേർക്കപ്പെട്ടത്. അത് മതഗ്രന്ഥത്തിൽ പരാമർശിച്ചിരുന്ന ഒരു പുണ്യഭൂമിയുടെ രൂപത്തിലാണ് കടന്നുവന്നത്. ജറുസലേം. ഇന്നിത് വിഭജിതമായ ഒരു ഭൂപ്രദേശമാണ്. യഹൂദമതത്തെപ്പോലെ സെമിറ്റിക് പാരമ്പര്യമുള്ള ഇസ്ലാം മതത്തിന്റെ മൂന്നാമത്തെ പുണ്യഭൂമി. ജറുസലേം നഗരത്തിലെ ടെംപിൾ മൗണ്ടിനു മുകളിലുള്ള അൽ അക്സ പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്കുകളിൽ മൂന്നാമത്തേതാണ്. ഇതേ മലമുകളിൽ തന്നെയുള്ള വെസ്റ്റേൺ വാൾ ജൂതർക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്.
1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാർ ബലം പ്രയോഗിച്ച് കുടിയിറക്കി. ഫലസ്തീനികൾ ആ കുടിയിറക്കലിനെ അൽ അല്‍ നക്ബ അഥവാ മഹാവിപത്ത് എന്ന് വിളിച്ചു. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്. യുദ്ധം തുടങ്ങി അധികം വൈകാതെ മറ്റുരാജ്യങ്ങൾ ഇടപെട്ടു സമാധാനമുണ്ടാക്കി. പക്ഷേ, ഇസ്രായേൽ കയ്യേറിയതൊക്കെ ഇസ്രായേലിന്റെ കയ്യിൽ തന്നെ ഇരുന്നു. അതിനു മാറ്റമുണ്ടായില്ല. ആറുലക്ഷത്തോളം യഹൂദർ മാപ്പിൽ നീല നിറത്തിൽ കാണുന്ന പ്രദേശത്തേക്ക് പ്രവേശിച്ച് അവിടം കയ്യേറി താമസമാക്കി. ഏതാണ്ട് അതേ സമയത്തുതന്നെ പതിമൂന്നു ലക്ഷത്തിൽപ്പരം അറബ് വംശജർ ഓറഞ്ചു നിറത്തിൽ കാണുന്ന ഭാഗത്തേക്കും കയ്യേറ്റം നടത്തി.
ഒരു തുണ്ടുഭൂമിക്കുവേണ്ടിയുള്ള യുദ്ധം
യുദ്ധം ഒരു തുണ്ട് ഭൂമിക്കുവേണ്ടിയായിരുന്നു. നടന്നത് രണ്ടു ഘട്ടങ്ങളിലായും. ആദ്യം നടന്നത് അറബ്-ഇസ്രായേൽ യുദ്ധം, രണ്ടാമത് ഇസ്രായേൽ-പലസ്തീൻ യുദ്ധവും. ആദ്യത്തെ യുദ്ധം രണ്ടു മതങ്ങൾക്കിടയിൽ രാഷ്ട്രസ്ഥാപനവുമായി ബന്ധപ്പെട്ടുനടന്നത്. രണ്ടാമത്തേത് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടീഷ് ഭരണം അവസാനിച്ച കാലത്ത് പൊട്ടിപ്പുറപ്പെട്ടതും. അന്ന് അറബികൾ വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിക്കൊണ്ടിരുന്നു. ലോകത്തിന്റെ പലകോണുകളിലായി ചിതറിക്കിടന്ന ജൂതരാകട്ടെ, പലവിധ പീഡനങ്ങളാൽ വലഞ്ഞ് സ്വന്തമായി ഒരു രാജ്യമുണ്ടാക്കാൻ ഒരുമ്പെട്ടിറങ്ങിയ കാലവും.
എന്നാൽ അറബികൾക്ക് ഇസ്രയേലികളും വിദേശികൾ തന്നെയായിരുന്നു. തങ്ങളെ ഇത്രയും കാലം അടക്കി ഭരിച്ച് പീഡിപ്പിച്ചിരുന്ന വൈദേശിക ശക്തികളോട് പ്രതികാരം ചെയ്യാൻ ഒരു അവസരം പാർത്തിരിക്കുകയായിരുന്ന അവർ, അതായത് ഈജിപ്ത്, ജോർദാൻ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങൾ ചേർന്ന് അക്കൊല്ലം തന്നെ ഇസ്രായേലിനെ ആക്രമിച്ചു. എന്നാൽ അത് പലസ്തീനെ രക്ഷിക്കാൻ വേണ്ടിയൊന്നും ആയിരുന്നില്ല. ഇസ്രായേൽ എന്ന വൈദേശിക പ്രതീകത്തോടുള്ള വിദ്വേഷത്തിന്റെ പ്രകടനം മാത്രമായിരുന്നു അത്. എന്നാൽ അവർ ഇസ്രായേലിനോട് ആ യുദ്ധത്തിൽ പരാജയം നുണഞ്ഞു. ഇസ്രയേലിന്റെ സൈന്യം ജറുസലേമിലെ പാതിയും പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന ഏഴുലക്ഷത്തോളം പലസ്തീനികൾ രായ്ക്കുരാമാനം അഭയാർത്ഥികളാക്കി മാറ്റപ്പെട്ടു. ജറുസലേമിലെ നല്ല ഭാഗങ്ങളിലെല്ലാം ഇസ്രായേലി സാന്നിധ്യം ഉറപ്പിക്കപ്പെട്ടു. വെസ്റ്റ് ബാങ്ക്, ഗാസ തുടങ്ങിയ ഭാഗങ്ങളിലേക്ക് പലസ്തീനി പൗരന്മാർ തുരത്തി ഓടിക്കപ്പെട്ടു.
1967 -ൽ ഇസ്രായേൽ വീണ്ടും അറബ് രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങി. ഇത്തവണ വെസ്റ്റ് ബാങ്കിലും, ഗാസയിലെ കൂടി ഇസ്രായേൽ തങ്ങളുടെ നിയന്ത്രണം ശക്തമാക്കി. അതിനുശേഷം വന്ന രണ്ടു പതിറ്റാണ്ടുകൾ കൊണ്ട് അറബ് രാജ്യങ്ങളുടെ മനസ്സിൽ ഇസ്രായേൽ ഒരു കാര്യം സ്ഥാപിച്ചെടുത്തു. ഇസ്രായേൽ എന്ന രാജ്യം രൂപീകൃതമായിക്കഴിഞ്ഞു. ഇപ്പോൾ കയ്യടക്കി വെച്ചിരിക്കുന്ന ഭാഗങ്ങൾ ഇസ്രായേൽ എന്നുതന്നെ അറിയപ്പെടും ഇനിമേൽ. അന്നുതൊട്ടിന്നുവരെ ഇസ്രായേലും പലസ്തീനും തമ്മിൽ ഒളിഞ്ഞും മറഞ്ഞുമുള്ള യുദ്ധങ്ങളാണ്.
ഇസ്രായേൽ അന്നോളം നടത്തിയത് തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടങ്ങളാണ് എങ്കിൽ, പലസ്തീൻ അതിനുശേഷം ഇന്നുവരെ നടത്തിപ്പോന്നിട്ടുള്ളത് തങ്ങളുടെ നഷ്ടപ്പെട്ടുപോയ അസ്തിത്വത്തിനുവേണ്ടിയുള്ള, അവകാശങ്ങൾക്കു വേണ്ടിയുള്ള, ജന്മഭൂമിക്ക് വേണ്ടിയുള്ള യുദ്ധങ്ങളാണ്. കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ആ പോരാട്ടങ്ങൾ ഇരുരാജ്യങ്ങളെയും ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുകയാണ്. അവരെ ഒന്നിപ്പിക്കുക ഇനി ഏറെക്കുറെ അസാധ്യം തന്നെയാണ്. തൊണ്ണൂറുകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ ഒരു സന്ധിയുടെ വക്കുവരെ എത്തിയിരുന്നതാണ്. ആ ഉടമ്പടിക്ക് ഒരേയൊരു തടസ്സമേ ഉണ്ടായിരുന്നുള്ളൂ. ഇസ്രായേലും പലസ്തീനും പരസ്പരം രാജ്യങ്ങളായി അംഗീകരിക്കണം. എന്നാൽ, ഈ നിബന്ധനയ്ക്ക് പലസ്തീൻ വഴങ്ങിയില്ല. ഇസ്രായേൽ എന്ന അധിനിവേശ ശക്തിയെ ഒരു രാഷ്ട്രമായി അംഗീകരിച്ചുകൊടുക്കാനാവില്ല എന്നതായിരുന്നു അവരുടെ നിലപാട്.
പിഎൽഓയും ഹമാസും
വെസ്റ്റ് ബാങ്കിലെ ഒരു പ്രധാന സായുധസൈന്യമായിരുന്നു പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അഥവാ പിഎൽഓ. യാസർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള ഈ സംഘം തുടക്കം മുതൽ ഇസ്രായേലുമായി നിരവധി ചർച്ചകൾ നടത്തിപ്പോന്നിരുന്നു. പലസ്തീനിലെ രണ്ടാമത്തെ സായുധ സാന്നിധ്യമാണ് ഹമാസ്. പിഎൽഓയിൽ നിന്ന് വിരുദ്ധമായി അവർ ചർച്ചകളിൽ വിശ്വസിക്കാത്ത കൂട്ടരാണ്. ഇസ്രായേലിന്റെ നാശം ഒന്ന് മാത്രമാണ് അവരുടെ പ്രഖ്യാപിതലക്ഷ്യം. 2007 പലസ്തീനിൽ താത്കാലികമായി ഒരു സർക്കാർ നിലവിൽ വന്നു. അത് ഇന്നും തുടരുന്നുണ്ട്. വെസ്റ്റ് ബാങ്ക് ഇന്ന് ഇസ്രായേലിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഗാസയിൽ പലസ്തീനികളാണ് കഴിഞ്ഞുപോരുന്നത്. അവിടെയും ഇസ്രായേലി സൈന്യത്തിന്റെ നിയന്ത്രണങ്ങളുണ്ട്. അവിടെ ജീവിതം ഏറെ ദുസ്സഹമാണ്. ഫലത്തിൽ പലസ്തീനികൾ ഇന്ന് സ്വന്തം രാജ്യത്തുനിന്ന് നിഷ്കാസിതരായവരാണ്.
2014 മുതൽ ഹമാസ് ഇസ്രായേലിനോട് തുറന്ന യുദ്ധത്തിലാണ്. അക്കൊല്ലം ജൂലൈ 8 മുതൽ ഓഗസ്റ്റ് 26 വരെ നടന്ന യുദ്ധത്തിൽ 2100 പലസ്തീനികളും, 73 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ മൂന്ന് ഇസ്രായേലി വിദ്യാർത്ഥികളുടെ വധത്തിൽ തുടങ്ങിയതായിരുന്നു ആ പോരാട്ടം. പകരം ഇസ്രായേൽ ഒരു പലസ്തീനി വിദ്യാർത്ഥിയെ കൊന്നു. ഹമാസ് ഒറ്റ ദിവസം കൊണ്ട് ഇസ്രായേൽ ലക്ഷ്യമാക്കി 40 റോക്കറ്റുകൾ വർഷിച്ചു. ശക്തമായി തിരിച്ചടിച്ച ഇസ്രായേൽ ഗാസയ്ക്കുമേൽ മിസൈൽ വർഷം തന്നെ നടത്തി. ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി തുരങ്കങ്ങൾ കുഴിച്ചിരുന്നു ഹമാസ്. അതെല്ലാം ഇസ്രായേലി സൈന്യം നശിപ്പിച്ചു. തൽക്കാലത്തേക്ക് ഹമാസ് അടങ്ങി.
ഇൻതിഫാദ എന്ന പലസ്തീൻ വിപ്ലവം
ഇൻതിഫാദ എന്ന പദത്തിന്റെ അർഥം 'വിപ്ലവം' എന്നാണ്. രണ്ടുവട്ടം ഇൻതിഫാദ നടത്താൻ നോക്കിയിട്ടുണ്ട് പലസ്തീൻ. ഒരിക്കൽ എൺപതുകളിൽ, രണ്ടാമത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ. ആദ്യത്തെ തവണ നിരന്തരമായ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായിരുന്നു. അന്ന് ഹമാസ് രംഗത്തില്ല. സമാധാനത്തിന്റെ പാതയിലായിരുന്നു നീക്കങ്ങളൊക്കെയും. അങ്ങനെയാണ് ഓസ്ലോയിൽ ചർച്ച നടക്കുന്നതും, രണ്ടു രാജ്യങ്ങളുണ്ടാകാനുള്ള നിർദേശം വരുന്നതുമൊക്കെ. അത് ഇരുപക്ഷത്തിനും സമ്മതമായിരുന്നില്ല. അങ്ങനെ പോകുമ്പോഴാണ് പലസ്തീനിൽ നിന്നും രണ്ടാം ഇൻതിഫാദ വരുന്നത്. അത് ചോരചിന്തിയ വിപ്ലവമായിരുന്നു. കാരണം അപ്പോഴേക്കും പലസ്തീൻ സായുധശേഷി ആർജിച്ചിരുന്നു. ചാവേർ ബോംബിങ്, റോക്കറ്റ് ആക്രമണങ്ങൾ അങ്ങനെ പലതും തുടർച്ചയായി നടന്നു.
ഇന്നത്തെ അവസ്ഥ
ഇന്നും ഒളിഞ്ഞും തെളിഞ്ഞും പലസ്തീനും ഇസ്രയേലും തമ്മിൽ സംഘർഷങ്ങൾ ഉണ്ടാകുന്നതിനും പുതിയ സംഭവ വികാസങ്ങൾക്കുമെല്ലാം, അവർക്ക് സന്ധിചെയ്യാൻ പറ്റാത്തതായി പല വിഷയങ്ങളുമുണ്ട്. പലസ്തീൻ അഭയാർത്ഥികളെ എന്തുചെയ്യും ? വെസ്റ്റ് ബാങ്കിലെ ജൂതകയ്യേറ്റങ്ങൾ ഒഴിപ്പിക്കേണ്ടേ? ജറുസലേം എങ്ങനെ പങ്കിടും. എല്ലാറ്റിനും പുറമേ, പലസ്തീൻ എന്ന ഒരു പരമാധികാര രാഷ്ട്രം തങ്ങളുടെ അതിർത്തിയിൽ വരുന്നതിനോടുള്ള ഇസ്രായേലിന്റെ പ്രകടമായ എതിർപ്പും. അങ്ങനെ ഒരു തരത്തിലും സംഘർഷങ്ങൾക്ക് അയവുവരാത്ത, പ്രശ്‌നപരിഹാരത്തിന് യാതൊരു പ്രതീക്ഷകളും ഇല്ലാത്ത സാഹചര്യമാണ് അവിടെയുള്ളത്. ഒരു നൂറ്റാണ്ടുകാലത്തിലധികമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിക്ക് പരിഹാരമുണ്ടാകാനുള്ള പ്രതീക്ഷകൾ വിദൂരമാണെന്നാണ് ഹമാസ് ആക്രമണവും ഇസ്രായേൽ പ്രത്യാക്രമണവും അതിന്റെ പുറത്ത് ഉരുത്തിരിയുന്ന യുദ്ധ സാഹചര്യവും വ്യക്തമാക്കുന്നത്.