പുടിൻ ചെല്ലും ചെലവും കൊടുത്ത് വളർത്തി, തിരിഞ്ഞുകൊത്തിയതിന്‍റെ കാരണമിത്; നിസാരക്കാരല്ല ഈ വാഗ്നര്‍ കൂലിപ്പട

By Mujeeb CheriyampuramFirst Published Jun 25, 2023, 12:34 PM IST
Highlights

2014 റഷ്യ യുക്രൈനെ ആക്രമിച്ച് ക്രൈമിയ പിടിച്ചെടുത്ത സമയത്താണ് വാഗ്നർ ഗ്രൂപ്പിന്റെ പിറവി. അന്ന് റഷ്യൻ സൈനികരോടൊപ്പം വാഗ്നർ സംഘവും റഷ്യക്കായി ആയുധമെടുത്തു

വ്ലാദിമിർ പുടിനും റഷ്യയും ചെല്ലും ചെലവും കൊടുത്ത് വളർത്തിയ സായുധ സംഘം, ഒടുവിൽ രാജ്യത്തെ വെല്ലു വിളിക്കാൻ മാത്രം വളർന്ന ചരിത്രമാണ് വാഗ്നർ ഗ്രൂപ്പിനുള്ളത്. യുക്രൈനെതിരായ പോരാട്ടത്തിലൂടെയാണ് വാഗ്നർ ഗ്രൂപ്പെന്ന കൂലി പട്ടാളത്തിന്റെ പിറവി. 

വാഗ്നർ ഗ്രൂപ്പിന്‍റെ പിറവി

Latest Videos

2014 റഷ്യ യുക്രൈനെ ആക്രമിച്ച് ക്രൈമിയ പിടിച്ചെടുത്ത സമയത്താണ് വാഗ്നർ ഗ്രൂപ്പിന്റെ പിറവി. അന്ന് റഷ്യൻ സൈനികരോടൊപ്പം വാഗ്നർ സംഘവും റഷ്യക്കായി ആയുധമെടുത്തു. റഷ്യൻ  രഹസ്യാന്വേഷണ വിഭാഗമായ ജിആർയുവിൽ  പ്രവർത്തിച്ച ലഫ്. കേണൽ ദമിത്രി ഉട്കിനാണ് വാഗ്നർ ഗ്രൂപ്പിന്റെ സ്ഥാപകൻ. ഉട്കിന്റെ സൈന്യത്തിലെ രഹസ്യ പേരായിരുന്നു വാഗ്നർ. ഇതാണ് വാഗ്നർ ഗ്രൂപ്പെന്ന പേര് വരാൻ കാരണം. പക്ഷേ ഈ സ്വകാര്യ സായുധ സംഘത്തിന് പിറകിൽ പുടിന്റ വിശ്വസ്തനായ പ്രിഗോഷിനായിരുന്നു. യുക്രൈനിലെ റഷ്യൻ വിമതരെ പിന്തുണച്ച് കൊണ്ടായിരുന്നു ആദ്യ കാല പ്രവർത്തനം. റഷ്യ ക്രൈമിയ കീഴടക്കിയതോടെ സംഘം പ്രശസ്തമായി.

റഷ്യക്ക് പുറത്തേക്ക്

പിന്നീട് റഷ്യക്ക് പുറത്തേക്കും വാഗ്നര്‍ സംഘം ഇടപെട്ട് തുടങ്ങി. 2015 മുതൽ സിറിയയിൽ വാഗ്നർ കൂലി പട്ടാളത്തിന്റെ സാന്നിധ്യമുണ്ട്. വിമതരെ നേരിടാൻ സർക്കാർ അനുകൂല സേനയ്‌ക്കൊപ്പമാണ് പ്രവർത്തനം. ലിബിയയിൽ ജനറൽ ഖലീഫ അഫ്താറിനൊപ്പമാണ് വാഗ്നർ സംഘം. മാലിയിൽ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പമുള്ളതും ഈ കൂലിപ്പട തന്നെയാണ്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി പല പ്രമുഖരുടെ സുരക്ഷാ ഉദ്യോഗസ്ഥരായും ഈ സംഘമുണ്ട്. ആഫ്രിക്കയിൽ സ്വർണ, വജ്ര ഖനികളുടെ നടത്തിപ്പുകാരായും കാവൽക്കാരായും പ്രവര്‍ത്തിക്കുന്നുണ്ട്.

വാഗ്നർ ഗ്രൂപ്പിലെ അംഗങ്ങള്‍

പരിചയസമ്പന്നരായ മുന്‍ സൈനികരാണ് വാഗ്നര്‍ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും. ആഭ്യന്തര സംഘർഷത്തിൽ തകർന്ന സിറിയ, ലിബിയ പോലുള്ള രാജ്യങ്ങളിലെ മുൻ സൈനിക ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ട്. യുക്രൈൻ യുദ്ധത്തിനായി  റഷ്യൻ തടവുകാരെ വാഗ്നർ ഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.  യുദ്ധമുഖത്തെ പോരാട്ടത്തിൽ ആറ് മാസം പങ്കെടുത്താൽ ജയിൽ മോചനം വാഗ്ദാനം ചെയ്താണ് തടവുകാരെ സംഘത്തിൽ ചേർത്തിരുന്നത്. തുടക്കത്തിൽ 100 പേർ മാത്രം ഉണ്ടായിരുന്ന സംഘം പിന്നീട് ഒരു ലക്ഷം പേരിലേക്ക് വളർന്നു.

റഷ്യൻ സേനയെ നയിച്ച ചരിത്രം

യുക്രൈൻ യുദ്ധത്തോടെയാണ് സംഘം പ്രത്യക്ഷമായി ഇടപടാൻ തുടങ്ങിയത്. ലുഹാൻസാകിലടക്കം റഷ്യൻ സേനയെ മുന്നിൽ നിന്ന് നയിച്ചു. സൈന്യം മടിച്ചു നിന്നിടത്തായിരുന്നു കൂലി പട്ടാളത്തിന്റെ മുന്നേറ്റം. ചില ഇടങ്ങിൽ റഷ്യൻ സൈനികർ പോലും വാഗ്നർ കാമാൻഡറുടെ കീഴിൽ പ്രവർത്തിക്കേണ്ടി വന്നു. ഇതോടെ സൈന്യത്തിലടക്കം സംഘത്തിന്റെ സ്വാധീനവും വർധിച്ചു. പ്രഗോഷിൻ പ്രത്യക്ഷമായി നേതൃത്വവും ഏറ്റെടുത്തു. 2022 സെപ്റ്റംബറിലാണ് ഇതൊരു സൈനിക ഗ്രൂപ്പാണെന്നു പ്രഗോഷിൻ ആദ്യമായി തുറന്നുസമ്മതിക്കുന്നത്. അതേ വർഷം തന്നെ വാഗ്നർ പി എം സി എന്ന പേരിൽ രജിസ്റ്ററും ചെയ്തു.

സ്വകാര്യ സൈനിക സംഘത്തിന് പ്രവർത്തനാനുമതി ഇല്ലാത്ത രാജ്യമാണ് റഷ്യ.  വാഗ്നർ സംഘങ്ങൾ യുദ്ധകുറ്റം ചെയ്താലും  റഷ്യക്ക് ഒഴിഞ്ഞു മാറാനാകും. കൂടെ റഷ്യൻ താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. കൂലി പട്ടാളമായി ആഫ്രിക്കൻ റിപ്പബ്ലിക്കിലെത്തിയ സംഘം ഇവിടെ സ്വർണ ഖനന കരാറുകൾ നേടിയതായും, റഷ്യൻ വ്യോമസേനാ വിമാനം ഇക്കാലയളവിൽ ഇവിടെ തുടർച്ചയായി എത്തിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2018ൽ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മൂന്ന് റഷ്യൻ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ വാഗ്നർ ഗ്രൂപ്പാണെന്ന് ആരോപണം ഉയർന്നു. പിടിച്ചെടുത്ത ഖനികളിൽ തൊഴിലാളികളെ കൊലപ്പെടുത്തിയെന്നും, പ്രദേശ വാസികളെ ഉപദ്രവിച്ചെന്നും ആരോപണങ്ങളുണ്ട്. ഈ ജനുവരിയിൽ അമേരിക്ക് വാഗ്നർ സംഘത്തെ അന്തർ ദേശീയ ക്രമിനൽ സംഘമായി പ്രഖ്യാപിച്ചത്.

യുക്രൈൻ യുദ്ധത്തിൽ  50000 വാഗ്നര്‍ കൂലിപ്പടയാണ് ഇറങ്ങിയത്. ഇതിൽ 20000 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. റഷ്യൻ  യുദ്ധ തന്ത്രത്തിലെ പരാജയമാണ് ഇതിന് കാരണമെന്ന് പ്രഗോഷിൻ കുറ്റപ്പെടുത്തിയിരുന്നു. റഷ്യൻ സേന യുദ്ധമുഖത്ത് വിമുഖത കാണിക്കുന്നെന്നും മികച്ച ആയുധങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപിച്ചു. ഈ തുറന്നു പറച്ചിലോടെയാണ് പ്രഗോഷിനും പുടിനും തമ്മിലുള്ള ഉരച്ചിലിന്റെ തുടക്കം. ഇതാണ് ഒടുവിൽ വാഗ്നർ ഗ്രൂപ്പിനെ വിമത നീക്കത്തിലേക്കും അട്ടിമറി ശ്രമത്തിലേക്കും നയിച്ചത്. 

പ്രിഗോഷിന്റെ കൂലിപ്പട്ടാളത്തിന് സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് റഷ്യ; നിയമ നടപടികൾ ഉണ്ടാവില്ല

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!