വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് ബോധം വീണ്ടെടുത്ത ശേഷം സംഭവങ്ങൾ ഓര്‍മ്മിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്
സോൾ: രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാന ദുരന്തത്തിന്‍റെ ഞെട്ടിലിലാണ് ദക്ഷിണ കൊറിയ. ഞായറാഴ്ചയുണ്ടായ വിമാനാപകടത്തിൽ 179 പേരുടെ ജീവനാണ് നഷ്ടമായത്. 175 യാത്രക്കാർ അടക്കം 181 പേരുമായി തായ്‍ലാൻഡിൽ നിന്നുമെത്തിയ ജെജു വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ചാണ് തകര്‍ന്നത്. രണ്ട് പേര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് ബോധം വീണ്ടെടുത്ത ശേഷം സംഭവങ്ങൾ ഓര്‍മ്മിക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ വരുന്നത്. വിമാനത്തിലെ രണ്ട് ജീവനക്കാരാണ് രക്ഷപ്പെട്ടത്. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. , "എന്താണ് സംഭവിച്ചത്? ഞാൻ എന്താണ് ഇവിടെ?'' എന്നാണ് ബോധം വന്ന ശേഷം ക്രൂ മെമ്പറായ ലീ ചോദിച്ചതെന്നാണ് കൊറിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ലീയുടെ പ്രതികരണം ഷോക്ക് മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. “അദ്ദേഹം ഒരു പരിഭ്രാന്തിയിലാണെന്ന് തോന്നുന്നു, ഒരുപക്ഷേ വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷയെക്കുറിച്ചുള്ള കടുത്ത ആശങ്ക അദ്ദേഹത്തിനുണ്ടാകാം” - ഒരു ആശുപത്രി സ്റ്റാഫ് പറഞ്ഞു. യാത്രക്കാരെ സഹായിക്കാൻ ലീ വിമാനത്തിന്‍റെ പിൻഭാഗത്താണ് ഉണ്ടായിരുന്നത്. ഇടത് തോളിനും തലയ്ക്കും ഒടിവുണ്ടായതുൾപ്പെടെ സാരമായ പരിക്കുകളാണ് അദ്ദേഹത്തിനുള്ളത്. കുടുംബത്തിന്‍റെ അഭ്യർത്ഥനപ്രകാരം ലീയെ സോളിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജീവൻ രക്ഷപ്പെട്ട മറ്റൊരു ഫ്ലൈറ്റ് അറ്റൻഡൻ്റ്, 25 കാരനായ ക്വോൺ മോക്‌പോ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലാണ്. ക്വോണിന് തലയോട്ടിയിലെ മുറിവ്, കണങ്കാലിന് പൊട്ടൽ, വയറിന് പരിക്കുകൾ എന്നിവ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ലീയും ക്വോണും മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.