രാജ്യത്തെ ജിഡിപിയുടെ മൂന്നര ശതമാനം വരുന്ന തട്ടിപ്പ്; റിയൽ എസ്റ്റേറ്റ് പ്രമുഖക്ക് വധശിക്ഷ വിധിച്ച് കോടതി

By Web Team  |  First Published Apr 12, 2024, 11:43 AM IST

സർക്കാർ രേഖകൾ പ്രകാരം, 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബാങ്കിനെ നിയമവിരുദ്ധമായി നിയന്ത്രിച്ച് സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രധാന  ആരോപണം.


ഹാനോയ്: രാജ്യത്തെ എക്കാലത്തെയും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ വിയറ്റ്നാമീസ് റിയൽ എസ്റ്റേറ്റ് വ്യവസായി ട്രൂങ് മൈ ലാന് വ്യാഴാഴ്ച വധശിക്ഷ വിധിച്ചു. 2022ൽ 12.5 ബില്യൺ ഡോളറിൻ്റെ തട്ടിപ്പാണ് 67 കാരിയായ ബിസിനസുകാരിക്കെതിരെ ചുമത്തിയിരുന്നത്. ആഡംബര അപ്പാർട്ടുമെൻ്റുകൾ, ഹോട്ടലുകൾ, ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ രാജ്യത്ത് വൻകുതിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ വാൻ തിൻ ഫാറ്റിൻ്റെ അധ്യക്ഷയായിരുന്നു ട്രൂങ് മൈ ലാൻ. ഇതേ കേസിൽ ഇവരുടെ  മരുമകളും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ ട്രൂങ് ഹ്യൂ വാനിനും 17 വർഷത്തെ തടവിന് ശിക്ഷിച്ചു.

വിയറ്റ്‌നാമിൽ വധശിക്ഷ അസാധാരണമല്ലെങ്കിലും സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ അപൂർവമാണ്.  വിയറ്റ്നാമിലെ സെൻട്രൽ ബാങ്ക് ഏകോപിപ്പിച്ച സൈഗോൺ ജോയിൻ്റ് കൊമേഴ്‌സ്യൽ ബാങ്കിന്റെ ലയനത്തിന് ലാൻ നേതൃത്വം നൽകിയിരുന്നു. സർക്കാർ രേഖകൾ പ്രകാരം, 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബാങ്കിനെ നിയമവിരുദ്ധമായി നിയന്ത്രിച്ച് സ്വകാര്യ നേട്ടങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് പ്രധാന  ആരോപണം. തനിക്കും കൂട്ടാളികൾക്കും വായ്പ നൽകാൻ കടലാസ് കമ്പനികളെ ഉപയോഗിച്ചതായും രേഖകൾ പറയുന്നു. വായ്പകൾ 27 ബില്യൺ ഡോളറിൻ്റെ നഷ്ടമാണുണ്ടാക്കിയത്.

Latest Videos

5.2 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ കേന്ദ്ര ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായും ആരോപണമുയർന്നു. സർക്കാറിന് മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ ഇവരുടെ പ്രവൃത്തികൾ കാരണമായെന്നും കോടതി വിലയിരുത്തി.  2022ലാണ് ഇവർ അറസ്റ്റ് ചെയ്തത്.

click me!