ആരെന്നോ സംഭവം എന്തെന്നോ അറിയും മുൻപ് തന്നെ വസ്ത്രം ചൂണ്ടിക്കാട്ടി പലരും ആ സ്ത്രീ ഇന്ത്യക്കാരിയാണെന്ന് കമന്‍റ് ചെയ്തു.
ഒട്ടാവോ: കാനഡയിലെ ഹാലോവീൻ ആഘോഷങ്ങൾക്കിടെ ചുരിദാർ ധരിച്ച സ്ത്രീ മിഠായികളും മറ്റും മോഷ്ടിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ എത്തി. ആരെന്നോ സംഭവം എന്തെന്നോ അറിയും മുൻപ് തന്നെ വസ്ത്രം ചൂണ്ടിക്കാട്ടി പലരും ആ സ്ത്രീ ഇന്ത്യക്കാരിയാണെന്ന് കമന്‍റ് ചെയ്തു. ചില കമന്‍റുകളാകട്ടെ അധിക്ഷേപം നിറഞ്ഞതാണ്.
ഒന്‍റാറിയോയിലെ മാർഖാമിലെ കോർനെൽ പ്രദേശത്ത് യുവതി വീടുവീടാന്തരം കയറിയിറങ്ങി വരാന്തയിലിരിക്കുന്ന മിഠായികളും മധുര പലഹാരങ്ങളും മറ്റും മോഷ്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഹാലോവീൻ വേഷം ധരിച്ചെത്തുന്ന കുട്ടികൾക്ക് നൽകാനായി കരുതിവെച്ച മിഠായികളാണ്, ഒരു സഞ്ചിയുമായെത്തിയ യുവതി കൊണ്ടുപോയത്.
മാധ്യമ പ്രവർത്തകനും ദി ഫോക്‌നർ ഷോയുടെ അവതാരകനുമായ ഹാരിസൺ ഫോക്‌നർ ദൃശ്യം സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു. ഇന്നലെ രാത്രി ഒന്‍റാറിയോയിലെ മാർഖാമിൽ നിന്നുള്ളതാണിത്, എന്താണ് സംഭവിക്കുന്നത്? എന്ന് ചോദിച്ചുകൊണ്ട് ഷെയർ ചെയ്ത വീഡിയോ ഇതിനകം ആറ് ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു. പല സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരുമിച്ച് ചേർത്ത് ആരാണ് ഒരൊറ്റ വീഡിയോ ആക്കിയതെന്ന് വ്യക്തമല്ല.
ഹാലോവീന്‍റെ ഭാഗമായി പലവിധ വേഷങ്ങളിൽ കുട്ടികൾ 'ട്രിക്ക് ഓർ ട്രീറ്റ്' എന്ന് ചോദിച്ച് വീടുകളിൽ വരുമ്പോൾ അവർക്ക് നൽകാനായി സൂക്ഷിച്ചിരുന്ന മധുര പലഹാരങ്ങളും മിഠായികളുമാണ് യുവതി എടുത്തു കൊണ്ടുപോയത്. ഒരിടത്ത് നിന്ന് അലങ്കാര ബൾബുകളും കൊണ്ടുപോയി. വീഡിയോയ്ക്ക് താഴെ പലവിധ കമന്‍റുകൾ കാണാം. വേഷം കണ്ട് ഇന്ത്യൻ യുവതിയാണെന്ന് ചിലർ കുറിച്ചു. മറ്റു ചിലർ മിഠായിക്കായി വരുന്ന കുട്ടികൾ കിട്ടാതെ നിരാശരായി മടങ്ങുന്നതോർത്ത് സങ്കടപ്പെട്ടു. എന്നാൽ വീഡിയോയിലെ സ്ത്രീ ആരാണെന്നോ എന്തിനാണവർ മിഠായികളൊക്കെ കൊണ്ടുപോതെന്നോ വ്യക്തമല്ല. അവർ ഇന്ത്യക്കാരിയാണെന്നും സ്ഥിരീകരിച്ചിട്ടില്ല.
ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ ഈ ദിവസം വീടുകൾ സന്ദർശിക്കാൻ വരുമെന്നാണ് ഐതിഹ്യം. അതിനായി പേടിപ്പെടുത്തുന്ന പല രൂപങ്ങൾ വെച്ച് വീടിന് മുന്നിൽ അലങ്കരിക്കും. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കും. കുട്ടികൾ ട്രിക്ക് ഓർ ട്രീറ്റ് എന്ന് ചോദിച്ച് വീടുകൾ കയറിയിറങ്ങും. ട്രീറ്റ് എന്ന് പറഞ്ഞാൽ അവർക്ക് മധുര പലഹാരങ്ങളോ മിഠായിയോ നൽകണം. ട്രിക്ക് എന്ന് പറഞ്ഞാൽ അവർ കുസൃതി കാണിക്കും. പാശ്ചാത്യ രാജ്യങ്ങളിൽ തുടങ്ങിയ ഈ ആഘോഷം പിന്നീട് മറ്റ് രാജ്യങ്ങളിലും ആഘോഷിക്കാൻ തുടങ്ങി.
Trick or Steal spotted in Markham, Ontario last night.
What is going on?
pic.twitter.com/EFadsilC31
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം