മാർപാപ്പയുടെ വിമർശനത്തിനെതിരെ ഇസ്രയേൽ, വത്തിക്കാൻ സ്ഥാനപതിയെ വിളിപ്പിച്ചെന്ന് റിപ്പോർട്ട്

By Web Team  |  First Published Dec 26, 2024, 9:32 PM IST

ജറൂസലേമിലെ വത്തിക്കാൻ സ്ഥാനപതി നൂൺസിയോ അഡോൾഫോ ടിറ്റോ യല്ലാനയെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറലാണ് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ട്


ടെൽഅവീവ്: ഗാസയിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ പലപ്പോഴും ഫ്രാൻസിസ് മാർപാപ്പ വിമർശിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏഴ് കുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ അതിരൂക്ഷമായ വിമർശനമാണ് മാർപാപ്പ നടത്തിയത്. എന്നാൽ മാർപാപ്പയുടെ വിമർശനം ഇസ്രയേലിന് ഉൾക്കൊള്ളാനായിട്ടില്ല. ഇതിന് പിന്നാലെ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേൽ. മാർപാപ്പയുടെ വിമർശനങ്ങളോടുള്ള പ്രതിഷേധം അറിയിക്കാനായി വത്തിക്കാൻ സ്ഥാനപതിയെ ഇസ്രയേൽ വിളിപ്പിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ക്രിസ്മസിനെ വരവേറ്റ് ലോകം; യുദ്ധം തക‍ർക്കപ്പെട്ട സ്ഥലങ്ങളിൽ പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് മാർപാപ്പ

Latest Videos

undefined

ജറൂസലേമിലെ വത്തിക്കാൻ സ്ഥാനപതി നൂൺസിയോ അഡോൾഫോ ടിറ്റോ യല്ലാനയെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറലാണ് വിളിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ പോലും മാർപാപ്പ, ഇസ്രയേലിന് വിമർശിച്ചിരുന്നു. ഗാസയിൽ നടത്തുന്ന കൂട്ടക്കുരുതി ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് മാർപാപ്പ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും ലോകരാജ്യങ്ങൾ ഇടപെടണമെന്ന ആഹ്വാനവും മാർപാപ്പ നടത്തിയിരുന്നു. ലോകരാജ്യങ്ങൾ ഇടപെട്ട് ബന്ദികളെ മോചിപ്പിക്കണമെന്നും പട്ടിണിയും യുദ്ധവും മൂലം തളർന്നിരിക്കുന്ന ജനങ്ങൾക്ക് സഹായം നൽകണമെന്നും കഴിഞ്ഞ ദിവസം മാർപാപ്പ പറഞ്ഞിരുന്നു.

ഗാസയുടെ കാര്യം മാത്രമല്ല, യുക്രൈനിലെയും സുഡാനിലെയും സാഹചര്യം സമാധാനപരമാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന ശേഷം നടത്തിയ ക്രിസ്മസ് സന്ദേശം പ്രസംഗത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ലോകത്തെ യുദ്ധ സാഹര്യത്തെ വിമ‍ർശിച്ചത്. യുദ്ധവും അക്രമവും കാരണം തക‍ർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!