ഗാസക്കും വെസ്റ്റ് ബാങ്കിനും 100 മില്യന്റെ സഹായം നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു.
ഗാസ: ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും സാധാരണക്കാരെ ഹമാസ് മനുഷ്യകവചമാക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിൽ 500 പേർ മരിച്ചത് ഭീകരരുടെ റോക്കറ്റ് പതിച്ചാണെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. ഭീകരസംഘങ്ങൾക്ക് ഇസ്രയേലിനെ വീഴ്ത്താനാകില്ല. ഇസ്രയേൽ ജൂതരുടെ സുരക്ഷിത ഇടമായി തുടരണം. അതിനായി എല്ലാ ശക്തിയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുവെന്നും ബൈഡൻ പറഞ്ഞു. ഗാസക്കും വെസ്റ്റ് ബാങ്കിനും 100 മില്യന്റെ സഹായം നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ചു. അതേ സമയം, ഗാസയിലെ സാധാരണക്കാര്‍ക്കുള്ള സഹായം തടയില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഹമാസ് ആക്രമണത്തിന് പിന്നാലെ അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിൽ എത്തിയിരുന്നു. പശ്ചിമേഷ്യ സംഘർഷഭരിതമായി നിൽക്കെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കാൻ പറന്നെത്തിയ ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഗാസയിൽ അഞ്ഞൂറിലേറെപ്പേർ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഇസ്രയേലിലെത്തി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമർശം. ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭംഗംങ്ങളെയും ബൈഡൻ കണ്ടു. ഈജിപ്ത്, ജോർദാൻ ഭരണാധികാരികളെയും പലസ്തീൻ പ്രസിഡന്റിനേയും കാണാൻ ബൈഡന് പദ്ധതി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കൾ ബൈഡനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുകയാണുണ്ടായത്..