ക്രിസ്മസിന് യുക്രൈനിൽ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് ബൈഡൻ; 'യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകും'

By Web Team  |  First Published Dec 27, 2024, 12:42 AM IST

ക്രിസ്മസ് ദിനത്തിൽ 170 ലധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചതെന്ന് ബൈഡൻ ചൂണ്ടികാട്ടി


വാഷിംഗ്ടൺ: ക്രിസ്മസ് രാത്രിയിൽ യുക്രൈന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്ത്. യുക്രൈനിലെ പവർ ഗ്രിഡിന് നേരെ ക്രിസ്മസ് രാത്രിയിൽ റഷ്യ നടത്തിയ ആക്രമണത്തെ 'അതിശക്തമായ അതിക്രമം' എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് വിശേഷിപ്പിച്ചത്. യുക്രൈന്‍റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ, ക്രിസ്മസ് ദിനത്തിൽ 170 ലധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചതെന്ന് ബൈഡൻ ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ യുക്രൈന് നൽകുന്ന സൈനിക പിന്തുണ അമേരിക്ക വർധിപ്പിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

ട്രംപിന്റെ കാലത്തല്ല, കുടിയേറ്റക്കാരെ ഏറ്റവും കൂടുതൽ നാടുകടത്തിയത് ബൈഡന്റെ കാലത്ത് -റിപ്പോർട്ട്

Latest Videos

undefined

യുക്രൈനോടുള്ള അമേരിക്കയുടെ ഉറച്ച പിന്തുണയും ബൈഡൻ ആവർത്തിച്ചു. യുക്രൈന് നൽകിവരുന്ന ആയുധ വിതരണം അമേരിക്കൻ പ്രതിരോധ വകുപ്പ് വർധിപ്പിക്കുമെന്നും പ്രസിഡന്‍റ് വിവരിച്ചു. റഷ്യയുടെ അതിശക്തമായ അതിക്രമത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം യുക്രൈനൊപ്പം നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക, യുക്രൈന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകൾ നൽകിയതായും ആയുധ വിതരണം വർധിപ്പിക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ വിവരിച്ചു. ഈ ക്രൂരമായ ആക്രമണത്തിന്‍റെ ഉദ്ദേശം ശൈത്യകാലത്ത് വൈദ്യുതി വിതരണം താറുമാറാക്കി, യുക്രേനിയൻ ജനതയുടെ സുരക്ഷ അപകടത്തിലാക്കുകയായിരുന്നുവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

അതേസമയം ക്രിസ്മസ് ആഘോഷത്തിനിടെ രാജ്യത്തെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തെ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കിയും ശക്തമായ ഭാഷയിൽ അപലപിച്ചു. റഷ്യ നടത്തിയത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നാണ് സെലൻസ്കി അഭിപ്രായപ്പെട്ടത്. ശക്തമായ തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പിലാണ് യുക്രൈനെന്നും സെലൻസ്കി അവകാശപ്പെട്ടു. 'ആക്രമണത്തിനായി പുടിൻ മനഃപൂർവം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തു, ഇതിലും മനുഷ്യത്വരഹിതമായ മറ്റെന്താണുള്ളത്' - സെലെൻസ്‌കി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ ഉന്നയിച്ച ചോദ്യം ഇതായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!