നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ട്രംപിനെതിരായ ഹഷ് മണി കേസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി വീണ്ടും അധികാരത്തിലേറാനിരിക്കെ ഡോണൾഡ് ട്രംപിന് വീണ്ടും ഹഷ് മണി കേസ് നിർണായകമാകുന്നു. ജനുവരി 20 നാണ് ട്രംപിന്‍റെ സ്ഥാനാരോഹണം. അതിനിടയിൽ ജനുവരി 10 നായിരിക്കും ഹഷ് മണി കേസിൽ ട്രംപിന് ശിക്ഷ വിധിക്കുക. ശിക്ഷ വിധിക്കുന്നത് നീട്ടിവയ്ക്കണമെന്ന ട്രംപിന്‍റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് ന്യൂയോർക്ക് കോടതി ജഡ്ജി, ഈ മാസം 10 ന് തന്നെ ശിക്ഷ വിധിക്കുമെന്ന് വ്യക്തമാക്കിയത്. ഇന്നേക്ക് മൂന്നാം നാൾ വരുന്ന ശിക്ഷാ വിധി ട്രംപിനെ സംബന്ധിച്ചടുത്തോളം നിർണായകമായിരിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജയം കണക്കിലെടുത്തു കേസ് നടപടികൾ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. വിധി വരുന്ന വെള്ളിയാഴ്ച ട്രംപ് നേരിട്ടോ വെര്‍ച്വല്‍ ആയോ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റും നിയുക്ത പ്രസിഡന്റുമായ ട്രംപിന് ജയില്‍ശിക്ഷ വിധിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ട്രംപിനെ സംബന്ധിച്ചടുത്തോളം വലിയ ആശ്വാസം പകരുന്നതാണ്. നിയമപ്രകാരം 4 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ട്രംപിനെതിരായ ഹഷ് മണി കേസ്.
പോൺ താരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ അവർക്ക് പണം നൽകിയെന്നതാണ് വിവാദമായ ഹഷ് മണി കേസ്. 2006 ലാണ് ട്രംപുമായി സ്റ്റോമിക്ക് ലൈംഗിക ബന്ധമുണ്ടായിരുന്നത്. ഈ ബന്ധം മറച്ചുവയ്ക്കാനായി 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ട്രംപ്, 1.30 ലക്ഷം ഡോളർ നൽകിയെന്നും ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.
അതേസമയം ശിക്ഷാവിധി വൈകിപ്പിക്കാനോ മറ്റൊരു കോടതിയുടെ ഇടപെടൽ ആവശ്യപ്പെടാനോ ട്രംപിന് അപ്പീൽ കോടതിയോട് ആവശ്യപ്പെടാം. കേസ് അമേരിക്കൻ സുപ്രീം കോടതി വരെ കൊണ്ടുപോകാൻ അദ്ദേഹത്തിൻ്റെ അഭിഭാഷകർ മുമ്പ് നിർദ്ദേശിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം