ന്യൂയോർക്കിലെ മൻഹാട്ടനിലെ ഓഫീസ് ടവറും 70 ശതമാനം കിഴിവിൽ വിറ്റത് പലരെയും ഞെട്ടിച്ചു. ഇന്ത്യയിൽ പോലും ഇതിനേക്കാൾ മെച്ചമാണ് റിയൽ എസ്റ്റേറ്റ് രംഗമെന്നും അഭിപ്രായമുയർന്നു.
ന്യൂയോർക്ക്: അമേരിക്കയിൽ ഓഫിസ് സ്പെയ്സുകളുടെ വില കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്. കൊവിഡാനന്തര കാലത്തെ തൊഴിൽ സംസ്കാരം അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാന കമ്പനികളടക്കം റിമോട്ട്, ഹൈബ്രിഡ് വർക്ക് മോഡലുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഓഫീസ് കെട്ടിടങ്ങളുടെ വിൽപനയിലും ലീസിലുമാണ് വലിയ ഇടിവുണ്ടായിരിക്കുന്നത്. യുഎസിൻ്റെ തലസ്ഥാന നഗരമായ വാഷിംഗ്ടണിൽ ഓഫീസ് കെട്ടിടങ്ങളുടെ റിയൽ എസ്റ്റേറ്റ് രംഗം കുത്തനെ ഇടിഞ്ഞു. വാണിജ്യനഗരമായ ന്യൂയോർക്കിൽ പോലും പ്രധാന വാണിജ്യ ഓഫിസ് കെട്ടിടങ്ങളുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡിസിയിലെ ഒരു ഓഫീസ് കെട്ടിടം യഥാർഥ വിലയുടെ 75 ശതമാനം കിഴിവിൽ വിറ്റതായി യുഎസിലെ പ്രധാന റിയൽ എസ്റ്റേറ്റ് സംരംഭകൻ എക്സിൽ പങ്കുവെച്ചു. 1101 വെർമോണ്ട് അവന്യൂവിലെ 1,75,000 ചതുരശ്ര അടി ടവർ 16 മില്യൺ ഡോളറിനാണ് വിറ്റത്. 2018 ൽ കെട്ടിടത്തിന് 72 മില്യൺ ഡോളറായിരുന്നു വില കണക്കാക്കിയത്. 2006ൽ 60 മില്ല്യണിനാണ് കെട്ടിടം വാങ്ങിയത്. അതിന്റെ പകുതി പോലും വില ലഭിച്ചില്ല. വിൽപന വലിയ നഷ്ടത്തിലായിരുന്നുവെന്നും അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ തകർച്ചയുടെ പ്രതിഫലനമാണ് കാണുന്നതെന്നും അഭിപ്രായമുയർന്നു.
ന്യൂയോർക്കിലെ മൻഹാട്ടനിലെ ഓഫീസ് ടവറും 70 ശതമാനം കിഴിവിൽ വിറ്റത് പലരെയും ഞെട്ടിച്ചു. ഇന്ത്യയിൽ പോലും ഇതിനേക്കാൾ മെച്ചമാണ് റിയൽ എസ്റ്റേറ്റ് രംഗമെന്നും അഭിപ്രായമുയർന്നു. മുംബൈയിലെ ബികെസിയിലെ നിരക്കിൻ്റെ പകുതിയിൽ താഴെ മാത്രം വിലക്കായിരുന്നു വിൽപനയെന്ന് ഇന്ത്യൻ വ്യവസായി ഉദയ് കൊട്ടക്ക് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു.