രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി പേർ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന മാരകമായ രാസവസ്തുവാണ് ഫെന്റനൈൽ.
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധഭീതി അയവില്ലാതെ തുടരുന്നതിനിടെ ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റായ മാത്യൂ ലെവിറ്റ്. ഇറാൻ രാസായുധങ്ങൾ വികസിപ്പിച്ചതായി അദ്ദേഹം ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു. സൈനികരെയും സാധാരണക്കാരെയും ഒരുപോലെ ഇല്ലാതാക്കാൻ ശേഷിയുള്ള ശക്തമായ പദാർത്ഥങ്ങളായ ഫെൻ്റനൈൽ പോലെയുള്ള സിന്തറ്റിക് ഒപിയോയിഡുകൾ ഉപയോഗിച്ചാണ് ഇറാൻ രാസായുധങ്ങൾ വികസിപ്പിച്ചതെന്നും മാത്യു ലെവിറ്റ് മുന്നറിയിപ്പ് നൽകി. ഇവ ഗ്രനേഡുകളിലോ പീരങ്കികളിലോ വിന്യസിച്ചാൽ ആൾനാശം ഉറപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.
ഫെൻ്റനൈൽ പോലെയുള്ള ഒപിയോയിഡുകൾ, അനിമൽ ട്രാൻക്വിലൈസറുകൾ എന്നിവയ്ക്ക് നിയമാനുസൃതമായ മെഡിക്കൽ ഉപയോഗങ്ങൾ ഉണ്ടാകാം. എന്നാൽ, ഇവ ദുരുപയോഗം ചെയ്താൽ ഗുരുതരമായ രോഗങ്ങളോ മരണമോ പോലും സംഭവിക്കാം. ഒരാളെ കൊലപ്പെടുത്തണോ അതോ അബോധാവസ്ഥയിലേയ്ക്ക് തള്ളിവിടണോ എന്നത് ഇത്തരം രാസവസ്തുക്കളുടെ അളവിനെ ആശ്രയിച്ചിരിക്കും. അതിനാൽ, ഇസ്രായേൽ സൈനികരെയും സാധാരണക്കാരെയും തട്ടിക്കൊണ്ടുപോകാൻ ഹിസ്ബുല്ലയും ഹമാസും പോലെയുള്ള ഗ്രൂപ്പുകൾക്ക് ഇറാൻ ഇത്തരം രാസായുധങ്ങൾ കൈമാറാൻ സാധ്യത കൂടുതലാണെന്ന് മാത്യു ലെവിറ്റ് പറയുന്നു.
undefined
രാസായുധമായി ഉപയോഗിച്ചാല്‍ നിരവധി പേർ കൂട്ടത്തോടെ കൊല്ലപ്പെടാന്‍ കാരണമാകുന്ന രാസവസ്തുവാണ് ഫെന്റനൈൽ. ഇരയുടെ കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത്തരം രാസവസ്തുക്കൾ ബാധിക്കുന്നതെന്ന് മാത്യു ലെവിറ്റ് പറഞ്ഞു. ഒരിക്കൽ ശ്വസിച്ചാൽ, ഇരകൾക്ക് പൂർണ്ണ ബോധം നഷ്ടപ്പെടുകയും അബോധാവസ്ഥയിലുള്ള ഇരകളെ ബന്ദികളാക്കാനും കഴിയും. 1980-കളിലെ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് ഇറാനെതിരെ ഇറാഖ് മസ്റ്റാർഡ് ഗ്യാസ് പോലെയുള്ള രാസായുധങ്ങൾ പ്രയോഗിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അന്ന് ഇറാൻ രാസായുധത്തിന്റെ ഇരയായിരുന്നു. 10 ലക്ഷത്തോളം ആളുകളാണ് അന്ന് ഇറാനിൽ മരിച്ചുവീണതെന്നും മാത്യു ലെവിറ്റ് ചൂണ്ടിക്കാട്ടി.