അടുത്തിടെ സിറിയയിലെ അമേരിക്കയുടെ സൈനികർക്ക് നേരെയുണ്ടായ റോക്കറ്റാക്രമണത്തിന് മറുപടിയായാണ് തിരിച്ചടി.
ദമാസ്കസ്: സൈനികർക്ക് നേരെ സമീപകാലത്ത് സിറിയയിൽ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയുമായി അമേരിക്ക. സിറിയയിലെ ഭീകര സംഘങ്ങൾക്ക് നേരെയാണ് അമേരിക്കയുടെ സെൻട്രൽ കമാൻഡ് ഫോഴ്സ് ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. അടുത്തിടെ സിറിയയിലെ അമേരിക്കയുടെ സൈനികർക്ക് നേരെ റോക്കറ്റാക്രമണം ഉണ്ടായിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമായിരുന്നു അമേരിക്കയുടെ തിരിച്ചടി.
സിറിയയിലെ ഭീകര സംഘങ്ങളുടെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണമാണ് ഉണ്ടായത്. അമേരിക്കയുടെ ഉദ്യോഗസ്ഥർക്കും സൈനികർക്കും നേരെയുണ്ടാകുന്ന ഒരു തരത്തിലുള്ള ആക്രമണവും വെച്ചുപൊറുപ്പിക്കില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം നിലനിർത്തുമെന്നും സെൻട്രൽ കമാൻഡിൻ്റെ കമാൻഡർ ജനറൽ മൈക്കൽ എറിക് കുറില്ല മുന്നറിയിപ്പ് നൽകി. സിറിയയിലെ ആക്രമണത്തിൽ അമേരിക്കൻ സേനയുടെ ഭാഗത്ത് ഒരു തരത്തിലുള്ള കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും അമേരിക്കൻ സേനയ്ക്കോ ഉദ്യോഗസ്ഥർക്കോ സഖ്യകക്ഷികൾക്കോ എതിരെ ആക്രമണം തുടർന്നാൽ അതേ രീതിയിൽ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
undefined
അതേസമയം, യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒന്നിലധികം ആയുധ സംഭരണ കേന്ദ്രങ്ങളിൽ നവംബർ 9, 10 തീയതികളിൽ അമേരിക്കയുടെ സെൻട്രൽ കമാൻഡ് ഫോഴ്സ് ശക്തമായ വ്യോമാക്രമണം നടത്തിയതായി പെൻ്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ അറിയിച്ചിരുന്നു. ചെങ്കടലിലും ഏദൻ ഉൾക്കടലിലും അമേരിക്കയുടെയും മറ്റും കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന നൂതന ആയുധങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയെന്നും ഹൂതികളുടെ നിയമവിരുദ്ധമായ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.