ബ്രിട്ടീഷ്-സിറിയൻ പൗരയായ അസ്മ ലണ്ടനിലാണ് ജനിച്ചതും വളർന്നതും. 2000-ൽ 25-ാം വയസിൽ സിറിയയിലേക്ക് താമസം മാറിയ അവർ അതേ വർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു
മോസ്കോ: അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രസിഡന്‍റ് ബാഷർ അൽ അസദിന്‍റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോര്‍ട്ട്. മോസ്കോയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിനാലാണ് വിവാഹമോചനം തേടിയതെന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷർ അൽ അസദും കുടുംബവും റഷ്യയിൽ അഭയം തേടിയിരുന്നു.
ബ്രിട്ടീഷ്-സിറിയൻ പൗരയായ അസ്മ ലണ്ടനിലാണ് ജനിച്ചതും വളർന്നതും. 2000-ൽ 25-ാം വയസിൽ സിറിയയിലേക്ക് താമസം മാറിയ അവർ അതേ വർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. അസ്മ റഷ്യൻ കോടതിയിൽ വിവാഹമോചന അപേക്ഷ സമർപ്പിക്കുകയും മോസ്കോ വിടാൻ പ്രത്യേക അനുമതി തേടുകയും ചെയ്തിട്ടുണ്ട്. അസ്മയുടെ അപേക്ഷ റഷ്യൻ അധികൃതര്‍ അവലോകനം ചെയ്യുകയാണെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
undefined
അതേസമയം, സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ബാഷർ അൽ അസദ് പ്രതികരിച്ചിരുന്നു. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. മോസ്‌കോയിൽ അഭയം തേടി ഒൻപത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവന്നത്. പ്രസിഡന്‍റ് ബാഷർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന. ഡിസംബർ എട്ട് രാത്രിയാണ് അസദ് സിറിയ വിട്ടത്.
തീവ്രവാദികൾക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയിൽ പെട്ടുകഴിഞ്ഞാൽ പദവിയിൽ തുടരുന്നത് അർത്ഥശൂന്യമാണ്. എന്നാൽ സിറിയൻ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. ഡിസംബർ 8 പുലർച്ചെ വരെ ദമാസ്കസിൽ ഉണ്ടായിരുന്നു. റഷ്യൻ വ്യോമത്താവളം ആക്രമിച്ചപ്പോഴാണ് തനിക്ക് രാജ്യം വിടേണ്ടിവന്നത്. ഡ്രോൺ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു.