കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ സ്കൂളുകൾക്ക് നേരെയുണ്ടായ അഞ്ചാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്
ഗാസ: മധ്യ ഗാസയിൽ ഞായറാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 22 പലസ്തീൻകാർ. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. ഇസ്രയേൽ ആക്രമണത്തിൽ കിടപ്പാടം നഷ്ടമായ നിരവധിപ്പേരായിരുന്നു ഇവിടെ ആശ്രയം തേടിയിരുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വാദം.
എന്നാൽ ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ ബിബിസി അറബികിനോട് പ്രതികരിച്ചത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് അന്തർദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ സ്കൂളുകൾക്ക് നേരെയുണ്ടായ അഞ്ചാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. തിങ്കളാഴ്ചയും മധ്യ ഗാസയിൽ വ്യോമാക്രമണം ഉണ്ടായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മഗ്ഹാസി അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളാക്കപ്പെട്ടവരെ വിട്ടയ്ക്കുന്നതടക്കമുള്ള വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം.
കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ 70 ലേറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണ സമയത്ത് മേഖലയിൽ സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നുമാണ് ഇസ്രയേൽ വിശദമാക്കുന്നത്.
ഹമാസ് സൈനിക നേതാവായ മുഹമ്മദ് ദേയ്ഫും അനുയായിയും കൊല്ലപ്പെട്ടോയെന്ന് തീർച്ചയില്ലെന്നും എന്നാൽ മേഖലയിൽ ബന്ദികളില്ലെന്ന് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെയാണ് ആക്രമണം നൽകാൻ അനുമതി നൽകിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച ടെൽ അവീവിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം