യുക്രൈൻ റഷ്യ യുദ്ധം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം എന്നിവ പരിഹരിക്കാൻ യുഎ ന്നിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ജയശങ്കർ വിമർശിച്ചു
ദില്ലി: ഐക്യരാഷ്ട്രസഭയ്ക്കതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യു എൻ ഓള്‍ഡ് കമ്പനിയെന്നാണ് എസ് ജയശങ്കര്‍ വിമർശിച്ചത്. ഐക്യരാഷ്ട്രസഭ ഇന്നും ഒരു പഴയ കമ്പനിയെപ്പോലെയാണെന്നും അത് വിപണിയുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. ലോകത്ത് രണ്ട് സംഘര്‍ഷങ്ങള്‍ നടക്കുമ്പോൾ യു എൻ കാഴ്ച്ചക്കാരനായി ഇരിക്കുകയാണ്. യുക്രൈൻ റഷ്യ യുദ്ധം, ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം എന്നിവ പരിഹരിക്കാൻ യുഎ ന്നിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ജയശങ്കർ വിമർശിച്ചു.
അതേസമയം ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ തിങ്കളാഴ്ച പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആശങ്ക വ്യാപിക്കുകയാണ്. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനടക്കം ഇസ്രയേൽ തിരിച്ചടി നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇറാന്റെ എണ്ണക്കിണറുകളും ആണവോർജ നിലയങ്ങളും ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ പറയുന്നു. ഇസ്രയേലിലേക്ക് കൂടുതൽ ആക്രമണത്തിന് ഹിസ്ബുല്ലയും ഇറാന്റെ നിഴൽ സംഘങ്ങളും ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്.
undefined
അതിനിടെ ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നും സംഭവത്തിൽ 26 പേര്‍ കൊല്ലപ്പെട്ടെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഗാസയിലെ ദേര്‍ അല്‍-ബലാഹ് പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും സ്കൂളിലുമാണ് ആക്രമണം ഉണ്ടായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കി. ആക്രമണത്തില്‍ 26 പേർക്ക് ജീവൻ നഷ്ടമായതായും നൂറോളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വിവരിച്ചു. ഇസ്രയേലിന്‍റെ ക്രൂരത വ്യക്തമാക്കുന്നതാണ് സ്കൂളിനും പള്ളിക്കും നേരെ നടത്തിയ ആക്രമണമെന്നും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അഭിപ്രായപ്പെട്ടു. എന്നാൽ മേഖലയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രതികരണം. ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേൽ വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം