'ആ ടാറ്റൂ, അതവൾ തന്നെ'; കൊല്ലപ്പെട്ട് 30 വർഷത്തിന് ശേഷം യുവതിയെ തിരിച്ചറിഞ്ഞു, നടന്നത് അതിക്രൂര കൊലപാതകം

By Web Team  |  First Published Nov 14, 2023, 8:06 PM IST

യുവതിയുടെ കൈത്തണ്ടയില്‍ പൂവിന്റെയും ഇലകളുടെയും ടാറ്റൂവാണുണ്ടായിരുന്നത്. ടാറ്റുവിന് താഴെയായി 'ആര്‍-നിക്ക്' എന്നും എഴുതിയിരുന്നു.


ബ്രസ്സൽസ്: അതിക്രൂരമായി കൊല്ലപ്പെട്ട യുവതി, 30 വർഷമായി ആളെ തിരിച്ചറിയാതെ ഫയലുകള്‍ക്കിടയിൽ കിടന്ന നിരവധി കേസുകളിലൊന്ന്. ഒടുവിൽ 'ഓപ്പറേഷന്‍ ഐഡന്റിഫൈ മീ' തുണച്ചു.  ബെൽജിയത്തിൽ 30 വർഷം മുമ്പ് കൊല്ലപ്പെട്ട ബ്രിട്ടീഷ് വനിതയെ തിരിച്ചറിഞ്ഞു. 1992-ല്‍ ആണ് ബെല്‍ജിയത്തില്‍ അതിക്രൂരമായി കൊല്ലപ്പെട്ടനിലയില്‍ ബ്രിട്ടീഷ് വനിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതി റിത റോബര്‍ട്ട്‌സ് ആണെന്നാണ്  30 വര്‍ഷത്തിന് ശേഷം ഇന്‍റർപോൾ സ്ഥിരീകരിച്ചത്. 

1992 ജൂണ്‍ മൂന്നാം തീയതിയാണ് ബെല്‍ജിയത്തിൽ ബ്രിട്ടീഷുകാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെങ്കിലും   മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായില്ല. യുവതിയുടെ മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനുമായില്ല. അടുത്തിടെ ഇന്‍റർപോൾ ആരംഭിച്ച  'ഓപ്പറേഷന്‍ ഐഡന്റിഫൈ മീ' എന്ന ക്യാമ്പയിനാണ് യുവതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. 

Latest Videos

യൂറോപ്പിലെ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ട, ഇതുവരെ തിരിച്ചറിയാത്ത 22 സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ 'ഓപ്പറേഷന്‍ ഐഡന്റിഫൈ മീ' എന്ന കാമ്പയിനിലൂടെ ഇന്‍റർപോൾ പുറത്തുവിട്ടിരുന്നു. ഇതിൽ അന്താരാഷ്ട്ര മാധ്യമമായ ബിബിസി പുറത്ത് വിട്ട ഒരു റിപ്പോർട്ടിലെ ചിത്രമാണ് റിത റോബര്‍ട്ട്‌സ് എന്ന യുവതിയുടെ തീരോധാനത്തിൽ ഒരു വഴിത്തിരിവുണ്ടാക്കിയത്.  ബിബിസി റിപ്പോർട്ടിൽ കൊല്ലപ്പെട്ട യുവതികളുടെ ചിത്രത്തിനൊപ്പം ഒരു ടാറ്റുവിന്‍റെ ചിത്രം ഉണ്ടായിരുന്നു.  കൈത്തണ്ടയിലുള്ള ടാറ്റൂവിന്റെ ചിത്രം കണ്ടാണ് ബന്ധുക്കള്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് യുവതിയുടെ ബന്ധുക്കള്‍ ബെൽജിയത്തിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. 

ബ്രിട്ടനിലെ കാര്‍ഡിഫ് സ്വദേശിനിയായ റിത റോബേര്‍ട്ട്‌സാണ് 30 വർഷം മുമ്പ് കൊല്ലപ്പെട്ടതെന്ന് ഒടുവിൽ പൊലീസും സ്ഥിരീകരിച്ചു.   യുവതിയുടെ കൈത്തണ്ടയില്‍ പൂവിന്റെയും ഇലകളുടെയും ടാറ്റൂവാണുണ്ടായിരുന്നത്. ടാറ്റുവിന് താഴെയായി 'ആര്‍-നിക്ക്' എന്നും എഴുതിയിരുന്നു. ഇതും യുവതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഷൂ എന്നിവയുടെ ചിത്രങ്ങളും ബന്ധുക്കള്‌ സ്ഥിരീകരിച്ചതോടെ വർഷങ്ങളോളം നീണ്ട അന്വേഷണത്തിൽ വലിയ വഴിത്തിരിവുണ്ടാവുകയായിരുന്നു. 1992 മെയ് മാസം ഒരു പോസ്റ്റ് കാർഡിലൂടെയാണ് റിത അവസാനമായി തങ്ങളോട് ബന്ധപ്പെട്ടതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. പിന്നെ റിതയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തേടിയെത്തിയത് വിയോഗ വാർത്തയാണെന്നത് ഏറെ ദുഖകരമാണ്. എങ്കിലും റിതക്ക് എന്താണ് സംഭവിച്ചതെന്ന് വർഷങ്ങൾക്കിപ്പുറം അറിയാനായതിൽ പൊലീസിന് നന്ദി അറിയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. 

Read More : 'അവർ സേഫാണ്': ജീവനും കൈയ്യിൽപ്പിടിച്ച് ഗാസയിൽ നിന്ന് യാത്ര, ഇന്ത്യക്കാരായ അമ്മയും മകളെയും രക്ഷിച്ച് ദൗത്യ സംഘം

click me!