ലാൻഡിംഗിന് പിന്നാലെ വിമാനത്തിൽ രൂക്ഷഗന്ധം, പരിശോധനയിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങൾ

By Web Desk  |  First Published Jan 8, 2025, 1:48 PM IST

വിമാനത്തിനുള്ളിൽ അസ്വഭാവിക ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്


ഫ്ലോറിഡ: ലാൻഡിംഗിന് പിന്നാലെ വിമാനത്തിൽ രൂക്ഷ ഗന്ധം. വിമാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ. ചൊവ്വാഴ്ച രാത്രി അമേരിക്കയിലെ ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ന്യൂയോർക്കിൽ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയറുകൾ തിരിച്ചെത്തുന്ന വീൽ വെല്ലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുകൾ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ലാൻഡിംഗിന് പിന്നാലെ നടന്ന പരിശോധനയിലാണ് അസ്വഭാവിക മണത്തിന്റെ ഉറവിടം കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് വിമാനത്താവളത്തിലും വിമാനത്തിലും കയറിപ്പറ്റിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

Latest Videos

രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ലാൻഡിംഗ് ഗിയർ ഭാഗത്ത് ആളുകളെ കണ്ടെന്ന് ഗേറ്റ് ടെക്നീഷ്യൻ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങൾ ബോവാർഡ് കൌണ്ടി മെഡിക്കൽ എക്സാമിനർ പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. മരണകാരണം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വിമാന കമ്പനി ജീവനക്കാർക്കോ ക്രൂ അംഗങ്ങൾക്കോ സംഭവത്തിൽ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്നാണ് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് വിശദമാക്കുന്നത്. അതേസമയം സംഭവത്തേക്കുറിച്ച് പ്രതികരിക്കാൻ ന്യൂയോർക്ക് വിമാനത്താവള അധികൃതർ തയ്യാറായിട്ടില്ല. എല്ലാ തിങ്കളാഴ്ചകളിലുമാണ് ജെറ്റ് ബ്ലൂ എയർലൈനിന്റെ എയർ ബസ് എ320 വിമാനം സർവ്വീസ് നടത്തുന്നത്. 

ടേക്ക് ഓഫിനിടെ ചുണ്ണാമ്പ് കല്ലിൽ തട്ടി കടലിലേക്ക് കൂപ്പുകുത്തി ജല വിമാനം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ജമൈക്കയിൽ നിന്ന് പുറപ്പെടുന്ന വിമാനം ന്യൂയോർക്കിലേക്കും അവിടെ നിന്ന് സാൾട്ട് ലേക്ക് സിറ്റിയിലേക്കും പിന്നീട് ഹോളിവുഡിലേക്കും എത്തുന്നതാണ് രീതി. രണ്ട് ആഴ്ച മുൻപ് മാവിയിൽ നിന്ന് ചിക്കാഗോയിലേക്ക് എത്തി യുണൈറ്റഡ് എയറിന്റെ ലാൻഡിംഗ് ഗിയർ മേഖലയിൽ നിന്ന് മൃതദേഹം കണ്ടെത്തിയിരുന്നു. 2011ൽ പുറത്ത് വന്ന ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ലാൻഡിംഗ് ഗിയറിൽ ഇരുന്ന് യാത്ര ചെയ്യാൻ ശ്രമിക്കുന്നതിൽ 80 ശതമാനം ആളുകളും മരണപ്പെടുകയാണ് ചെയ്യുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!