പാരിസ്ഥിതിക പ്രതിഭാസം നിമിത്തം യാത്രക്കാരുടെ പ്രിയ ഭക്ഷണം മെനുവിൽ നിന്ന് നീക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനിയായ കൊറിയൻ എയർ
സിയോൾ: ലോകത്തിന്റെ എവിടെ പോയാലും തദ്ദേശീയ ഭക്ഷണ വിഭവങ്ങൾ പലർക്കും മാറ്റി വയ്ക്കാൻ സാധിക്കുന്നതല്ല. യാത്രകളിലും മറ്റും തദ്ദേശീയ ഭക്ഷണം രുചിക്കാൻ ലഭിക്കുന്നത് പലർക്കും ആശ്വാസകരമാണ്. എന്നാൽ പാരിസ്ഥിതിക പ്രതിഭാസം നിമിത്തം യാത്രക്കാരുടെ പ്രിയ ഭക്ഷണം മെനുവിൽ നിന്ന് നീക്കേണ്ട അവസ്ഥയിലാണ് വിമാന കമ്പനിയായ കൊറിയൻ എയർ. വിമാന യാത്രയ്ക്കിടെ നൽകിയിരുന്ന ഇൻസ്റ്റന്റ് ന്യൂഡിൽസാണ് കൊറിയൻ എയർ മെനുവിന് പുറത്താക്കിയത്.
വിമാനം ആകാശച്ചുഴിയിൽ വീഴുന്നത് പോലുള്ള സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ന്യൂഡിൽസ് യാത്രക്കാർക്ക് പൊള്ളൽ ഭീഷണി ഉയർത്തുന്നുവെന്ന വിലയിരുത്തലിലാണ് നടപടി. ഓഗസ്റ്റ് 15 മുതൽ ഇക്കണോമി ക്ലാസിലെ യാത്രക്കാർക്ക് ഇൻസ്റ്റന്റ് ന്യൂഡിൽസ് ലഭ്യമാകില്ലെന്നാണ് വിമാന കമ്പനിയായ കൊറിയൻ എയർ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കണോമി ക്ലാസിൽ സീറ്റുകൾ തമ്മിലുള്ള അകലം വളരെ കുറവായതിനാൽ ചെറിയ അശ്രദ്ധ പോലും സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ തീരുമാനം കൊണ്ട് സാധിക്കുമെന്നാണ് കൊറിയൻ എയർ വിശദമാക്കുന്നത്.
undefined
2019ന് ശേഷം ആകാശച്ചുഴി മൂലമുണ്ടാകുന്ന അസാധാരണ സംഭവങ്ങളിൽ വർധനവുണ്ടായിട്ടുണ്ട്. നേരത്തെ ദീർഘദൂര യാത്രക്കാർക്ക് സൌജന്യമായി ലഭ്യമായിരുന്ന വിഭവമായിരുന്നു ഇൻസ്റ്റന്റ് ന്യൂഡിൽസ്. സാൻഡ്വിച്ച്, കോൺഡോഗ്സ്, പിസ, ഹോട്ട് പോക്കറ്റസ് വിത്ത് ചീസ് അടക്കമുള്ളവയാണ് ഇൻസ്റ്റന്റ് ന്യൂഡിൽസിന് പകരം മെനുവിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. അതേസമയം തീരുമാനത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള സ്വീകാര്യതയല്ല ലഭിക്കുന്നത്. വിമാനയാത്രക്കാരിൽ വലിയ പങ്കും ഇഷ്ട ഭക്ഷണം മെനുവിൽ നിന്ന് ഒഴിവാകുന്നതിന്റെ എതിർപ്പ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മെനുവിൽ നിന്ന് ഇഷ്ട ഭക്ഷണത്തെ പൂർണമായി നീക്കാതിരിക്കാനായി ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും ഇൻസ്റ്റന്റ് ന്യൂഡിൽസ് ലഭ്യമാക്കാനും കൊറിയൻ എയർ മറന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം