ഇന്ത്യക്ക് സന്തോഷമാകും! 'പന്നൂ' കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

By Web Team  |  First Published Nov 15, 2024, 5:34 PM IST

കേസിൽ മുൻ ഇന്ത്യൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെയാണ് ട്രംപ് നീക്കം ചെയ്തത്


ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾക്ക് കാരണമായ ഗുർപത്വന്ത് സിംഗ് പന്നു വധശ്രമ കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനെ അമേരിക്കയിൽ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ മുൻ ഇന്ത്യൻ റോ ഉദ്യോഗസ്ഥൻ വികാസ് യാദവിനെ പ്രതിയാക്കിയ മാൻഹട്ടൻ ഫെ‍ഡറൽ പ്രോസിക്യൂട്ടറെ ട്രംപ് നീക്കം ചെയ്തു. പകരം പുതിയ പ്രോസിക്യൂട്ടറെയും ട്രംപ് നോമിനേറ്റ് ചെയ്തു. ഡാമിയൻ വില്യംസിനു പകരം മാൻഹട്ടൻ ഡിസ്ട്രിക്ട് പ്രോസിക്യൂട്ടറായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ മുൻ ചെയർമാൻ ജെയ് ക്ലെയ്‌റ്റനെയാണ് ട്രംപ് നിയമിച്ചത്.

ട്രംപിന്റെ വിജയം: അദാനിയുടെ കണ്ണുകൾ യുഎസിലേക്ക്, വൻ നിക്ഷേപ പ്രഖ്യാപനവുമായി ​ഗൗതം അദാനി

Latest Videos

undefined

അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്താൻ പോകുകയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ജെയ് സത്യത്തിന്റെ കരുത്തുറ്റ പോരാളി ആയിരിക്കുമെന്ന പ്രതീക്ഷയും നിയുക്ത പ്രസിഡന്‍റ് പങ്കുവച്ചു. അതേസമയം ട്രംപ് അധികാരമേറ്റ ശേഷം ജെയ് ക്ലെയ്‌റ്റന്‍റെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകേണ്ടതുണ്ട്. ശേഷമാകും ജെയ് ക്ലെയ്‌റ്റൻ ചുമതലയേൽക്കുക.

അതേസമയം ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ മാസം പത്താം തിയതിയാണ് മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെതിരെ അമേരിക്ക കുറ്റം ചുമത്തിയത്. പന്നുവിനെ വധിക്കാൻ നിഖിൽ ഗുപ്ത എന്നയാൾക്ക് വികാസ് യാദവ് നിർദേശം നൽകി എന്നായിരുന്നു അമേരിക്കയുടെ ആരോപണം. വികാസ് യാദവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവച്ച അമേരിക്ക, പ്രതിയെ കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തതോടെ ഇരു രാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. വികാസ് യാദവിനെ കൈമാറാൻ നിയമ തടസമുണ്ടെന്ന് അമേരിക്കയെ ഇന്ത്യ അറിയിക്കുകായിരുന്നു. വികാസിന് ഇന്ത്യയിൽ ക്രിമിനൽ കേസുണ്ടെന്നും വിചാരണ നേരിടുകയാണെന്നും അതിനാൽ കൈമാറാനാകില്ലെന്നുമാണ് ഇന്ത്യ അറിയിച്ചത്. മാത്രമല്ല മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ഡേവിഡ് ഹെഡ്ലി എന്ന ദാവൂദ് ജിലാനിയെ കൈമാറണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടുവച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!