53 അടിയിലെറെ നീളമുള്ള ട്രെക്ക് ഒരു വളവ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഒറിഗോൺ: നദിയിൽ നിക്ഷേപിക്കാനായി മത്സ്യക്കുഞ്ഞുങ്ങളുമായി പോയ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. തെറ്റായ നദിയിലേക്ക് എത്തിയത് 102000 സാൽമൺ മത്സ്യങ്ങൾ. അമേരിക്കൻ സംസ്ഥാനമായ ഒറിഗോണിലാണ് സംഭവം. ചെങ്കുത്തായ വളവിലാണ് ട്രക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. സാൽമൺ മത്സ്യങ്ങളുടെ എണ്ണം അപകടകരമായ അളവിൽ കുറഞ്ഞ ഇംന നദിയിൽ നിക്ഷേപിക്കാനായി ആയിരുന്നു ഒരുലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളുമായി ട്രെക്ക് ലുക്കിംഗ്ലാസിലുള്ള സർക്കാർ ഹാച്ചറിയിൽ നിന്ന് പുറപ്പെട്ടത്. ലുക്കിംഗ്ലാസിലെ ചെങ്കുത്തായ വളവുകളിലൊന്നിലാണ് ട്രെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ട്രെക്കിന് പിന്നിലെ കുറ്റൻ ടാങ്കിന് തകരാറുണ്ടായതിന് പിന്നാലെ 77000 ത്തോളം സാൽമൺ കുഞ്ഞുങ്ങളാണ് ലുക്കിംഗ്ലാസിലെ നദിയിലേക്ക് വീണത്. ആയിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങൾക്ക് നദിയിലേക്ക് എത്താനായെങ്കിലും നിരവധി മത്സ്യങ്ങൾ ചെങ്കുത്തായ പാറയിലും മറ്റും കുടുങ്ങി ചത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ലുക്കിംഗ്ലാസിലെ ഈ ജലപാതയിൽ ഇതിനോടകം വഹിക്കാവുന്നതിലും അധികം മത്സ്യങ്ങളുണ്ടെന്നാണ് വനംവകുപ്പ് കണക്ക് വിശദമാക്കുന്നത്. ഇതിനിടയിലേക്കാണ് പതിനായിരക്കണക്കിന് സാൽമണുകൾ കൂടി ഇവിടേക്ക് എത്തുന്നത്.
2 വർഷം പ്രായമുള്ള സാൽമൺ മത്സ്യങ്ങളെയാണ് അപകടത്തിന് പിന്നാലെ തെറ്റായ നദിയിലും ചെങ്കുത്തായ പാറക്കെട്ടിലുമായി നഷ്ടമായത്. 53 അടിയിലെറെ നീളമുള്ള ട്രെക്ക് ഒരു വളവ് തിരിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ട്രെക്കിലെ ടാങ്കിൽ കുടുങ്ങിയും പാറക്കെട്ടുകളിലുമായി 25000 മീൻ കുഞ്ഞുങ്ങളാണ് ചത്തതെന്നാണ് ഹാച്ചറി അധികൃതർ വിശദമാക്കുന്നത്. ജീവിതത്തിന്റെ ഏറിയ പങ്കും കടലിൽ ചെലവിടുകയും പക്ഷേ മുട്ടയിടാനായി ബഹുദൂരം സഞ്ചരിച്ച് നദികളിലേക്ക് എത്തുന്ന മത്സ്യങ്ങളാണ് സാൽമണുകൾ.
ഹൃദയാരോഗ്യം മുതൽ ചർമ്മ സംരക്ഷണം വരെയുള്ള ആരോഗ്യ സംരക്ഷണത്തിന് സാൽമൺ മത്സ്യത്തിന്റെ മാംസം സഹായിക്കുന്നതിനാൽ ഇവയ്ക്ക് വലിയ രീതിയിലാണ് ആവശ്യക്കാരുള്ളത്. കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളിൽ നിന്ന് നദികളിലേക്കുള്ള ഇവയുടെ മടക്ക യാത്രയ്ക്ക് വലിയ രീതിയിൽ വെല്ലുവിളി സൃഷ്ടിക്കുന്നതിനാൽ സാൽമൺ മത്സ്യങ്ങളെ വിവിധ സർക്കാരുകൾ ഹാച്ചറികളിൽ വളർത്തുന്നുണ്ട്. ഇംന നദിയിലേക്ക് തുറന്ന് വിടാനായി നിശ്ചയിച്ചിരുന്നതിന്റെ 20 ശതമാനത്തോളം സാൽമൺ മത്സ്യങ്ങളാണ് ഇത്തരത്തിൽ നഷ്ടമായതെന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം