സ്കൂളിൽ വിതരണം ചെയ്ത പരമ്പരാഗത വിഭവത്തിലൂടെ പടർന്നത് ഗുരുതര വൈറസ്, ഒറ്റ ദിവസത്തിനുള്ളിൽ രോഗബാധിതരായത് ആയിരങ്ങൾ

By Web Team  |  First Published Jul 7, 2024, 10:17 AM IST

ശനിയാഴ്ചയായപ്പോഴേയ്ക്കും ഗുരുതര ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 1024ആയി ഉയർന്നു. ഇതിന് പിന്നാലെയാണ് രോഗബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. രോഗികളിൽ 24 പേർ സ്കൂളിൽ നിന്നുള്ള ജീവനക്കാരും വിദ്യാർത്ഥികളുമായതാണ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സഹായകരമായത്


സിയോൾ: സ്കൂളിൽ വിളമ്പിയ പരമ്പരാഗത വിഭവത്തിലൂടെ പടർന്നത് ഗുരുതര വൈറസ്. ദക്ഷിണ കൊറിയയിൽ ഒരു ദിവസം കൊണ്ട് രോഗബാധിതരായത് ആയിരത്തിലേറെ പേർ. ദക്ഷിണ കൊറിയയിലെ നാംവോൺ നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ മുതലാണ് ഗുരുതരമായ നോറ വൈറസ് ബാധ ഇവിടെ സ്ഥിരീകരിച്ചത്. 996 പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു. ശനിയാഴ്ചയായപ്പോഴേയ്ക്കും ഗുരുതര ലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 1024ആയി ഉയർന്നു. ഇതിന് പിന്നാലെയാണ് രോഗബാധയുടെ ഉറവിടം തേടി ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. 

സ്കൂളിൽ വിതരണം ചെയ്ത ഉപ്പിട്ടതും പുളിപ്പിച്ചതുമായ പച്ചക്കറികൾ അടങ്ങിയ പരമ്പരാഗത കൊറിയൻ വിഭവമായ കിംചിയിലൂടെയാണ് നോറ വൈറസ് പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. രോഗികളിൽ 24 പേർ സ്കൂളിൽ നിന്നുള്ള ജീവനക്കാരും വിദ്യാർത്ഥികളുമായതാണ് രോഗബാധയുടെ ഉറവിടം കണ്ടെത്താൻ സഹായകരമായത്. അണു ബാധയേറ്റ പ്രതലത്തിൽ സ്പർശിക്കുന്നത് മൂലം വരെ പടരാൻ ശേഷിയുള്ള മാരക വൈറസാണ് നോറ വൈറസ്. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ദിവസങ്ങൾക്ക് കൊണ്ട് രോഗവിമുക്തി നേടാൻ സാധിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ വൈറസ് ബാധ സാരമായി ബാധിക്കാറുണ്ട്. ബുധനാഴ്ചയാണ് ഇവിടെ ആദ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ വളരെ പെട്ടന്ന് വൈറസ് പടർന്ന് പിടിക്കുകയായിരുന്നു. 

Latest Videos

undefined

സ്കൂളിലേക്ക് ഭക്ഷണ വിതരണം ചെയ്തിരുന്ന സ്ഥാപനത്തിന് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പതിവായി സ്കൂളിലേക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന ഇടങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധ വേണ്ട ഒന്നാണ് നോറ വൈറസ് ബാധ. 

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
· ആഹാരത്തിനു മുമ്പും, ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
· മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
· കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച്       ക്ലോറിനേറ്റ് ചെയ്യുക.
· ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
· പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!