ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയര്‍ ഊരിപ്പോയി, റോഡിലേക്ക് തെറിച്ചു വീണ് മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

By Web Team  |  First Published Jul 30, 2024, 11:46 AM IST

സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്‍റെ ടയര്‍ ഊരിപ്പോകുകയായിരുന്നു. ഇതോടെ വാഹനം ഹൈവേയില്‍ നിന്ന് തെന്നിമാറി. മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ച് വീണു. 


കാനഡ: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറടക്കം നാലുപേര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയര്‍ ഊരിത്തെറിച്ചതോടെയാണ് അപകടമുണ്ടായത്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കിലെ മില്‍ കോവിലാണ് അപകടം സംഭവിച്ചത്. 

വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 27ന് രാത്രി 9.35 ഓടെയാണ് കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലെ മിൽ കോവിലെ ഹൈവേ 2 ൽ അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ ടയര്‍ ഊരിപ്പോയതോടെ വാഹനം ഹൈവേയില്‍ നിന്ന് തെന്നി മാറി. മൂന്നുപേരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Latest Videos

Read Also -  അമീബിക് മസ്തിഷ്ക ജ്വരം: ജീവൻ രക്ഷാമരുന്ന്, സഹായം തേടി ആരോഗ്യ വകുപ്പ്; സൗജന്യമായി എത്തിച്ച് ഷംഷീർ വയലിൽ

ലുധിയാനയിലെ  മലൗദ് ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളാണ് മരിച്ചവരില്‍ രണ്ടുപേര്‍. മോൺക്‌ടണിലെ ഡേകെയറിൽ ജോലി ചെയ്തിരുന്ന ഹർമൻ സോമൽ (23), ഏതാനും മാസം മുൻപ് വിദ്യാർഥി വിസയിൽ കാനഡയിലെത്തിയ നവ്‌ജോത് സോമൽ (19) എന്നിവരാണ് മരിച്ച സഹോദരങ്ങൾ. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സമാനയിൽ നിന്നുള്ള സർക്കാർ അധ്യാപകരായ ഭൂപീന്ദർ സിങ്ങിന്‍റെയും സുചേത് കൗറിന്‍റെയും മകൾ രശ്ംദീപ് കൗർ (23) ആണ് അപകടത്തിൽ മരിച്ച മൂന്നാമത്തെ വിദ്യാർഥി. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ട മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായി ഓണ്‍ലൈനായി ഗോഫണ്ട്മീ ധനസമാഹരണ പേജ് തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!