ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ

By Web Team  |  First Published Nov 13, 2024, 7:00 PM IST

പ്രമുഖ ഹിസ്ബുല്ല കമാൻഡറായ മുഹമ്മദ് മൂസ സലാഹ് ഒക്‌ടോബർ ആദ്യം നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ അറിയിച്ചു.


ടെൽ അവീവ്: തെക്കൻ ലെബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡ‍ർമാരെ വധിച്ചെന്ന് ഇസ്രായേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന വ്യക്തമാക്കി. 

തെക്കൻ ലെബനനിലെ ഖിയാം മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രമുഖ ഹിസ്ബുല്ല കമാൻഡറായ മുഹമ്മദ് മൂസ സലാഹ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഗോലാൻ കുന്നുകൾ, അപ്പർ ഗലീലി എന്നിവയുൾപ്പെടെ ഇസ്രായേലിലെ പ്രദേശങ്ങൾ ലക്ഷ്യമിട്ട് 2,500-ലധികം റോക്കറ്റുകൾ വിക്ഷേപിക്കുകയും തെക്കൻ ലെബനനിലെ ഇസ്രായേൽ പ്രതിരോധ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തയാളാണ് മുഹ​മ്മദ് മൂസ സലാഹ് എന്ന് ഇസ്രായേൽ അറിയിച്ചു. 

Latest Videos

ഹിസ്ബുല്ലയുടെ ആന്റി ടാങ്ക് മിസൈൽ യൂണിറ്റിന് നേതൃത്വം നൽകിയ അയ്മാൻ മുഹമ്മദ് നബുൾസി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഉയർന്ന റാങ്കിലുള്ള ഹിസ്ബുല്ല ആൻ്റി ടാങ്ക് കമാൻഡറാണ് അയ്മാൻ മുഹമ്മദ് നബുൾസി. ഹിസ്ബുല്ലയുടെ മറ്റൊരു ഫീൽഡ് കമാൻഡർ ഹജ്ജ് അലി യൂസഫ് സലാഹ്, ഗജർ മേഖലയ്ക്ക് ചുറ്റുമുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച മറ്റൊരു മുതിർന്ന കമാൻഡർ എന്നിവരെയും വ്യോമാക്രമണങ്ങളിൽ വധിച്ചതായി ഇസ്രായേൽ അറിയിച്ചു. 

READ MORE: ​ഗർഭിണിയായ ഭാര്യയെ ചിരവ കൊണ്ട് കുത്തിയ കേസ്; വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച പ്രതി മുംബൈയിൽ പിടിയിൽ

click me!