ഇന്ത്യയ്ക്ക് മുന്നിൽ സുപ്രധാന ആവശ്യവുമായി താലിബാൻ; അഫ്ഗാനിൽ നിന്നുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും വിസ നൽകണം

By Web Desk  |  First Published Jan 10, 2025, 2:43 PM IST

അഫ്ഗാൻ പൗരന്മാരായ രോഗികൾക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം


ദില്ലി: അഫ്‌ഗാനിസ്ഥാൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് ഇന്ത്യ പുനഃസ്ഥാപിക്കണമെന്ന് താലിബാൻ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാൻ വിദേശകാര്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ചികിത്സയ്ക്കായി ഇന്ത്യയിൽ  എത്തുന്നവർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമുള്ള വിസ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. താലിബാൻ ഭരണം വന്ന സാഹചര്യത്തിൽ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നൽകുന്നത് നിർത്തിവച്ചത്. താലിബാൻ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തിൽ വിസ നൽകുന്നതിൽ ഉന്നത തലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്ഥാനും താലിബാനും ഇടയിലെ സംഘർഷം കാരണം അഫ്ഗാനിലേക്ക് മടങ്ങിയ അഭയാർത്ഥികൾക്ക് മാനുഷിക സഹായം നല്കാൻ ഇന്ത്യ സമ്മതിച്ചു.

Latest Videos

താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തിയതിന്, താലിബാൻറെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങൾ ഇന്ത്യ അംഗീകരിച്ചതായി അർത്ഥമില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. ചൈന അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയിൽ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പരസ്യ ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായത്. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകൾക്ക് അഫ്ഗാൻ ഭരണകൂടം ഒരു സഹായവും നൽകരുതെന്ന് വിദേശകാര്യ സെക്രട്ടറി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.  ചർച്ച നടന്നെങ്കിലും താലിബാൻ സർക്കാരിന് ഇന്ത്യ തത്കാലം ഔദ്യോഗിക അംഗീകാരം നൽകാൻ സാധ്യതയില്ല.

click me!