ചൊവ്വാഴ്ചയാണ് രാജ്യ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പുണ്ടായത്. മുൻപരിചയമില്ലാത്ത അക്രമിയാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടതായി പൊലീസ്. അക്രമി അടക്കമുള്ളവർ കൊല്ലപ്പെട്ടതായാണ് പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് രാജ്യ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവയ്പുണ്ടായത്. മുൻപരിചയമില്ലാത്ത അക്രമിയാണ് വെടിവച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. വെടിവയ്പിന് കാരണമായ വിഷയം എന്താണെന്നും കൃത്യമായ ധാരണയില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. നാല് പേരെ ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സ്ഥാപനം കത്തിക്കാനും ആളുകളെ ആക്രമിക്കാനും ലക്ഷ്യമിട്ടുള്ള വെടിവയ്പാണ് നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. പ്രായപൂർത്തിയായ വിദ്യാർത്ഥികൾക്കുള്ള സ്ഥാപനത്തിലാണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം പന്ത്രണ്ടരയോടെയാണ് വെടിവയ്പ് നടന്നത്.
പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ സൌകര്യം നൽകുന്ന സ്ഥാപനത്തിലാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നാലെ സമീപത്തുള്ള സ്കൂളുകളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വലിയ ദുരന്തമാണ് സംഭവിച്ചതെന്നും രാജ്യത്തെ സ്കൂളുകൾ ബുധനാഴ്ചയോടെ പ്രവർത്തിക്കുമെന്നുമാണ് നീതിന്യായ മന്ത്രി വിശദമാക്കിയത്. പത്തിലധികം റൌണ്ട് വെടിയുതിർത്തതായാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ് അതിക്രമം ആയാണ് സംഭവത്തെ വിലയിരുത്തിയത്. പഠിതാക്കൾ നിലത്ത് രക്തത്തിൽ കുളിച്ചിരിക്കേണ്ട അവസ്ഥയുണ്ടായതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം