സുഡാനിൽ 14 ദിവസത്തേക്ക് അതിർത്തി അടച്ചു; ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

By Web Team  |  First Published Apr 17, 2023, 10:09 AM IST

ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്ഥിതിയാണ്. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരണം 83 ആയി ഉയർന്നു


തിരുവനന്തപുരം: സുഡാനിൽ ആഭ്യന്തര സംഘർഷത്തിനിടെ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. സുഡാൻ അതിർത്തി 14 ദിവസം അടച്ച സാഹചര്യത്തിലാണിത്. മൃതദേഹം ഖർത്തൂമിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആൽബർട്ടിന്റെ ഭാര്യയും മകളും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ് കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് കഴിയുന്നത്.

അതേസമയം സുഡാനിൽ സംഘർഷം തുടരുകയാണ്. സൈനിക തലവൻ ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാനും ഇദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന അർധ സൈനിക വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും തമ്മിലെ ഭിന്നതയാണ് ചോര ചീന്തിയ ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണം. മൂന്നു ലക്ഷം പേരുടെ ജീവനെടുത്ത ദാർഫർ യുദ്ധത്തിന്റെ സൂത്രധാരനാണ് ജനറൽ അബ്ദുൽ ഫത്തഹ് അൽ ബുർഹാൻ. ഒട്ടേറെ യുദ്ധ കുറ്റകൃത്യങ്ങളിൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹംദാനും ആരോപണ വിധേയനാണ്.

Latest Videos

ഇവർ ഇരുവരും ഒന്നുചേർന്നാണ് സുഡാനിൽ ജനാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തെ അട്ടിമറിച്ചത്. മുപ്പതു വർഷമായി അധികാരത്തിലിരുന്ന പ്രസിഡന്റ് ഒമർ അൽ ബഷീർ 2019 ൽ ജനകീയ പ്രതിഷേധത്തിൽ പുറത്തായിരുന്നു. തുടർന്ന് ജനകീയ സർക്കാർ രൂപീകരിക്കാൻ സൈന്യവും പ്രതിപക്ഷ പാർട്ടികളും ധാരണയിൽ എത്തി. എന്നാൽ സമയമെടുത്തപ്പോൾ സൈന്യം അധികാരം കവരുകയും ചെയ്തു. ആർഎസ്എഫിനെ സൈന്യത്തിൽ ലയിപ്പിക്കാനെടുത്ത തീരുമാനമാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം.

ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് പടരുന്ന സ്ഥിതിയാണ്. ഇതുവരെ 1200 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരണം 83 ആയി ഉയർന്നു. ഒരു ലക്ഷത്തോളം വരുന്ന സുഡാൻ സൈന്യവും 40000 ത്തോളം വരുന്ന ആർ എസ് എഫും തമ്മിലാണ് സംഘർഷം. ഇരു പക്ഷത്തിനും വലിയ ആയുധ ശേഖരമുണ്ട്. ഖാർത്തൂമിന് പുറത്ത് നിരവധി നഗരങ്ങളിൽ സംഘർഷം നടക്കുന്നുണ്ട്. അർധ സൈനിക കേന്ദ്രങ്ങളിൽ സൈന്യത്തിന്റെ വ്യോമാക്രമണം വ്യോമത്താവളം തിരികെ പിടിച്ചതായി സുഡാൻ സൈന്യം വ്യക്തമാക്കുന്നു. വിമാന സർവീസ് പൂർണ്ണമായി നിലച്ചിരിക്കുകയാണ്.

സംഘർൽത്തെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് അപലപിച്ചു. സംഘർഷത്തിൽ യുഎൻ ഭക്ഷ്യ പരിപാടിയുടെ മൂന്നു പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യമാണ് സുഡാൻ. ഇവിടെ നാലരക്കോടിയാണ് ജനസംഖ്യ. അറബ് ലീഗ് അംഗമായ സുഡാനിൽ 91 ശതമാനം ജനങ്ങളും ഇസ്ലാം മത വിശ്വാസികളാണ്. ആറ് ശതമാനം പേർ ക്രിസ്തുമത വിശ്വാസികളാണ്.

click me!