വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നൽകി എന്നാണ് ഇറാൻ പ്രസിഡൻ്റിൻ്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി പറഞ്ഞത്.
ടെഹ്റാൻ: തങ്ങളുടെ എംബസി ആക്രമിച്ച ഇസ്രയേലിന് മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ഇറാൻ. ഇതിനിടയിൽ കയറി വരാതെ മാറിനിൽക്കാനാണ് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയും ഇസ്രയേലിനെതിരെ യുദ്ധ പ്രഖ്യാപനവുമായി രംഗത്തെത്തി.
വാഷിംഗ്ടണിന് രേഖാമൂലം മുന്നറിയിപ്പ് നൽകി എന്നാണ് ഇറാൻ പ്രസിഡൻ്റിൻ്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. നെതന്യാഹുവിൻ്റെ കെണിയിൽ വീഴരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. അടി കിട്ടാതിരിക്കാൻ അമേരിക്ക മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടെന്നും ജംഷിദി പറഞ്ഞു. എന്നാൽ ഇറാൻ അയച്ചെന്ന് പറയുന്ന സന്ദേശത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല.അതേസമയം അമേരിക്ക അതീവ ജാഗ്രതയിലാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇസ്രയേലും ഇറാന്‍റെ നീക്കങ്ങള്‍ ഉറ്റുനോക്കുകയാണ്. രാജ്യാതിർത്തിക്കുള്ളിൽ ജിപിഎസ് നാവിഗേഷൻ സേവനങ്ങൾ നിർത്തി. മിസൈലുകളെയും ഡ്രോണുകളെയും തടസ്സപ്പെടുത്തുന്നതിനായാണ് ഇസ്രായേലിൻ്റെ വിവിധ ഭാഗങ്ങളിൽ ജിപിഎസ് തടഞ്ഞത്. അവധി റദ്ദാക്കി മുഴുവൻ സൈനികരോടും തിരിച്ചെത്താനും നിർദേശം നൽകി. സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ജനറൽമാർ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാൻ തിരിച്ചടിച്ചാൽ നേരിടാനുള്ള സന്നാഹങ്ങള്‍ ഇസ്രയേൽ നടത്തുന്നത്.
വ്യാഴാഴ്ച മുതലാണ് ഇസ്രായേലിൻ്റെ മധ്യഭാഗങ്ങളിൽ ജിപിഎസ് സംവിധാനങ്ങൾ തടസ്സപ്പെട്ടത്. ടെൽ അവീവ്, ജറുസലേം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആപ്പുകള്‍ ഉപയോഗിക്കാൻ കഴിയുന്നില്ലെന്ന് ഇസ്രായേലി പൗരന്മാർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ജറുസലേമിൽ ആയിരുന്നപ്പോൾ തന്‍റെ ജിപിഎസ് കെയ്‌റോയിൽ എന്ന് കണ്ടതായി ഒരു ബിബിസി പ്രൊഡ്യൂസർ പറഞ്ഞു. അതേസമയം പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഇസ്രയേൽ സേന ജനങ്ങളെ അറിയിച്ചു. ജനറേറ്ററുകൾ വാങ്ങുകയോ ഭക്ഷണം കൂടുതലായി കരുതി വെയ്ക്കുകയോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് അറിയിപ്പ്.
ജിപിഎസ് നാവിഗേഷൻ തടഞ്ഞു, സൈനികരുടെ അവധി റദ്ദാക്കി; ഇറാൻ തിരിച്ചടിക്കുമെന്ന പേടിയിൽ ഇസ്രയേൽ
ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്‍ റെവല്യൂഷണറി ഗാർഡുകളായ (ഐആർജിസി) ഏഴ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റെസ സഹേദിയും മുഹമ്മദ് ഹാദി ഹാജി റഹിമിയും കൊല്ലപ്പെട്ടവരിലുണ്ട്. ശത്രുവിന് ശിക്ഷ ലഭിക്കാതെ ഈ കുറ്റകൃത്യം കടന്നുപോകില്ല എന്നാണ് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞത്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് മിസൈൽ വർഷിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം