സുരക്ഷിതമല്ലാത്ത രീതിയിൽ വന്യജീവികളെ നിരന്തരം കൈകാര്യം ചെയ്യുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായ പീനട്ട് എന്ന അണ്ണാനേയും ഫ്രെഡ് എന്ന റക്കൂണിനേയും ദയാവധത്തിന് വിധേയരാക്കിയത്
ന്യൂയോർക്ക്: പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ പീനട്ട് എന്ന അണ്ണാന് ദയാവധത്തിന് വിധേയമാക്കി. എന്നാൽ റാബീസ് നെഗറ്റീവെന്ന് പരിശോധനാ ഫലം. ന്യൂയോർക്കിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ അണ്ണാന്റെ റാബീസ് പരിശോധനാഫലമാണ് നെഗറ്റീവെന്ന് വ്യക്തമായത്. ഒക്ടോബർ 30നാണ് പീനട്ട് എന്ന അണ്ണാനെയും ഫ്രെഡ് എന്ന റക്കൂണിനേയും പരിസ്ഥിതി സംരക്ഷണ വകുപ്പ് ദയാവധത്തിന് വിധേയമാക്കിയത്. പെൻസിൽവാനിയ അതിർത്തിയിലുള്ള മൃഗശാലയിൽ നിന്നുള്ള റക്കൂണിനേയും മാർക്ക് ലോംഗോ എന്നയാൾ വളർത്തിയിരുന്ന പീനട്ട് എന്ന അണ്ണാനുമാണ് ദയാവധത്തിന് വിധേയമാക്കിയത്. സുരക്ഷിതമല്ലാത്ത രീതിയിൽ വന്യജീവികളെ നിരന്തരം കൈകാര്യം ചെയ്യുന്നുവെന്ന പരാതികളെ തുടർന്നായിരുന്നു നടപടി.
പീനട്ട് എന്ന സമൂഹമാധ്യമങ്ങളിലെ വൈറലായ അണ്ണാനെ വളർത്തിയിരുന്ന മാർക്ക് ലോംഗോയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതിൽ മൃഗസ്നേഹികളുടെ പ്രതിഷേധം അണപൊട്ടിയിരുന്നു. ഇതിനിടയിലാണ് പീ നട്ടിന് പേവിഷ ബാധ ഇല്ലായിരുന്നുവെന്ന സ്ഥിരീകരണം എത്തുന്നത്. പീനട്ട് ഒരാളെ കടിച്ചതായി പരാതി വന്നതിന് പിന്നാലെയാണ് അണ്ണാനെ പിടിച്ചെടുത്തത്. ഇൻസ്റ്റഗ്രാമിലും ടിക് ടോകിലുമായി ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന പീനട്ടിനെ ദയാവധത്തിന് വിധേയമാക്കാൻ പിടിച്ചെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ഇതിനോടകം വധഭീഷണി അടക്കമുള്ള ഉയർന്നു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് പീനട്ടിന് പേവിഷ ബാധ ഉണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
undefined
വർഷങ്ങൾക്ക് മുൻപ് റോഡ് മുറിച്ച് കടക്കുന്നതിനിടെ പരിക്കേറ്റ അണ്ണാനെ മാർക്ക് ലോംഗോ എന്ന യുവാവ് ചികിത്സിച്ച് ഭേദമാക്കിയിരുന്നു. പിന്നാലെ പീനട്ട് എന്ന് പേര് നൽകിയ അണ്ണാൻ യുവാവിനൊപ്പം താമസമാക്കുകയായിരുന്നു. പല വിധ വേഷങ്ങളും അണിഞ്ഞുള്ള പീനട്ടിന്റെ കുസൃതികൾ ഏറെപ്പേരാണ് ഇഷ്ടപ്പെട്ടിരുന്നത്. പീനട്ടിനെ പിടിച്ചെടുത്ത നടപടിയും ദയാവധത്തിന് വിധേയമാക്കിയ നടപടിയും വലിയ രീതിയിലുള്ള വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് മൃഗസംരക്ഷണ വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള പേവിഷ ബാധ റിപ്പോർട്ട് പുറത്ത് വരുന്നത്.
അണ്ണാനെ ഔദ്യോഗിക വളർത്തുമൃഗമാക്കാനുള്ള അനുമതി തേടിയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മൃഗസംരക്ഷണ വകുപ്പ് പീനട്ടിന് ദയാവധത്തിന് വിധേയമാക്കിയത്. ഏഴര വർഷത്തോളം പീനട്ടിനൊപ്പം ജീവിച്ചിട്ടും തനിക്ക് പേവിഷ ബാധയേറ്റിട്ടില്ലെന്നും തന്റെ വായിൽ നിന്ന് നുരയും പതയും വരുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നുമാണ് പീനട്ടിന്റെ പരിശോധനഫലം പുറത്ത് വന്നതിന് പിന്നാലെ മാർക്ക് ലോംഗോ ചൊവ്വാഴ്ച പ്രതികരിച്ചത്. പരിശോധനാഫലത്തോട് മൃഗസംരക്ഷണ വകുപ്പ് പ്രതികരിച്ചിട്ടില്ല. നേരത്തെ യുവാവ് അണ്ണാനെ വളർത്തുന്നതിനെതിരേയും അണ്ണാൻ ആളുകളെ ആക്രമിച്ചതായും പരാതി ലഭിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം