യൂറോപ്പിൽ ആദ്യമെന്ന് മനുഷ്യാവകാശ പ്രവർത്തകർ, പലായനം ചെയ്ത 6 റഷ്യൻ സൈനികർക്ക് വിസ നൽകി ഫ്രാൻസ്

By Web Team  |  First Published Oct 18, 2024, 12:50 PM IST

യുദ്ധമുഖത്ത് നിന്ന് റഷ്യൻ സൈനികർക്ക് താൽക്കാലിക വിസയുമായി ഫ്രാൻസ്. ഒളിച്ചോടിയ സൈനികരെ തിരിച്ചയയ്ക്കാൻ റഷ്യ സമ്മർദ്ദം തുടരുന്നതിനിടെയാണ് ഫ്രാൻസിന്റെ തീരുമാനം


പാരീസ്: യുദ്ധമുഖത്ത് നിന്ന് അഭയം തേടിയെത്തിയ ആറ് റഷ്യൻ സൈനികർക്ക് താൽക്കാലിക വിസ നൽകി ഫ്രാൻസ്. യുക്രൈനുമായുള്ള യുദ്ധമുഖത്ത് നിന്നാണ് ഈ സൈനികർ പലായനം ചെയ്തത്. ഇത്തരത്തിൽ യൂറോപ്പിലെ ആദ്യ സംഭവമാണ് ഇത്. രാഷ്ട്രീയ അഭയം തേടി പലപ്പോഴായാണ് ആറ് സൈനികർ ഫ്രാൻസിലെത്തിയത്.  ഗോ ബൈ ദി ഫോറസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയായിരുന്നു യുദ്ധമുഖത്ത് നിന്നുള്ള ഈ രക്ഷപ്പെടൽ. 

ഫെബ്രുവരി 2022ന് ശേഷം ഇത്തരത്തിൽ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുന്ന റഷ്യൻ സൈനികരുടെ എണ്ണം വർധിച്ചതായാണ് ദി ഗാർഡിയൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട സൈനികരായതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് പലപ്പോഴും പീഡനം നേരിടേണ്ടി വരുന്ന സാഹചര്യത്തിലായ സൈനികർക്കാണ് ഫ്രാൻസ് അഭയം നൽകിയിരിക്കുന്നത്. അർമേനിയ, കസാഖിസ്ഥാൻ അടക്കം റഷ്യൻ പാസ്പോർട്ട് കാണിക്കേണ്ടതില്ലാത്ത രാജ്യങ്ങളിൽ ഇത്തരത്തിൽ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട ഒളിച്ച് പാർക്കുന്ന സൈനികരെ തിരികെ അയയ്ക്കണമെന്ന് റഷ്യ സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഫ്രാൻസിന്റെ തീരുമാനം ശ്രദ്ധേയമാകുന്നത്. 

Latest Videos

undefined

അടുത്തിടെയാണ് റഷ്യൻ ഇന്റലിജൻസ് ഓഫീസറായ മിഖായേൽ ഖിലിനെ ഖസാക്കിസ്ഥാൻ റഷ്യയിലേക്ക് തിരികെ അയച്ചിരുന്നു. ഈ ഉദ്യോഗസ്ഥന് ആറര വർഷത്തെ തടവ് ശിക്ഷയാണ് റഷ്യ വിധിച്ചത്. ഫെബ്രുവരിയിൽ യൂറോപ്പിലേക്ക് രക്ഷപ്പെട്ട റഷ്യൻ യുദ്ധവിമാന പൈലറ്റ് മാക്സിം കുസ്മിനോവിനെ സ്പെയിനിലെ അലികാന്റേയിലെ അപാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

ഫെബ്രുവരി 2024ന് ശേഷം റഷ്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ നേരിട്ടിരുന്നു. ഇതിന് പിന്നാലെ റഷ്യൻ പൌരന്മാർക്ക് വിസ നൽകുന്നത് പല രാജ്യങ്ങളും നിർത്തി വച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് വിസ നൽകുന്നതിൽ റഷ്യയും പിശുക്ക് കാണിച്ചിരുന്നു. 2022ലേക്കാൾ 0.7 ശതമാനം കൂടുതൽ മാത്രം വിസകളാണ് യൂറോപ്പിൽ നിന്നുള്ളവർക്ക് റഷ്യ നൽകിയത്. എന്നാൽ 2021നേക്കാൾ 37.7 ശതമാനം കുറവാണ് ഇത്. 
യുക്രൈനുമായുള്ള യുദ്ധത്തിന് ശേഷം ഏറ്റവുമധികം റഷ്യൻ പൌരന്മാർക്ക് അഭയം നൽകിയ രാജ്യങ്ങളിലൊന്ന് ജർമ്മനിയാണെന്നാണ് ലഭ്യമാകുന്ന കണക്കുകൾ. ഫെബ്രുവരിയിലെ കണക്കുകൾ അനുസരിച്ച് രണ്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തോളം പേർക്കാണ് ജർമ്മനി അഭയം നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!