കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന വെടിവയ്പ് സംഭവങ്ങൾ കുത്തനെയാണ് വർധിക്കുന്നത്. ജോർജിയയിൽ തന്നെ ഈ വർഷം നടന്ന 10ാമത്തെ വെടിവയ്പാണ് കഴിഞ്ഞ ദിവസം നടന്നത്
ജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ 4 പേരെ കൊലപ്പെടുത്തിയ പതിനാലുകാരനെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛനും പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്. 2024ൽ 9 മാസത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന 218ാം വെടിവയ്പാണ് സെപ്തബംർ നാലിനുണ്ടായത്. മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്നെയാവും 14കാരന്റെ വിചാരണ നടക്കുകയെന്നാണ് പുറത്ത് വരുന്ന വിവരം.
ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ജോർജിയയിൽ തന്നെ ഈ വർഷം നടന്ന 10ാമത്തെ വെടിവയ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന വെടിവയ്പ് സംഭവങ്ങൾ കുത്തനെയാണ് വർധിക്കുന്നത്. 2014ൽ 47, 2015ൽ 41, 2016ൽ 50, 2017ൽ 60, 2018ൽ 119, 2019ൽ 124, 2020ൽ 116, 2021ൽ 256, 2021ൽ 308, 2023ൽ 349 എന്നിങ്ങനെയാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലെ സ്കൂളുകളിൽ നടന്ന വെടിവയ്പ് സംഭവങ്ങൾ. ഈ വർഷം സ്കൂളുകളിൽ നടന്ന വെടിവയ്പിൽ ഏറ്റവുമധികം കൊല്ലപ്പെട്ടതും സെപ്തംബർ 4നായിരുന്നു. 2022ൽ ഉവാൽഡേയിൽ നടന്ന വെടിവയ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. ഈ രണ്ട് വെടിവയ്പുകളും ക്ലാസുകൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു നടന്നത്.
undefined
മറ്റുള്ളവ ക്ലാസ് പൂർത്തിയായ ശേഷം നടന്നവയായിരുന്നു. സ്കൂൾ കെട്ടിടത്തിനുള്ളിൽ നടക്കുന്ന വെടിവയ്പുകൾ കൂടുതൽ അപകടകരമാണെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. എആർ- 15 തോക്ക് ഉപയോഗിച്ചാണ് പതിനാലുകാരൻ വെടിവെച്ചതെന്ന് പൊലീസ് വിശദമാക്കുന്നത്. ക്രിസ്മസ് സമ്മാനമായി അച്ഛൻ വാങ്ങി നൽകിയ റൈഫിൾ ഉപയോഗിച്ചായിരുന്നു അക്രമമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെടിവയ്പ്പിനെ കുറിച്ച് വീഡിയോ ഗെയിമർമാരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കോൾട്ട് ഗ്രേ നേരത്തെ സൂചന നൽകിയിരുന്നു എന്നാണ് വിവരം.
ആ സമയത്ത് തോക്ക് കണ്ടുകെട്ടാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വേട്ടയാടാൻ കുട്ടി തോക്ക് ഉപയോഗിക്കുമ്പോൾ കുടുംബത്തിന്‍റെ മേൽനോട്ടമുണ്ടാകുമെന്ന് കുട്ടിയുടെ അച്ഛൻ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. അച്ഛനൊപ്പം തോക്കുമായി കുട്ടി വേട്ടയ്ക്ക് പോവാറുണ്ടായിരുന്നുവെന്ന് പൊലീസ് പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം