153 യാത്രക്കാരുമായി ആകാശത്ത്; എല്ലാം മറന്ന് രണ്ട് പൈലറ്റുമാരുടെയും ഉറക്കം, ഞെട്ടിയുണർന്നത് 30 മിനിറ്റ് കഴിഞ്ഞ്

By Web Team  |  First Published Mar 11, 2024, 7:54 AM IST

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയുടെ (കെഎൻകെടി) പ്രാഥമിക റിപ്പോർട്ട് പ്രകാരം ജനുവരി 25ന് സൗത്ത് ഈസ്റ്റ് സുലവേസിയിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജക്കാർത്തയിലേക്കുള്ള യാത്രയിലായിരുന്നു ബാത്തിക് എയർ വിമാനം.


ജക്കാര്‍ത്ത: വിമാനം പറത്തുന്നതിനിടെ രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയി. ഇന്തോനേഷ്യൻ വിമാന കമ്പനിയായ
ബാത്തിക് എയറിന്‍റെ രണ്ട് പൈലറ്റുമാരും വിമാനം പറത്തുന്നതിനിടെ 30 മിനിറ്റ് ഉറങ്ങിപ്പോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കിടെയാണ് സംഭവം. സഹപൈലറ്റിന് ചുമതല കൈമാറി പൈലറ്റ് ആദ്യം ഉറങ്ങി. ഈ സമയം തന്നെ സഹപൈലറ്റും ഉറങ്ങിപ്പോകുകയായിരുന്നു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി കമ്മിറ്റിയുടെ (കെഎൻകെടി) പ്രാഥമിക റിപ്പോർട്ട് പ്രകാരം ജനുവരി 25ന് സൗത്ത് ഈസ്റ്റ് സുലവേസിയിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാന നഗരിയായ ജക്കാർത്തയിലേക്കുള്ള യാത്രയിലായിരുന്നു ബാത്തിക് എയർ വിമാനം. നിരവധി നാവിഗേഷൻ പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് മണിക്കൂറും മുപ്പത്തിയഞ്ച് മിനിറ്റും നീണ്ട യാത്രയില്‍ എയർബസ് എ 320-ലെ 153 യാത്രക്കാർക്കോ നാല് ഫ്ലൈറ്റ് അറ്റൻഡന്‍റുകള്‍ക്കോ ​​പരിക്കുകളൊന്നും സംഭവിച്ചില്ല.

Latest Videos

സംഭവത്തിൽ ബാത്തിക് എയറിനെ ശക്തമായി ശാസിച്ചിട്ടുണ്ടെന്നും വിമാനക്കമ്പനികളോട് അവരുടെ എയര്‍ ക്രൂവിന്‍റെ വിശ്രമ സമയത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രാലയത്തിന്‍റെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എം ക്രിസ്റ്റി എൻദാ മുർണി പറഞ്ഞു. വിഷയത്തില്‍ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരിയായ വിശ്രമം ലഭിക്കാത്തതിനാല്‍ ടേക്ക് ഓഫ് കഴിഞ്ഞ 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ ഇടവേള എടുക്കാൻ ക്യാപ്റ്റൻ തന്‍റെ രണ്ടാമത്തെ കമാൻഡിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കോ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞ് അവിചാരിതമായി ഉറങ്ങിപ്പോവുകയായിരുന്നു. രണ്ടാമത്തെ കമാൻഡിന് ഒരു മാസം പ്രായമുള്ള ഇരട്ട കുഞ്ഞുങ്ങളുണ്ടായിരുന്നു. വീട്ടിൽ ഭാര്യയെ സഹായിക്കുന്നതിനാല്‍ അതിന്‍റെ ക്ഷീണത്തില്‍ കോ പൈലറ്റ് ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോ-പൈലറ്റിന്‍റെ അവസാനത്തെ ട്രാൻസ്മിഷൻ ലഭിച്ച് കഴിഞ്ഞ് പന്ത്രണ്ട് മിനിറ്റിനുള്ളിൽ വിമാനവുമായി ബന്ധപ്പെടാൻ ജക്കാർത്ത ഏരിയ കൺട്രോൾ സെന്‍റര്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

പൈലറ്റുമാര്‍ രണ്ട് പേരുടെയും പ്രതികരണം ലഭിക്കാതെ വരികയായിരുന്നു. അവസാന ട്രാൻസ്മിഷൻ കഴിഞ്ഞ് ഏകദേശം 28 മിനിറ്റിനുശേഷം പൈലറ്റ്-ഇൻ-കമാൻഡ് ഉണർന്നു. വിമാനം ശരിയായ പറക്കുന്ന റൂട്ടിൽ അല്ലെന്ന് മനസ്സിലാക്കി. തുടർന്ന് അദ്ദേഹം രണ്ടാമത്തെ കമാൻഡിനെ ഉണർത്തുകയും എസിസിയോട് പ്രതികരിക്കുകയും ചെയ്തു. റേഡിയോ കമ്മ്യൂണിക്കേഷൻ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിലും അത് പരിഹരിച്ചുവെന്നാണ് പൈലറ്റ്-ഇൻ-കമാൻഡ് എസിസിയെ അറിയിച്ചത്.

ഇതിലും ഗതിക്കെട്ടവൻ ആരെങ്കിലും..! ബുക്ക് ചെയ്തത് വിൻഡോ സീറ്റ്, ഇന്ത്യൻ റെയിൽവേ നൽകിയത്, സോഷ്യൽ മീഡിയയിൽ ചിരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!