ജൂഡോ പരിശീലനത്തിനിടെ 27 തവണ നിലത്തെറിഞ്ഞ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരിച്ചു

By Web Team  |  First Published Jul 1, 2021, 9:21 AM IST

ഏപ്രില്‍ മാസത്തിലെ പരിശീലനത്തിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റത്. കഷ്ടിച്ച് പ്രാഥമിക പരിശീലനം നേടിയ കുട്ടിയെ സഹപാഠികളും പരിശീലകനും തുടര്‍ച്ചയായി നിലത്തെറിയുകയായിരുന്നു. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ് കോമയിലായ കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് 70 ദിവസം തള്ളിനീക്കിയത്.


ജൂഡോ പരിശീലനത്തിനിടെ പരിശീലകനും സഹപാഠികളും 27 തവണ നിലത്തെറിഞ്ഞ ഏഴ് വയസുകാരന്‍ മരിച്ചു. പരിക്കേറ്റ് 70 ദിവസം അബോധാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് തായ്വാന്‍ സ്വദേശിയായ ഏഴുവയസുകാരന്‍ മരിച്ചത്. ഏപ്രില്‍ മാസത്തിലെ പരിശീലനത്തിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റത്. കഷ്ടിച്ച് പ്രാഥമിക പരിശീലനം നേടിയ കുട്ടിയെ സഹപാഠികളും പരിശീലകനും തുടര്‍ച്ചയായി നിലത്തെറിയുകയായിരുന്നു. തലയ്ക്കും ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റ് കോമയിലായ കുട്ടി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ഇത്ര ദിവസം തള്ളി നീക്കിയത്.

സംഭവത്തില്‍ അറുപത് വയസ് പ്രായമുള്ള പരിശീലകനെതിരെ കേസ് എടുത്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനും ശാരീരിക അക്രമത്തിനും പൊലീസ് കസ്റ്റഡിയിലെടുത്ത പരിശീലകന്‍ വന്‍തുക കെട്ടിവച്ച ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കുട്ടി മരണപ്പെട്ടതോടെ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നാണ് സൂചന. അമ്മയുടെ സഹോദരനൊപ്പമായിരുന്നു കുട്ടി ജൂഡോ പരിശീലനത്തിന് എത്തിയിരുന്നത്. ചെറിയ പ്രായത്തിലെ ജൂഡോ പരിശീലനം കുട്ടിക്ക് അപകടകരമാണെന്ന് വാദിച്ച അമ്മയുടെ സഹോദരന്‍ പരിശീലന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു.

Latest Videos

പരിശീലനത്തിനിടെ കുട്ടിയെ സഹപാഠികളും പരിശീലകനും നിലത്തെറിയുന്നതും ഇത്തരത്തില്‍ ചിത്രീകരിച്ചിരുന്നു. കുട്ടി ബുദ്ധിമുട്ടുന്നത് കണ്ട ബന്ധുവാണ് പരിശീലനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്. മയങ്ങി വീണ കുട്ടി വൈകാതെ കോമാവസ്ഥയിലാവുകയായിരുന്നു. എന്നാല്‍ അബോധാവസ്ഥ അഭിനയിക്കുകയാണ് എന്നായിരുന്നു പരിശീലകന്‍ പറഞ്ഞത്. ഇതോടെ ബന്ധു കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  പൊലീസിന്‍റെ അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയായിരുന്നു പരിശീലകന്‍ കുട്ടികള്‍ക്ക് ജൂഡോ പരിശീലിപ്പിച്ചിരുന്നതെന്നും കണ്ടെത്തി.  

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!