വൈറ്റ്ഹൗസിന് മുന്നിൽ 50000 പേരെ സാക്ഷിയാക്കി ട്രംപിനെതിരെ കമല ഹാരിസ്; വിധി നിർണയിക്കുക ഏഴ് സംസ്ഥാനങ്ങൾ

By Web TeamFirst Published Oct 30, 2024, 10:27 AM IST
Highlights

നാല് വർഷം മുൻപ് ഇതേ സ്ഥലത്ത്, വാഷിങ്ടണ്‍ ഡിസിയിൽ രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്ത ജനാധിപത്യത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ട്രംപെന്ന് കമല ഹാരിസ്. 

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ചൂടേറി പ്രചാരണം. വൈറ്റ്ഹൗസിന് മുന്നിൽ 50,000 പേരെ സാക്ഷിയാക്കി കമല ഹാരിസിന്‍റെ പ്രസംഗം. ഡോണൾഡ് ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. അതേസമയം അവസാന അഭിപ്രായ സർവേകളിലും ഇരുനേതാക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്.

ട്രംപിനെ രൂക്ഷമായി വിമർശിച്ചാണ് കമല ഹാരിസ് പ്രസംഗിച്ചത്. നാല് വർഷം മുൻപ് ഇതേ സ്ഥലത്ത്, വാഷിങ്ടണ്‍ ഡിസിയിൽ രാഷ്ട്രീയ കലാപത്തിന് ആഹ്വാനം ചെയ്ത ജനാധിപത്യത്തെ അട്ടിമറിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ട്രംപെന്ന് കമല ഹാരിസ് പറഞ്ഞു. കുടിയേറ്റം പോലുള്ള വിഷയങ്ങളിൽ ട്രംപ് വിദ്വേഷം പടർത്തുന്നു. അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിത്. അമേരിക്കയുടെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ധീരമായ നേതൃത്വം നൽകാൻ താൻ തയ്യാറാണെന്നും സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് മുന്നിലുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രസംഗം. ഗർഭച്ഛിദ്രം പോലുള്ള വ്യക്തിസ്വാതന്ത്ര്യങ്ങൾ താൻ സംരക്ഷിക്കുമെന്ന് കമല ഹാരിസ് ഉറപ്പ് നൽകി. 

Latest Videos

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്നത് ഏഴ് സംസ്ഥാനങ്ങളിലാണ്. അന്തിമ പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന ഈ സംസ്ഥാനങ്ങളിൽ ട്രംപിനും കമല ഹാരിസിനും ഇതുവരെ വ്യക്തമായ മുൻ‌തൂക്കം നേടാനായിട്ടില്ല. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 43ഉം ഏതെങ്കിലും സ്ഥാനാർത്ഥിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്. ഉദാഹരണത്തിന് കാലിഫോർണിയ ഡെമോക്രാറ്റുകൾക്കും ടെക്സസ് റിപ്പബ്ലിക്കൻസിനും ആധിപത്യം നൽകുന്നു. അതേസമയം ആരിസോണ, ജോർജിയ, പെൻസിൽവാനിയ, മിഷിഗണ്‍, നെവാഡ, നോർത്ത് കരോലിന, വിസ്കോൺസിൻ തുടങ്ങിയവയിൽ ആരും വിജയിക്കുമെന്ന സാഹചര്യമാണ്. ഉദാഹരണത്തിന് 2016ൽ ട്രംപ് പെൻസിൽവാനിയയിൽ വിജയിച്ചു. 2020ൽ ബൈഡൻ തിരിച്ചുപിടിച്ചു.

നിലവിലെ അഭിപ്രായ സർവ്വെ പ്രകാരം പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ, മിഷിഗണ്‍ എന്നീ നാല് സംസ്ഥാനങ്ങളിൽ കമല ഹാരിസിനാണ് ലീഡ്. പക്ഷേ ഒരു ശതമാനത്തിൽ താഴെയാണ് ലീഡ്. ട്രംപിനാകട്ടെ മൂന്ന് സംസ്ഥാനങ്ങളിലാണ് ലീഡുള്ളത്.  ദേശീയാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന സ്ഥാനാർത്ഥി വിജയിക്കണമെന്നില്ല. ജനസംഖ്യയുടെ അനുപാതത്തിൽ പ്രാതിനിധ്യം നൽകുന്ന ഇലക്ടറൽ വോട്ടുകളാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. 538 ഇലക്ടറൽ വോട്ടുകളുണ്ട്. ഇതിൽ 270 നേടിയാൽ വൈറ്റ് ഹൌസിലെത്താം. 

പോരാട്ടച്ചൂടിൽ അമേരിക്ക; തിരക്കിട്ട പ്രചാരണത്തിൽ കമല ഹാരിസും ട്രംപും

click me!